Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇതുവരെ എല്ലാം ശരിയാ; പ്രിയന്റെ കിട്ടുണ്ണിയും നിശ്ചലും

priyan-jagathy

മലയാളികൾ ഏറ്റവും കൂടുതൽ പേർ കണ്ട സിനിമാകോമഡി സീൻ ഏത്? വോട്ടിനിട്ടാൽ ആദ്യ പത്തിൽ കിലുക്കത്തിലെ ഇന്നസന്റിന്റെ ലോട്ടറി സീൻ ഉറപ്പ്. ജഗതിയുടെ നിശ്ചൽ പൊട്ടിച്ചിരിപ്പിച്ച് തൊട്ടുപിന്നിലുണ്ടാകും. കിട്ടുണ്ണിയെയും നിശ്ചലിനെയും കണ്ടെത്തിയതിനു പിന്നിൽ കിലുക്കത്തിന്റെ സംവിധായകൻ പ്രിയദർശനും ഒരു കഥ പറയാനുണ്ട്. കേരളത്തിന്റെ സമ്പദ് വ്യവസ്ഥയെക്കുറിച്ച് ധനമന്ത്രിയും പ്രതിപക്ഷനേതാവും നടത്തിയ വാക്പോരിൽ കിട്ടുണ്ണിയും നിശ്ചലും കടന്നുവരുമ്പോൾ അവരെക്കണ്ടെത്തിയ കഥ ഓർത്തെടുക്കുകയാണ് പ്രിയൻ.

പ്രിയദർശൻ : കിലുക്കത്തിലെ ഇന്നസന്റിന്റെ കിട്ടുണ്ണി ഗതികേടുകൊണ്ട് ഇഷ്ടമില്ലാത്ത ജോലി ചെയ്യുന്നവരുടെ പ്രതിനിധിയാണ്. ഒരു സുപ്രഭാതത്തിൽ ഈ ചങ്ങല പൊട്ടിച്ചെറിയണമെന്ന് അവരെല്ലാം ആഗ്രഹിക്കുന്നു. ആ പൊട്ടിത്തെറിയാണ് കിട്ടുണ്ണിച്ചേട്ടന് ലോട്ടറിയടിച്ചപ്പോൾ മുതലാളിക്കെതിരെ പതഞ്ഞുപൊങ്ങിയത്. സത്യത്തിൽ കിട്ടുണ്ണി എനിക്കറിയാവുന്ന ഒരാളാണ്. കോഴിക്കോട്ടെ ഒരു മുതലാളിയുടെ ഡ്രൈവർ. മുതലാളിക്കൊരു പ്രത്യേകതയുണ്ട്. പിൻസീറ്റിൽക്കയറിയിരുന്നാൽ പോകേണ്ട സ്ഥലം പറയില്ല. ഇടത്തോട്ട്, വലത്തോട്ട് എന്നൊക്കെ മുതലാളി പറയുന്നതുപോലെ ഓടിക്കണം. നഗരം ചിരപരിചിതമായ ഡ്രൈവർക്ക് ഇതൊരു അസ്വസ്ഥതയാണ്. ആദ്യം സ്ഥലം പറഞ്ഞാൽ ഞാൻ കൃത്യമായി എത്തിക്കില്ലേ, ഇയാളിതെന്താണ് കാണിക്കുന്നതെന്നാണ് ഡ്രൈവറുടെ മനസ്സിലിരുപ്പ്. 

ഒരു ദിവസം മുതലാളി കാറിൽ മറ്റെന്തോ ശ്രദ്ധിച്ചിരിക്കെ വഴിപറഞ്ഞപ്പോൾ തെറ്റി. വണ്ടി ഫറോക്ക് പാലത്തിൽ എത്തിയപ്പോൾ മുതലാളിക്ക് സ്ഥലകാലബോധം വന്നു. എടാ കഴുതേ നീയിതെങ്ങോട്ടു പോവുകയാണെന്നായി മുതലാളിയുടെ ആക്രോശം. ഡ്രൈവറുടെ ആത്മാഭിമാനം ഉണർന്നു. അന്നുവരെക്കേട്ട ചീത്തയ്ക്ക് പ്രതികാരം ചെയ്യേണ്ട സമയം സമാഗതമായി. ഡ്രൈവർ നേരെ വണ്ടി ഓഫാക്കി കീ ഊരിയെടുത്ത് അടുത്തു കണ്ട ഓട്ടോറിക്ഷ വിളിച്ച് സ്ഥലം വിട്ടു. ഡ്രൈവിങ് അറിയാത്ത മുതലാളി വണ്ടിയിൽ ഇരുന്നു വിയർത്തു. ശേഷം ചിന്ത്യം. ഈ ഡ്രൈവറാണ് കിട്ടുണ്ണി.

ആ സീൻ ഷൂട്ട് ചെയ്യുമ്പോൾ ഞെട്ടി വീണിട്ട് വീണ്ടും ഇന്നസന്റ് ഒന്നുകൂടി എഴുന്നേൽക്കാൻ ശ്രമിച്ച് വീഴുന്നൊരു സീനുണ്ട്.‍ എന്റെ നിർദേശമായിരുന്നു അത്. അപ്പോൾ കൂടുതൽ കൃത്രിമത്വം തോന്നുമെന്നായിരുന്നു ഇന്നസന്റിന്റെ വാദം. രണ്ടാമത് ചിരിക്കുന്നത് ചേട്ടന്റെ ആത്മാവാണ് എന്നു ഞാൻ പറഞ്ഞു. ആ സീൻ അങ്ങനെ സൂപ്പർ ഹിറ്റായി.

നിശ്ചല ഛായാഗ്രഹകൻ എന്ന പേരിൽ നിന്നാണ് നിശ്ചൽ എന്ന പേര് കിലുക്കത്തിൽ ജഗതിയുടെ കഥാപാത്രത്തിനിടുന്നത്. ഊട്ടിയിൽ പോകുമ്പോൾ അക്കാലത്ത് ഫൊട്ടോഗ്രഫർമാർ ചുറ്റും കൂടും. അന്ന് ഡിജിറ്റിൽ ക്യാമറയൊന്നുമില്ല. രാവിലെ എടുത്ത ഫോട്ടോ കിട്ടാൻ വൈകിട്ട് അതേ പോയിന്റിൽ വരണം. നമ്മൾ ഒരാളെക്കൊണ്ട് ചിത്രമെടുപ്പിച്ചാൽ ബാക്കിയുള്ളവർ വന്ന് അവന്റെ കുറ്റം പറയും. വൈകിട്ട് അവൻ മുങ്ങുമെന്നും കോപ്പി കിട്ടില്ലെന്നും പറയും. അതിൽ നിന്നാണ് നിശ്ചലിനെ കണ്ടെത്തിയത്. ജീവിതത്തിൽ ഒരേ ഒരു തൊഴിൽ മാത്രമറിയാവുന്നവരുടെ പ്രതിനിധിയാണ് നിശ്ചൽ. മറ്റൊരു തൊഴിൽ വച്ച് ജീവിക്കാൻ അറിയാത്തയാൾ. സ്വന്തം ജോലിയിൽപ്പോലും പുതിയൊരു മാറ്റം വന്നാൽ ഉൾക്കൊള്ളാനാകാത്തയാൾ. ഇതുപോലുള്ളവരും നമുക്കു ചുറ്റുമുണ്ട്.