Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിനയൻ സാറിന്റെ മുന്നിൽ ഞാൻ പൊട്ടിക്കരഞ്ഞു; രാജാമണി

rajamani-vinayan

മലയാളികളെ ഇത്രയേറെ കരയിപ്പിച്ച മറ്റൊരു മരണവും ഈയടുത്ത് നടന്നിട്ടില്ല. അത്രയേറെയായിരുന്നു മണി തന്ന സന്തോഷങ്ങള്‍. സുഖദുഃഖ സമ്മിശ്രമായ ഒരനുഭവമായിരുന്നു തിരശ്ശീലയില്‍ മലയാളിക്ക് മണി. ഏറെ ചിരിപ്പിക്കുകയും കരയിക്കുകയും ചെയ്ത നടന്‍. ജീവിതം തുറന്ന പുസ്തകമായിരുന്നു മണിക്ക്.  ഇപ്പോഴിതാ കലാഭവൻമണിയുടെ ജീവിതം വെള്ളിത്തിരയിലെത്തുകയാണ്. മധുരവും കയ്പും നിറഞ്ഞ ആ ജീവിതകഥ സിനിമയാക്കുന്നത് മണിയെ വളർത്തിയെടുത്ത സംവിധായകൻ വിനയൻ തന്നെയാണ്. പ്രഖ്യാപനങ്ങളിൽ മാത്രം ഒതുങ്ങാതെ പോയ ചാലക്കുടിക്കാരൻ ചങ്ങാതി എന്ന ചിത്രത്തിന്റെ അവസാന മിനുക്കു പണികൾ നടക്കുകയാണ്. ചിത്രത്തിൽ മണിയായി വേഷമിടുന്നത് മിമിക്രി കലാകാരനും സീരിയൽ നടനുമായ (സെന്തിൽ) രാജാമണിയാണ്. സിനിമയിലേക്ക് എത്തിയ വഴികള്‍ രാജാമണി മനോരമ ന്യൂസ് ഡോട്ട് കോമിനോട് പറയുന്നു.  ഇൗ സിനിമയുമായി ബന്ധപ്പെട്ട്് രാജാമണി നൽകുന്ന ആദ്യ അഭിമുഖമാണിത്. 

എങ്ങനെയാണ് ഇൗ സിനിമയിലേക്ക് വരുന്നത്?

ഞാൻ അമേരിക്കയിൽ ഒരു സ്റ്റേജ് ഷോയ്ക്ക് പോയതായിരുന്നു. അപ്പോഴാണ് എന്റെ സുഹൃത്തിനെ വിനയൻ സാർ വിളിക്കുന്നത്. അങ്ങനെ ഞാൻ നാട്ടിലില്ലെന്ന് അറിയുകയായിരുന്നു. പുതിയ സിനിമയിൽ ‍ഒരു വേഷമുണ്ട്, നാട്ടിലെത്തിയാൽ ഉടൻ വന്നു കാണണം , അത്യാവശ്യമാണെന്നു പറഞ്ഞു. അങ്ങനെ ഒരാഴ്ചയ്ക്ക് ശേഷമാണ് ഞാൻ ‍തിരിച്ചെത്തുന്നത്. നാട്ടിൽ എയർപോർട്ടിൽ എത്തുന്നത് രാവിലെ അഞ്ച് മണിക്കാണ്. എത്തിയ ഉടനെ ഞാൻ വിനയൻ സാറിനെ വിളിച്ചു. അപ്പോഴെന്നോട് ധൃതി പിടിക്കണ്ട വീട്ടിൽ പോയി, ഫ്രഷായിട്ടു വന്നാൽ മതിയെന്നു പറഞ്ഞു. അങ്ങനെ സാറിനെ കാണാൻ പോകുമ്പോൾ ഏതെങ്കിലും ചെറിയ വേഷമായിരുന്നു മനസിൽ. നമുക്ക് പറ്റിയ ചെറിയ വേഷമുണ്ടോയെന്നു ചോദിച്ചപ്പോൾ പുതിയ സിനിമയിൽ നായകനായ കലാഭവൻ മണിയുടെ റോൾ ചെയ്യുന്നത് നീയാണെന്ന് പറഞ്ഞു. സാറേന്ന് വിളിച്ച് ഞാൻ പൊട്ടിക്കരയുകയായിരുന്നു. ഇതിനുമുന്‍പ് ജയസൂര്യ ചേട്ടനാണ് ഉൗമപ്പെണ്ണിലേക്ക് നായകനാക്കാൻ വിളിച്ചപ്പോൾ ഇങ്ങനെ കരഞ്ഞതെന്ന് വിനയൻ സാർ പറഞ്ഞത്. സിനിമയിൽ അദ്ദേഹത്തിന്റെ ചെറുപ്പം അവതരിപ്പിക്കാനാണ് വിളിച്ചതെന്നാണ് ഞാൻ കരുതിയിരുന്നത്. 

mani-vinayan

മണിയെ ഒരിക്കലും അനുകരിക്കാതെ ഇൗ വേഷം തേടിയെത്തിയതെങ്ങനെ?

