Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒരു മണിക്കൂറിനെത്രയാ വില, 15കാരിയായ എന്നോട് ചോദിച്ചത്; വികാരാധീനയായി സാനിയ

saniya

ക്വീന്‍ സിനിമയിലെ നായിക സാനിയക്കെതിരെ സമൂഹമാധ്യമങ്ങളിൽ അശ്ലീലവർഷം. നടി ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത ചിത്രങ്ങൾക്ക് താഴെ അശ്ലീലചുവയുള്ള കമന്റുകളായിരുന്നു നിറയെ. പത്താംക്ലാസിൽ പഠിക്കുന്ന ഒരു കുട്ടിയാണെന്ന് പോലും ചിന്തിക്കാതെ ഇത്തരത്തിൽ അതിക്രമം നടത്തിയവർക്ക് ലൈവ് വിഡിയോയിലൂടെ താരം മറുപടി നൽകി. ലൈവ് വിഡിയോയിൽ ഉടനീളം വികാരാധീരനയയാണ് സാനിയ സംസാരിച്ചത്.

സാനിയയുടെ വാക്കുകളിലേക്ക്–

ഞാനിപ്പോൾ ലൈവിൽ വരാൻ കാരണം എനിക്കെതിരെ വരുന്ന മോശം കമന്റുകൾ മൂലമാണ്. എന്റെ ചിത്രങ്ങൾക്ക് താഴെ വരുന്ന മോശം കമന്റുകൾ എല്ലാം ഞാനൊരു സ്റ്റോറിയാക്കി സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യാറുണ്ട്. അതിൽ എനിക്കൊരുപാട് േപർ പിന്തുണ നൽകി എത്താറുമുണ്ട്.

നാണമില്ലേ, നിനക്ക് ഇതൊക്കെ എടുത്ത് പോസ്റ്റ് ചെയ്യാൻ എന്നുപറയുന്നവരും ഉണ്ട്. ഞാൻ പത്താം ക്ലാസിലാണ് പഠിക്കുന്നത്. പതിനഞ്ച് വയസ്സായ എനിക്ക് ഇതുവരെയും തോന്നിയിട്ടില്ല ഞാൻ ചെയ്യുന്നത് തെറ്റാണെന്ന്. കുറേ പെൺകുട്ടികൾ എന്നെ പിന്തുണച്ച് മെസേജ് ചെയ്തിരുന്നു. അതിൽ ഒരുപാട് നന്ദി.

സാനിയ ലൈവ്

നിങ്ങൾക്കും ഇതുപോലെ അശ്ലീലസന്ദേശങ്ങൾ വരുന്നുണ്ടെങ്കിൽ അത് പുറത്തറിയക്കണം. ഇങ്ങനെയുള്ളവന്മാർ ഈ ലോകത്ത് പോലും ജനിക്കേണ്ടവരല്ല. ഇവന്റെയൊക്കെ വീട്ടിൽ അമ്മയും പെങ്ങന്മാരും ഉണ്ടെങ്കിൽ അവരൊക്കെ എങ്ങനെയായിരിക്കും ജീവിക്കുക എന്ന് ഞാൻ പലപ്പോഴും ആലോചിക്കാറുണ്ട്.

നമ്മുടെ നാട്ടിൽ കൊച്ചുകുട്ടികളെപ്പോലും പീഡിപ്പിക്കുന്ന വാർത്ത പത്രങ്ങളിലൂടെ കാണാറുണ്ട്. ബാംഗ്ലൂരിൽ ഒരുതവണ പോയപ്പോൾ ഞാൻ ഷോർട്സും ടോപ്പും ധരിച്ച ചിത്രം കണ്ടിട്ട് ഒരുത്തൻ ചോദിക്കുകയാണ്, എത്ര രൂപയാണ് ഒരുമണിക്കൂറിനെന്ന്. പതിനഞ്ച് വയസ്സായ ഞാൻ ഇത്രയും കേൾക്കുന്നുണ്ടെങ്കിൽ ലോകത്തുള്ള എത്രപേർ ഇങ്ങനെ അനുഭവിക്കുന്നുണ്ടാകും. ഇതിനോടൊക്കെ പ്രതികരിക്കുക എന്നാണ് എനിക്ക് പറയാനുള്ളത്.

