Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നദിയാ മൊയ്തുവിനൊപ്പം മോഹൻലാൽ

First look of Mohanlal starrer Neerali is out

പുതുമുഖമായ അജോയ് വര്‍മ്മ സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രം നീരാളിയെക്കുറിച്ച് ആരാധകർക്ക് വലിയ പ്രതീക്ഷകളാണുള്ളത്. ഒട്ടനവധി പ്രത്യേകതകളുമായെത്തുന്ന ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുകയാണ്. 

സിനിമയിൽ രണ്ട് പ്രധാന സ്ത്രീകഥാപാത്രങ്ങളാണുള്ളത്. നദിയാ മൊയ്തുവും പാർവതി നായരുമാണ് ഈ വേഷങ്ങളിലെത്തുക. പ്രമുഖ തെലുങ്ക് നടൻ കിച്ച സുദീപ് ആണ് വില്ലനായി എത്തുക. നാസർ, സുരാജ് വെഞ്ഞാറമൂട്, ദിലീഷ് പോത്തൻ എന്നിവരാണ് മറ്റുതാരങ്ങൾ. 

നവാഗതനായ സാജു തോമസ് തിരക്കഥയെഴുതുന്ന ചിത്രത്തിന്റെ ആദ്യ ഷെഡ്യൂളിനായി 15 ദിവസത്തെ ഡേറ്റാണ് മോഹന്‍ലാല്‍ നല്‍കിയിരിക്കുന്നത്. മുംബൈയില്‍ നീരാളിയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. ദസ്തോല, എസ് ആർ കെ എന്നീ ഹിന്ദി ചിത്രങ്ങളുടെ സംവിധായകനായ അജോയ് വർമയുടെ ആദ്യ മലയാളചിത്രമാണിത്. മൈ വൈഫ്സ് മർഡർ ഉൾപ്പെടെയുള്ള ഹിന്ദി ചിത്രങ്ങളുടെ എഡിറ്ററായിരുന്ന അജോയ് തന്നെയായിരിക്കും ഇൗ ചിത്രത്തിന്റെയും എഡിറ്റർ. സംവിധായകനു പുറമേ പ്രധാന അണിയറ പ്രവർത്തകരും ബോളിവുഡിൽനിന്നുള്ളവരാണെന്നതാണ് ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത. 

റുസ്തം, റൗഡി റാത്തോർ, ക്രിഷ്, ജയ് ഹോ തുടങ്ങിയ വമ്പൻ ചിത്രങ്ങൾക്കു ക്യാമറ നിർവഹിച്ച സന്തോഷ് തുണ്ടിയിലാണ് ക്യാമറാമാൻ. മുംബൈ, പുണെ, സത്താറ, മംഗോളിയ, തായ്‌ലൻഡ് എന്നിവിടങ്ങളിലായാണ് ചിത്രീകരണം. മൂൺഷോട്ട് എന്റർടൈൻമെന്റിന്റെ ബാനറിൽ സന്തോഷ് ടി. കുരുവിള നിർമിക്കുന്ന രണ്ടാമത്തെ ചിത്രമാണിത്.