Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രിയയുടെ ഡേറ്റിന് 25 ലക്ഷം; സിനിമയുടെ അഡാറ് ബിസിനസ്

priya-omar ഒമർ, പ്രിയ, ഔസേപ്പച്ചൻ

വെള്ളിയാഴ്‌ചകൾ സിനിമയിൽ അത്ഭുതങ്ങളെഴുതുന്ന ദിവസങ്ങളാണെന്ന് പണ്ടൊരു ചൊല്ലുണ്ടായിരുന്നു. ഒരു മാറ്റിനിയിൽ മാറിമറിയുന്ന സിനിമയുടെയും അഭിനേതാക്കളുടെയും ഭാഗ്യതാരകങ്ങൾ ഇനി പഴങ്കഥ. സിനിമയുടെ വെള്ളിവെളിച്ചത്തിലേക്ക് കാലെടുത്തുവയ്‌ക്കാൻ പ്രിയ വാരിയർക്ക് ഒരു വെള്ളിയാഴ്‌ചയുടെയും കാരുണ്യം വേണ്ടി വന്നില്ല. 

ചിത്രീകരണത്തിന്റെ ആദ്യ ഷെഡ്യൂളിനു മുൻപേ ഹിറ്റായ ഒരു പാട്ടും നായികയും സിനിമയുടെ ബ്രാൻഡ് വാല്യു ആകാശത്തോളമുയർത്തി. സൽമാൻഖാൻ സംവിധായകൻ ഒമർ ലുലുവിനെ നേരിട്ട് വിളിക്കുകയും ശോഭാ ഡേ കോളമെഴുതുകയും ഋഷി കപൂർ ട്വീറ്റ് ചെയ്യുകയും ചെയ്‌ത ആഗോള അഡാറ് ലവ് തരംഗം സിനിമയ്‌ക്ക് എന്തു പ്രയോജനം ചെയ്‌തു എന്ന അന്വേഷണം. 

റൈറ്റ്‌സിനു റെഡി മണി 

അഡാറ് ലൗവിന്റെ നിർമാതാവ് ഔസേപ്പച്ചൻ വാളക്കുഴിക്ക് ഇപ്പോൾ കൊച്ചിയിലെ വൻകിട ഹോട്ടലുകളിൽ നിന്നിറങ്ങാൻ സമയമില്ല. ചിത്രത്തിന്റെ അന്യഭാഷ അവകാശം വാങ്ങാൻ തെലുങ്കിൽ നിന്നും തമിഴിൽ നിന്നും വമ്പൻ നിർമാതാക്കൾ ഒരോ ദിവസവും വരുന്നു. നാലു കോടി വരെയുള്ള ഓഫറുകൾ തെലുങ്കു സിനിമ മാത്രം നൽകിക്കഴിഞ്ഞു. പുതുമുഖ താരങ്ങളായതുകൊണ്ട് അന്യഭാഷയിലേക്ക് സിനിമ അനായാസം ഡബ്ബ് ചെയ്യാമെന്ന ഗുണമുണ്ട്. മൂന്നു കോടി താഴെ ചെലവിൽ ഒരു പുതുമുഖ ചിത്രം എന്ന പ്ലാനിങ്ങിൽ ചിത്രീകരണം തുടങ്ങിയ ഒരു കൊച്ചു സിനിമയുടെ അഡാറ് വിജയം. മലയാള സിനിമയിലെ സാറ്റലൈറ്റ് അവകാശം തേടിയും എല്ലാ ചാനലുകളും നിർമാതാവിനെ വിളിക്കുന്നുണ്ട്. 34 വർഷം മുൻപ് ‘നോക്കെത്താദൂരത്ത് കണ്ണും നട്ട്’ എന്ന ചിത്രത്തിലൂടെ ഫാസിലിനൊപ്പം നിർമാതാവായ ഔസേപ്പച്ചന് സിനിമയിലെ മാറ്റങ്ങൾ കൗതുകം നൽകുന്നു. 

