Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മണി ജീവിച്ചിരുന്നെങ്കിൽ ഇന്ന് 48 വയസ്സ്; അനുസ്മരിച്ച് വിനയൻ

vinayan-mani

മൺമറഞ്ഞുപോയ പ്രിയപ്പെട്ട താരം കലാഭവന്‍ മണിയുടെ ജന്മദിനമാണിന്ന്. മണി ജീവിച്ചിരുന്നെങ്കിൽ ഇന്ന് 48 വയസ്സ് തികയുമായിരുന്നെന്ന് വിനയൻ പറയുന്നു. അകാലത്തില്‍ പൊലിഞ്ഞ്‌പോയ മണിയുടെ ജന്മദിനവും ചരമദിനവും സിനിമാക്കാരും മിമിക്രി കലാകാരന്മാരും നാടന്‍പാട്ടിനെ സ്‌നേഹിക്കുന്നവരുമെല്ലാം സ്മരിക്കണമെന്നാണ് തന്റെ അഭിപ്രായമെന്നും അദ്ദേഹം പറഞ്ഞു.

വിനയന്റെ കുറിപ്പ് വായിക്കാം–

കലാഭവൻ മണിയുടെ നാൽപ്പത്തി എട്ടാമതു ജന്മദിനമാണിന്ന്. മണിയുടെ ജന്മദിനവും അകാലത്തിൽ പൊലിഞ്ഞു പോയ ആ കലാകാരന്റെ ചരമദിനവും സിനിമാക്കാരും,മിമിക്രി കലാകാരന്മാരും, നാടൻ പാട്ടിനേ സ്നേഹിക്കുന്നവരും ഒക്കെ സ്മരിക്കുകയും ആചരിക്കുകയും ചെയ്യണമെന്നാണ് എന്റെ അഭിപ്രായം. 

കാരണം മറ്റൊരു കലാകാരനും ഇല്ലാത്ത ചില പ്രത്യേകതകൾ ഉണ്ടായിരുന്നു മണിക്ക്. അതുല്യ പ്രതിഭയായിരുന്നു എന്നതിനപ്പുറം അത്രമാത്രം കഷ്ടപ്പാടിനെയും ദാരിദ്രത്തെയും മറികടന്നാണ് മണി ആ പ്രതിഭ നേടിയെടുത്തത് എന്നതാണ് ശ്രദ്ധേയം. മാത്രമല്ല ആ കഷ്ടപ്പാടു തുറന്നു പറയുവാനും ദാരിദ്രൃം അനുഭവിക്കുന്നവരേ ഇരുചെവി അറിയാതെ അകമഴിഞ്ഞ് സഹായിക്കാനും കാണിച്ച മനസ്സും മണിയുടെ മാത്രം പ്രത്യേകതയായിരുന്നു.ഒടുവിൽ അകാലത്തിൽ മണിക്കു ജീവിതം കൈവിട്ടു പോയി എങ്കിലും കലാഭവൻ മണിയുടെ വളർച്ചയും, അനുഭവങ്ങളും, ജീവിതവും അപ്രതീക്ഷിത വിടപറയലും ഒക്കെ അത്യന്തം ജിജ്ഞാസാ പരമായ ഏടുകളാണ്.

ജീവിച്ചിരുന്നപ്പോൾ ഒരു നിലയിലും വേണ്ടത്ര അംഗീകാരം കിട്ടാതെ അവഗണിക്കപ്പെട്ട മണിക്ക് മരണശേഷം എന്നുംനിലനിൽക്കുന്ന ഒരോർമ്മയായി,ഒരു കൊച്ചു സ്മാരകമായി മാറും അദ്ദേഹത്തിന്റെ ജീവിതത്തിൽ നിന്നു പ്രചോദനം ഉൾക്കൊണ്ട് രൂപം കൊള്ളുന്ന "ചാലക്കുടിക്കാരൻ ചങ്ങാതി" എന്ന ചലച്ചിത്രമെന്നു ഞാൻ കരുതുന്നു..