34 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മോഹന്‍ലാലും നാദിയമൊയ്തുവും ഒന്നിക്കുന്നു. അജോയ് വര്‍മ്മ സംവിധാനം ചെയ്യുന്ന നീരാളിയിലാണ് മലയാളത്തിന്റെ എക്കാലത്തെയും സൂപ്പര്‍ഹിറ്റ് ജോഡി വീണ്ടും ഒന്നിക്കുന്നത്.
നീരാളിയില്‍ മോഹന്‍ലാലിന്റെ ഭാര്യയുടെ വേഷമാണ് നാദിയയ്ക്ക്. മോഹന്‍ലാലിന്റെ ഒപ്പം വീണ്ടും അഭിനയിക്കാന്‍ കഴിയുന്നത് അപ്രതീക്ഷിതവും ഏറെ ആഗ്രഹിച്ചിരുന്നതുമാണെന്ന് നാദിയ പറയുന്നു.
‘മോഹൻലാലുമായി അടുത്ത ബന്ധം കാത്തുസൂക്ഷിച്ചിരുന്നില്ല. സുഹൃത്തുക്കൾ ഒത്തുച്ചേരുന്ന പരിപാടികളിൽ ഇടയ്ക്ക് കാണും. ഫോണിലും അങ്ങനെ വിളിക്കാറില്ല. പക്ഷേ എന്ന് കണ്ടാലും അടുത്ത സുഹൃത്തുക്കളെപ്പോലെയാണ്. അദ്ദേഹം എന്നും എനിക്ക് സ്പെഷൽ ആണ്. കാരണം എന്റെ ആദ്യത്തെ നായകനാണ് മോഹൻലാൽ.
ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച നടന്മാരിൽ ഒരാൾ. അദ്ദേഹത്തിനൊപ്പം അഭിയിക്കുക എനിക്ക് ലഭിക്കുന്ന അംഗീകാരമാണ്. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് നീരാളി സിനിമയ്ക്കായി ഒരു ഷോട്ട് എടുത്തു. ഞാൻ കണ്ണുകളടച്ച് റൂമിൽ കിടക്കുകയാണ്. എന്നെ കാണാനായി ലാലേട്ടൻ റൂമിലേയ്ക്ക് വരുന്ന രംഗമാണ് ചിത്രീകരിക്കുന്നത്.
എനിക്ക് സത്യത്തിൽ കണ്ണുതുറന്ന് നോക്കി അദ്ദേഹം എങ്ങനെയാണ് അഭിയിക്കുന്നതെന്ന് കാണാന്‍ ആഗ്രഹമുണ്ടായിരുന്നു. കാരണം ഒരുപാട് നാളുകൾക്ക് ശേഷം ഭാര്യയെ കാണാൻ വരുന്ന ഭർത്താവ് ആണ് ആ കഥാപാത്രം. അദ്ദേഹത്തിൽ നിന്നും ഒരുപാട് പഠിക്കാനുണ്ട്.
അഭിനയത്തേക്കാൾ സി.ജി.ഐ ഗ്രാഫിക്സ് വർക്കുകളാണ് സിനിമയിൽ അധികവും. അജോയ്‌യും സന്തോഷ് തുണ്ടിയിലും വളരെ കഴിവുള്ളവരാണ്.’–നദിയാ മൊയ്തു പറഞ്ഞു.
1984 ല്‍ നോക്കെത്താദൂരത്ത് കണ്ണുംനട്ട് എന്ന ഫാസില്‍ ചിത്രത്തിലായിരുന്നു ഇരുവരും ഒരുമിച്ച് അഭിനയിക്കുന്നത്. തുടര്‍ന്ന് മോഹന്‍ലാലും നാദിയയും പഞ്ചാഗ്നിയില്‍ ഒരുമിച്ച് അഭിനയിച്ചെങ്കിലും മോഹൻലാലിന്റെ നായികയായി വേഷമിട്ടത് ഗീതയായിരുന്നു. അതിനുശേഷം നീരാളിയിലാണ് മലയാളത്തിന്റെ പ്രിയപ്പെട്ട താരജോഡികള്‍ വീണ്ടുമെത്തുന്നത്.