Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സുഖമായി ഉറങ്ങുകയല്ല: വേദനയോടെ അരുൺഗോപി

arun-parvathy

പാർവതിയുടെ സിനിമ മൈ സ്റ്റോറിയ്ക്കെതിരെയും അതിലെ പാട്ടുകൾക്കെതിരെയും സൈബർ ആക്രമണം തുടരുമ്പോള്‍ പലരും രാമലീല അന്ന് നേടിയെടുത്ത പിന്തുണകളും ഒപ്പം ആക്രമണങ്ങളും ഓര്‍മയിലെത്തിക്കുന്നുണ്ട്. രാമലീല ഇറങ്ങിയപ്പോൾ അത് ഒരുപാട് പേരുടെ അധ്വാനത്തിന്റെ സിനിമയും മൈസ്റ്റോറി പാർവതിയുടെ മാത്രം സിനിമയുമാകുന്നത് എങ്ങനെയാണ് എന്ന രീതിയിൽ സംവാദങ്ങളും ഉയർന്നു. സ്വന്തം സിനിമ വിജയിച്ചു കഴിഞ്ഞപ്പോൾ രാമലീലയുടെ സംവിധായകൻ അരുൺ ഗോപി നിശബ്ദനായി, മറ്റൊരു സിനിമയ്ക്കായി പ്രതികരിക്കാൻ തയാറായില്ല എന്ന ആരോപണവും അന്തരീക്ഷത്തില്‍ സജീവമായി. ഒടുവില്‍ അരുൺഗോപി ഈ വിവാദങ്ങളേയും ആക്ഷേപങ്ങളെയും പറ്റി മനോരമ ന്യൂസ് ഡോട്ട് കോമിനോട്  പ്രതികരിക്കുകയാണ്.  

'പാർവതിയുടെ സിനിമയ്ക്കുനേരെ സൈബർ ആക്രമണവും ഡിസ്‌ലൈക്കുകളും പെരുകിയപ്പോൾ ഒരുകൂട്ടം ആളുകൾ എനിക്കെതിരെ രംഗത്ത് വന്നിരിക്കുകയാണ്. അവനവന്റെ സിനിമ വിജയിച്ചുകഴിഞ്ഞപ്പോൾ അരുൺഗോപി പ്രതികരിക്കുന്നില്ല, ഞാൻ സുഖസുഷുപ്തിയിലാണ് എന്നാണ് വിമർശനങ്ങൾ. പാർവതിയുടെ സിനിമയ്ക്കെതിരെയുള്ള ആക്രമണം തുടങ്ങിയ സമയത്തുതന്നെ പ്രതികരണം ഫെയ്സ്ബുക്ക് കുറിപ്പിലൂടെ അറിയിച്ച വ്യക്തിയാണ് ഞാൻ. 

"സിനിമ ഒരാളുടേതല്ല!!! അതിനായി വിയർപ്പു ഒഴുക്കുന്ന ഓരോരുത്തരുടേയുമാണ്, അതിനായി സ്വപ്നം കാണുന്ന എല്ലാരുടേയുമാണ്....!! ആണധികാരത്തിൽ തളം കെട്ടികിടക്കാതെ, പെണ്ണധികാരത്തിന്റെ വമ്പുകൾ കേൾക്കാതെ... സിനിമയ്ക്കായി ഒന്നിക്കാം. സിനിമയോടൊപ്പം"- എന്ന് ഞാൻ കുറിച്ചത് കാണാതെയാണ് ഇപ്പോൾ എനിക്ക് നേരെ ഒളിയമ്പുകൾ വരുന്നത്- അരുണ്‍ ഗോപി പറയുന്നു. 

ഒരു സിനിമയ്ക്കെതിരെ പ്രതിഷേധം പുകയുമ്പോൾ അത് റിലീസ് ചെയ്യാനാകാതെ വിഷമിക്കുന്ന ഒരു സംവിധായകന്റെയോ സംവിധായികയോ മാനസികാവസ്ഥ എനിക്ക് നന്നായി മനസിലാകും. കാരണം അത്തരം പ്രതികൂല സാഹചര്യങ്ങളിലൂടെയാണ് ഞാനും കടന്നുവന്നത്. രാമലീല പ്രതിസന്ധിയിലായ സമയത്ത് സ്വസ്ഥമായി ഉറങ്ങിയിട്ടുപോലുമില്ല. തീയറ്ററുകൾ ബഹിഷ്കരിക്കും, കത്തിക്കും തുടങ്ങിയ ഭീഷണികൾ വന്ന സമയത്ത് വർഷങ്ങളായി മനസിൽ താലോലിച്ച സ്വന്തം സിനിമയെന്ന സ്വപ്നം പുറത്തിറക്കാൻ സാധിക്കുമോയെന്ന ആശങ്കയിൽ ഉരുകിയാണ് കഴിഞ്ഞത്. ഞാൻ അനുഭവിച്ച പ്രായസങ്ങൾ ആർക്കും മനസിലാകില്ല. അന്നുതന്നെ പലയിടത്തും വ്യക്തമാക്കിയതാണ്. ഒരു അഭിനേതാവിനോടുള്ള വൈരാഗ്യം സിനിമയോടല്ല തീർക്കേണ്ടത്. സിനിമ ഒരുപാട് പേരുടെ സ്വപ്നവും ജീവിതവും പ്രതീക്ഷയും കണ്ണീരുമാണ്. 

