Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തിരക്കഥ കത്തിക്കുന്നവരോട്; ചർച്ചയായി സംവിധായകന്റെ കുറിപ്പ്

madhav-ramadas

മേൽവിലാസം, അപ്പോത്തിക്കിരി എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകൻ മാധവ് രാമാദാസൻ പുതിയ സിനിമയുമായി എത്തുന്നു. വ്യത്യസ്തമായ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം പുതിയ സിനിമ പ്രഖ്യാപിച്ചത്.

ഒരു സിനിമയുണ്ടാക്കാന്‍ വേണ്ടത് മൂന്നു കാര്യങ്ങളാണ്- 'തിരക്കഥ, തിരക്കഥ...പിന്നെ...തിരക്കഥ'. ആല്‍ഫ്രഡ് ഹിച്ച്‌കോക്കിന്റെ പ്രശസ്തമായ ഈ വരികള്‍ക്കൊപ്പം പൂര്‍ത്തിയായൊരു തിരക്കഥയുടെ മഷിയുണങ്ങാത്ത കടലാസുകെട്ടും പേനയും. സംവിധായകന്‍ മാധവ് രാമദാസന്റെ പോസ്റ്റാണ് സിനിമാ പ്രേമികള്‍ക്കിടയില്‍ ചര്‍ച്ചയാവുന്നത്. 'തിരക്കഥ കത്തിച്ചുകളഞ്ഞിട്ട് വേണം സിനിമയെടുക്കാനെ'ന്ന ചിലരുടെ വാദത്തിനുള്ള മറുപടിയാവുകയാണ് ഈ പോസ്റ്റെന്ന് തിരക്കഥാകൃത്തുക്കളും പറയുന്നു.

'മേല്‍വിലാസം', 'അപ്പോത്തിക്കിരി' എന്നീ ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരെ വേറിട്ട സിനിമാവഴികളിലേക്ക് കൂട്ടിക്കൊണ്ടുപോയ സംവിധായകനാണ് മാധവ് രാംദാസന്‍. തിരക്കഥ പൂര്‍ത്തിയായ തന്റെ അടുത്ത സിനിമയുടെ ആദ്യ പ്രഖ്യാപനമായിരുന്നു ഈ പോസ്റ്റ്. 

ഈ പോസ്റ്റിന് തിരക്കഥാകൃത്ത് ജി.എസ്. അനിലിന്റെ മറുപടി ഇങ്ങനെയാണ്-''ഒരു എഴുതിയ തിരക്കഥ അട്ടിയ്ക്ക് വെച്ച്, അതില്‍ മേല്‍ എഴുതിയ പേനയും സമര്‍പ്പിച്ച്, തിരക്കഥയാണ് സിനിമയുടെ അടിത്തറ എന്നുള്ള സിനിമ ആചാര്യന്റ വാക്കുകള്‍ ഉദ്ധരിച്ച് ഒരു സംവിധായകന്‍ തന്റെ പുതിയ സിനിമ തുടങ്ങാന്‍ പോവുന്നു..

തിരക്കഥ വായിച്ച് കത്തിച്ചു കളഞ്ഞ് ക്യാമറ ഏന്തുന്ന സംവിധായക പ്രതിഭകള്‍ കൊടുമ്പിരി കൊള്ളുന്ന ഈ കാലത്ത് ഇങ്ങിനെയും ഒരു സാഹസമോ? സത്യം പറഞ്ഞാല്‍ എഴുതിയ തിരക്കഥകള്‍ ഈ വക സംവിധായക പ്രതിഭകള്‍ കത്തിച്ചു കളയുമല്ലോ എന്ന് കരുതി ഭയന്നിരിക്കുന്ന എന്നെ പോലുള്ള തിരകഥാകൃത്തുക്കള്‍ക്ക് ഈ വാര്‍ത്ത ഒരു സിസേറിയന്‍ പ്രസവത്തിനു തുല്ല്യം തന്നെ...''- എന്നും ജി.എസ്. അനില്‍ കുറിക്കുന്നു. 

ജി.എസ്. അനിലിന്റെ കുറിപ്പ് വായിക്കാം–

ആശ്വാസമായി അമ്മാളൂ..............

ഒരു എഴുതിയ തിരക്കഥ അട്ടിയ്ക്ക് വെച്ച്, അതിൽ മേൽ എഴുതിയ പേനയും സമർപ്പിച്ച്, തിരക്കഥയാണ് സിനിമയുടെ അടിത്തറ എന്നുള്ള സിനിമ ആചാര്യന്റ വാക്കുകൾ ഉദ്ധരിച്ച് ഒരു സംവിധായകൻ തന്റെ പുതിയ സിനിമ തുടങ്ങാൻ പോവുന്നു....തിരക്കഥ വായിച്ച് കത്തിച്ചു കളഞ്ഞ് ക്യാമറ ഏന്തുന്ന സംവിധായക പ്രതിഭകൾ കൊടുമ്പിരി കൊള്ളുന്ന ഈ കാലത്ത് ഇങ്ങിനെയും ഒരു സാഹസമോ?

ആശ്വാസമായി അമ്മാളൂ.... ഒരു പാട് ആശ്വാസമായി. സത്യം പറഞ്ഞാൽ എഴുതിയ തിരക്കഥകൾ ഈ വക സംവിധായക പ്രതിഭകൾ കത്തിച്ചു കളയുമല്ലോ എന്ന് കരുതി ഭയന്നിരിക്കുന്ന എന്നെ പോലുള്ള തിരകഥാകൃത്തുക്കൾക്ക് ഈ വാർത്ത ഒരു സിസേറിയൻ പ്രസവത്തിനു തുല്ല്യം തന്നെ...

ക്യാമറയ്ക്ക് കാലത്തിനെ പച്ചയ്ക്ക് പകർത്തി വെയ്ക്കാൻ പറ്റുമായിരിക്കും..പക്ഷേ, കാലത്തിന്റെ ചുമരിൽ കോറിയിടുന്ന കലയെ പകർത്തി വെയ്ക്കാൻ അക്ഷര സമർപ്പണം അനിവാര്യമല്ലാതെ എങ്ങിനെ സർ...?

താൻ കാണുന്ന കാഴ്ചകളിൽ അക്ഷരകല രാകിനോക്കുന്ന പ്രിയപ്പെട്ട മാധവ് രാംദാസ്..., താങ്കളുടെ ഈ തിരിച്ചറിവാണ് ഇന്നും മുൻ ചിത്രങ്ങളായ "മേൽവിലാസ"വും "അപ്പോത്തികിരി"യും പുനർവായനയും കാഴ്ചകളും ആവിശ്യപ്പെടുന്നത് എന്ന് തോന്നുന്നു....അതല്ലേ.... കലയുടെ സത്യസന്ധത....?

നമോവാകം അമ്മാളൂ...... ഈ അക്ഷര സമർപ്പണത്തിനും... തിരക്കഥകളുടെ വീണ്ടെടുപ്പിനും. അക്ഷരാർത്ഥത്തിൽ പുതിയ സിനിമയ്ക്ക് ഒരുപാട് ആശംസകളും.