Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആമിയെ കുറ്റം പറഞ്ഞാൽ ഫെയ്സ്ബുക്ക് പുറത്താക്കും ?

aami-manju-trailer

കമൽ സംവിധാനം ചെയ്ത് മഞ്ജു വാര്യർ നായികയായെത്തിയ ആമി ചിത്രത്തെക്കുറിച്ചുള്ള മോശം നിരൂപണങ്ങൾ സമൂഹമാധ്യമങ്ങൾ നീക്കം ചെയ്യുന്നു. ബൗദ്ധിക സ്വത്തവകാശ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് നിരൂപണങ്ങൾ എടുത്തു മാറ്റുന്നത്. ചിത്രത്തിന്റെ നിർമാതാക്കളുടെ ആവശ്യപ്രകാരമാണ് നടപടിയെന്ന് നോട്ടിഫിക്കേഷനിൽ പറയുന്നു. 

സംവിധായകൻ വിനോദ് മങ്കരയുടേതുൾപ്പടെയുള്ളവരുടെ പോസ്റ്റുകളാണ് നീക്കം ചെയ്യപ്പെട്ടത്. വിവിധ സിനിമാഗ്രൂപ്പുകളിൽ പോസ്റ്റ് ചെയ്യപ്പെട്ട നിരൂപണങ്ങളും അഭിപ്രായങ്ങളും എടുത്തു മാറ്റപ്പെട്ടു. ഇതാദ്യമായാണ് ഒരു സിനിമയുടെ നിരൂപണം സമൂഹമാധ്യമത്തിൽ നിന്ന് നീക്കം ചെയ്യുന്ന സ്ഥിതിവിശേഷം ഉണ്ടാവുന്നത്. സമൂഹമാധ്യമങ്ങളിൽ സജീവമായ ആളുകൾ ഇതിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. ആവിഷ്ക്കാര സ്വാതന്ത്ര്യത്തെപ്പറ്റി വാചാലരാകുന്ന സിനിമയുടെ അണിയറക്കാർ അഭിപ്രായ സ്വാതന്ത്ര്യം പോലും മാനിക്കുന്നില്ലെന്നാണ് ഇക്കൂട്ടർ പറയുന്നത്.

manju-aami

നേരത്തെ ചിത്രത്തിന്റെ തിരക്കഥയും ബ്ലൂ പ്രിന്റും പരിശോധിച്ച് മതവികാരം വ്രണപ്പെടുത്തുന്ന ഭാഗങ്ങളുണ്ടെങ്കിൽ ഒഴിവാക്കണമെന്നും അതുവരെ നിരോധനം ഏർപ്പെടുത്തണമെന്നും ആവശ്യപ്പെട്ട് ഇടപ്പള്ളിയിൽ നിന്നുള്ള കെ.പി. രാമചന്ദ്രൻ എന്നയാൾ ഹർജി നൽകിയിരുന്നു. മാധവിക്കുട്ടിയുടെ ജീവിതത്തിലെ യഥാർഥ സംഭവങ്ങൾ പലതും ഒഴിവാക്കിയാണു ചിത്രീകരണമെന്നും സിനിമയുടെ പേരിൽ വസ്തുതകൾ വളച്ചൊടിക്കാനാവില്ലെന്നും വാദങ്ങളുന്നയിച്ചിരുന്നെങ്കിലും കോടതി ചിത്രത്തിന് പ്രദർശനാനുമതി കൊടുക്കുകയായിരുന്നു.