ഞാൻ പിന്തുണപറ്റിയ ശേഷം മിണ്ടാതിരിക്കുന്നു എന്നു പറയുന്നത് വേദനിപ്പിക്കുന്നതാണ്. എനിക്ക് ഒരുപാട് സ്ഥലത്തുനിന്നും പിന്തുണലഭിച്ചു എന്നുള്ളത് ശരിയാണ്. പക്ഷെ പിന്തുണകൊണ്ടുമാത്രമല്ല രാമലീല വിജയിച്ചത്. ജനങ്ങൾക്ക് ഇഷ്ടപ്പെടുന്ന ചേരുവകളുള്ള സിനിമയായതുകൊണ്ടാണ്. സഹതാപത്തിന്റെ പുറത്ത് ആദ്യത്തെ രണ്ടുദിവസം സിനിമ ഓടുമായിരിക്കും. കൊള്ളില്ലയെങ്കിൽ മൂന്നാം ദിവസം തീയറ്ററിൽ ആരും കയറില്ല. നല്ല സിനിമയാണെങ്കിൽ അഭിനേതാവിനെ നോക്കാതെ തന്നെ ജനം കാണാൻ കയറും. മറ്റുള്ളവരുടെ സിനിമകൾ കാണുകയും ഇഷ്ടമായെങ്കിൽ അത് അവരോട് തുറന്നുപറയുകയും ചെയ്യുന്ന ആളാണ് ഞാൻ. 

ലിംഗവിവേചനമില്ലാതെ സിനിമയ്ക്കുവേണ്ടിയാണ് എല്ലാവരും ഒന്നിക്കേണ്ടത്. മലയാള സിനിമാവ്യവസായത്തിന്റെ ആവശ്യകത കൂടിയാണ് അത്. താരങ്ങളല്ല താരം, സിനിമയാണ് താരം. താരങ്ങൾക്കാണ് സിനിമയെ ആവശ്യം. അല്ലാതെ സിനിമയ്ക്കല്ല. സിനിമ അനുസ്യൂതം ഒഴുകുന്ന മായാനദിയാണ്. ആരുണ്ടെങ്കിലും ഇല്ലെങ്കിലും സിനിമ ഒഴുകും. ഞാൻ ഇഷ്ടപ്പെടുന്നത് സിനിമയേയാണ്, നല്ല സിനിമയെ സ്നേഹിക്കുന്നവർ എന്നും നിൽക്കേണ്ടത് സിനിമയ്ക്കൊപ്പമാണ്. ആരുടേതാണെങ്കിലും എന്നും എപ്പോഴും എന്റെ മനസ് സിനിമയ്ക്കൊപ്പം തന്നെയാണ്. സൈബർ ആക്രമണം വേദനിപ്പിക്കുന്നത് ഒരു സിനിമയ്ക്കായി പ്രവർത്തിച്ച, സിനിമ സ്വപ്നം കാണുന്ന ഒരുപാട് മനസുകളെയാണ്. ആ പ്രവണത ശരിയല്ല. പറയത്തക്ക പ്രശ്നങ്ങളൊന്നുമില്ലാതെ സ്വസ്ഥമായി പൊയ്ക്കോണ്ടിരുന്ന ഒന്നായിരുന്നു മലയാളസിനിമ ഇൻഡസ്ട്രി. ഇപ്പോൾ നടക്കുന്ന പ്രതിസന്ധികൾ എല്ലാം അകന്ന് എല്ലാവരും സിനിമയ്ക്കുവേണ്ടി ഒരുമിച്ച പ്രവർത്തിക്കുന്ന വേദിയായി മലയാളസിനിമാവ്യവസായം മാറുന്ന കാലത്തിനായി കാത്തിരിക്കുന്നു- അരുണ്‍ ഗോപി പറഞ്ഞുനിര്‍ത്തുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.