omar-roshan-priya-1

പ്രിയയുടെ ഡേറ്റ് തരാമെങ്കിൽ 25 ലക്ഷം രൂപ തരാമെന്ന് പറഞ്ഞ് എന്നെ അന്യഭാഷയിൽ നിന്നു നിർമാതാക്കൾ വിളിക്കുന്നുണ്ട്. അമേരിക്കയിലെ ഒരു പ്രൊഡക്ഷൻ കമ്പനിയുടെ ഇന്ത്യൻ സമൂഹത്തിന്റെ കഥ പറയുന്ന ചിത്രത്തിലേക്ക് പ്രിയയെ നായികയായി കിട്ടുമോയെന്നു ചോദിച്ച് മെയിൽ ഉണ്ടായിരുന്നു. – ഔസേപ്പച്ചൻ പറയുന്നു 

തിരക്കഥ മാറ്റിയെഴുതിയോ? 

പ്രിയക്ക് കൂടുതൽ സീനുകൾ നൽകാൻ തിരക്കഥ മാറ്റിയെഴുതുമോ – സംവിധായകനോടു മിക്കവരും ചോദിക്കുന്ന ചോദ്യമിതാണ്. എന്നാൽ സിനിമ രണ്ടു ഷെഡ്യൂളായി ചെയ്യാം എന്ന ഒമറിന്റെ നിർദേശം അൽപ്പം ചെലവേറിയതാണെങ്കിലും നിർമാതാവ് സമ്മതിക്കുകയായിരുന്നു. പുതുമുഖങ്ങളെ അണിനിരത്തി ഒരു സിനിമ ചെയ്യുമ്പോൾ അവരുടെ പെർഫോമൻസ് വിലയിരുത്തി ആദ്യ ഷെഡ്യൂളിനു ശേഷം മാറ്റങ്ങൾ വേണ്ടി വരുമെന്ന് അണിയറപ്രവർത്തകർ വിലയിരുത്തിയിരുന്നു. ആ മാറ്റങ്ങളുടെ പണിപ്പുരയിലാണ് ഒമറും കൂട്ടരും. 

omar-priya

ഷൂട്ടിനു മുൻപേ പാട്ട് 

ഷൂട്ടിങ്ങിന്റെ ആദ്യ ദിനങ്ങളിൽ തന്നെ പാട്ട് ചിത്രീകരിച്ച് സമൂഹ മാധ്യമങ്ങൾക്കു നൽകിയത് എന്തിനാണ്? ഒമർ പറയുന്നു: പുതുമുഖങ്ങളെ വച്ചൊരു സിനിമ ചെയ്യുമ്പോൾ അവരുടെ സ്വീകാര്യതയും കഴിവും മനസ്സിലാക്കാൻ വേണ്ടിയാണ് ഷൂട്ടിങ്ങിന്റെ ആദ്യ ദിനങ്ങളിൽ തന്നെ പാട്ട് ചിത്രീകരിച്ച് യുട്യൂബി‍ൽ നൽകിയത്. വാലന്റൈൻസ് ദിനത്തോട് അനുബന്ധിച്ച് പാട്ട് റിലീസ് ചെയ്‌തതും അതുകൊണ്ടാണ്. ക്ലാസ് മുറിയിലെ പ്രണയനോട്ടം പല സിനിമകളിലും കണ്ടിട്ടുള്ളതാണ്. അതിൽ ഒരു വ്യത്യസ്‌തത വേണമെന്നു തോന്നിയാണ് പുരികമുയർത്താൻ കഴിയുമോയെന്ന് പ്രിയയോടും റോഷനോടും ചോദിച്ചത്. നൃത്തം പഠിച്ചതിനാലാണ് പ്രിയക്ക് അതിനു കഴിഞ്ഞത്. സത്യത്തിൽ എനിക്കിഷ്ടപ്പെട്ടത് പ്രിയയുടെ സൈറ്റടിക്കലിനു ശേഷമുള്ള റോഷന്റെ എക്‌സ്‌പ്രഷനാണ്. എല്ലാം കൂടി ഒരു മാജിക് വർക്ക് ഔട്ട് ചെയ്‌തു.