വിനയൻ സാർ ഇൗ സിനിമയ്ക്കു വേണ്ടി 500 പേരെയെങ്കിലും ഒാഡിഷൻ നടത്തിയിട്ടുണ്ട്. പക്ഷെ സാറിന് തൃപ്തിയായില്ല. അങ്ങനെയിരിക്കുമ്പോഴാണ് ഞാൻ അഭിനയിക്കുന്ന ഒരു സീരിയൽ കണ്ടിട്ട് അദ്ദേഹത്തിന്റെ ഭാര്യ എന്റെ പേര് നിർദേശിക്കുന്നത്. സാറിനും അഭിനയം കണ്ട് ഇഷ്ടപ്പെട്ടു. അതിൽ ഒാരോ ദിവസവും ഒാരോവിഷയമാണ്. അപ്പോൾ തമാശയും ദു:ഖവും ഒരുപോലെ അഭിനയിക്കാനുണ്ട്, അതുകണ്ടിഷ്ടപ്പെട്ടാണ് സാർ വിളിക്കുന്നത്.

മിമിക്രി ഒക്കെ ചെയ്യുമെങ്കിലും ഇതുവരെ മണിച്ചേട്ടനെ അനുകരിച്ചിട്ടില്ലെന്നതാണ് സത്യം. ഞാൻ വിനയൻ സാറിനോട് പറഞ്ഞു, അദ്ദേഹത്തിന്റെ ഛായ ഇല്ല, അനുകരിച്ചിട്ടില്ല, അപ്പോൾ എനിക്ക് സാധിക്കുമോ എന്ന്. എനിക്ക് അയാളുടെ രൂപവും ഭാവവും ഒന്നും ഇല്ലാത്ത ഒരാളെയാണ് വേണ്ടതെന്നാണ് അന്ന് സാർ പറഞ്ഞത്. ഒരേസമയം കരയുകയും ചിരിക്കുകയും ചെയ്യുന്നയാളായിരുന്നു കലാഭവൻ മണി. അതുപോലെ സിറ്റുവേഷൻ കൈകാര്യം ചെയ്യുന്ന ഒരാളെയാണ് വേണ്ടതെന്നാണ് സാർ പറഞ്ഞത്. 

കലാഭവൻമണിയെ അടുത്തറിയാമായിരുന്നോ?

ശരിക്കും അദ്ദേഹത്തോട് ഒരുപാട് സ്നേഹവും ആരാധനയുമൊക്കെ ഉണ്ടായിരുന്നു. പക്ഷെ കുറച്ച് പ്രാവശ്യമേ കണ്ടിട്ടുള്ളൂ. പുള്ളിമാൻ എന്ന ചിത്രത്തിൽ അദ്ദേഹത്തോടൊപ്പം ചെറിയ വേഷം ചെയ്താണ് ഞാൻ സിനിമയിൽ ആദ്യമായി മുഖം കാണിക്കുന്നത്. പക്ഷെ സിനിമ ചെയ്യുമ്പോൾ അദ്ദേഹത്തിന്റെ അദൃശ്യ സാന്നിധ്യം എപ്പോഴും തോന്നിയിട്ടുണ്ട്. ഒരു ദിവസം സിനിമയ്ക്കായി ഞാൻ മേക്കപ്പിട്ട് വന്നപ്പോൾ വിനയൻ സാർ പുറത്തിരിക്കുകയായിരുന്നു. ഒപ്പം ടിനിച്ചേട്ടനുമുണ്ട്. പെട്ടെന്നാണ് ഞാന് ‍അങ്ങോട്ട് ചെല്ലുന്നത്. ഉടനെ സാർ എഴുന്നേറ്റ് നിന്ന് പറഞ്ഞു, ഞാൻ ശരിക്കും മണിയാണെന്ന് ഒരു നിമിഷം വിചാരിച്ചു പോയി. മണിയുടെ കാര്യം സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു, അപ്പോഴാണ് നീ വരുന്നതെന്ന്. എനിക്ക് അതിലും വലിയ ഒരഭിനന്ദനം ലഭിക്കാനില്ല. 

അഭിമുഖത്തിന്റെ പൂർണരൂപം വായിക്കാം–

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.