Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദുല്‍ഖറിന്‍റെ ‘ഒരു ഭയങ്കര കാമുകൻ’ ഉപേക്ഷിച്ചോ; പ്രതികരണവുമായി ലാല്‍ജോസ്

unni-dulquer-laljose

ദുൽഖർ സൽമാനെ നായകനാക്കി ലാൽജോസ് സംവിധാനം ചെയ്യുന്ന ഒരു ഭയങ്കര കാമുകൻ ഉപേക്ഷിച്ചെന്ന വാര്‍ത്തകള്‍ തള്ളി. ചിത്രം പാതിവഴിയി‍‍‍ല്‍ ഉപേക്ഷിച്ചുവെന്ന വാര്‍ത്ത കുറച്ചുദിവസമായി  ഒാൺലൈൻ മാധ്യമങ്ങളിൽ സജീവമാണ്. ഉണ്ണി ആർ ആണ് സിനിമയ്ക്ക് തിരക്കഥയെഴുതുന്നത്. ചിത്രം പ്രഖ്യാപിച്ച വേള മുതല്‍  പ്രതീക്ഷകള്‍ ചെറുതല്ല. 

വിക്രമാദിത്യന് ശേഷം ലാൽജോസും ദുൽഖറും ഒന്നിക്കുന്ന ചിത്രമായിരുന്നു ഒരു ഭയങ്കര കാമുകൻ. ദുൽഖറിന്റെ തിരക്കുമൂലം ചിത്രം ഉപേക്ഷിക്കുന്നു എന്നാണ് വാർത്തകൾ വന്നത്. എന്നാൽ വാർത്തയുടെ സത്യാവസ്ഥ മനോരമ ന്യൂസ് ഡോട്ട് കോമിനോട് വെളിപ്പെടുത്തുകയാണ് സംവിധായകൻ ലാൽജോസ്. ചിത്രം ഉപേക്ഷിച്ചിട്ടില്ലെന്ന് ലാൽജോസ് വ്യക്തമാക്കി. 'തൽക്കാലം ആ പ്രോജക്ട് കുറച്ച് നീട്ടി വയ്ക്കുകയാണ്. എഴുതി വന്നപ്പോൾ ചിത്രത്തിന്റെ ബജറ്റ് കൂടിപ്പോയി. അതിനാൽ തന്നെ കഥയിൽ കുറച്ചു മാറ്റങ്ങൾ വരുത്തേണ്ടതുണ്ട്. അല്ലാതെ ദുൽഖറിന്റെ തിരക്കുമൂലമൊന്നുമല്ല പടം നീട്ടിവയ്ക്കുന്നത്.’

ആദ്യം എഴുതിയ രീതിയിൽ പടമെടുക്കണമെങ്കിൽ‍ ഒരുപാട് പണം ആവശ്യമായി വരും. അത്രയും വലിയ തുകയിൽ ഇപ്പോൾ പടം പിടിക്കാനാകില്ല. കഥയിലും എഴുത്തിലും മാറ്റങ്ങൾ വരുത്തേണ്ടി വരും. അതിനുവേണ്ടിയാണ് ചിത്രം കുറച്ച് നീട്ടി വയ്ക്കുന്നത്. അതിനുമുമ്പ് ചിലപ്പോൾ‌ എന്റേതായി പുതിയ ചിത്രങ്ങൾ വന്നേക്കാമെന്നും ലാൽജോസ് മനോരമ ന്യൂസ് ഡോട്ട് കോമിനോട് പറഞ്ഞു.