ഒരിക്കലും നമ്മൾ ഇത് പറയാതെ ഒളിക്കരുത്, പ്രതികരിക്കുക, ഇവരെ സമൂഹത്തിലേക്ക് വെളിപ്പെടുത്തുക. ഇതിന് മുമ്പ് ഒരാൾ എന്നെ ശല്യം ചെയ്തിരുന്നു. പിന്നീട് അയാൾ സോറി പറഞ്ഞിട്ട് പറഞ്ഞു, എന്റെ കയ്യിൽ നിന്നും റിപ്ലൈ കിട്ടാൻ വേണ്ടിയാണ് ഇതുപോലെ മെസേജ് അയിച്ചിതിരുന്നതെന്ന്. 

നമ്മുടെ നാട്ടിൽ മധുവെന്ന സാധുചേട്ടനെ ഭക്ഷണം മോഷ്ടിച്ചതിന്റെ പേരിൽ തല്ലിക്കൊന്നു. എന്നാൽ എന്തുകൊണ്ട് ഇങ്ങനെ അശ്ലീലസന്ദേശങ്ങൾ അയച്ച് കുട്ടികളെ പീഡിപ്പിക്കുന്നവന്മാരെ തല്ലിക്കൊന്നുകൂടാ. എനിക്ക് തോന്നിയ ഒരു കാര്യമാണ്.

ഇനിയുള്ള തലമുറയിൽ ചെയ്യാൻ പറ്റുന്നൊരു കാര്യം, ഇങ്ങനെയുള്ളവരെ തല്ലിക്കൊല്ലുക എന്നതാണ്. അങ്ങനെയെങ്കിലും നമ്മുടെ നാട് നന്നാകും. ഇവരെയൊന്നും മനുഷ്യന്മാരെന്ന് പോലും വിളിക്കാൻ കഴിയില്ല.

എന്തിന് നമ്മൾ നാണിച്ച് മിണ്ടാതിരിക്കണം, പെൺകുട്ടികൾ മാറിനിൽക്കേണ്ടവരല്ല, പ്രതികരിക്കണം. ഒരിക്കലും ശരീരം എക്സ്പോസ് ചെയ്യാനോ അല്ലെങ്കില്‍ ആളുകളെ കാണിക്കാനോ അല്ല പെൺകുട്ടികൾ മോഡേൺ ഡ്രസ് ധരിക്കുന്നത്. എല്ലാവർക്കും അവരുടേതായ ഇഷ്ടം ഉണ്ട്. നിങ്ങൾ മോശം രീതിയിൽ കാണുന്നതുകൊണ്ടാണ് അവൾ ശരിയല്ല, ഇവൾ ശരിയല്ല എന്നുപറയുന്നത്.

ഞാൻ അത്തരം വസ്ത്രം ധരിച്ചതുകൊണ്ടാണ് അങ്ങനെ കമന്റ് വന്നതെന്ന് ചിലർ പറഞ്ഞു. അങ്ങനെയങ്കില്‍ എല്ലാവരും എന്തുകൊണ്ട് മോശംപറഞ്ഞില്ല. നോക്കുന്ന രീതിയാണ് മാറേണ്ടത്. എനിക്ക് പരീക്ഷയാണ്, പഠിക്കുന്നുണ്ട്. ഈ സമയത്തും ഞാൻ ഇവിടെ വന്നത് െപൺകുട്ടികൾക്ക് വേണ്ടിയാണ്.

ഞാൻ കരയുവല്ല, നാട്ടിൽ എന്തെങ്കിലുമൊക്കെ മാറ്റംവരുത്തണമെന്ന് ഓർത്താണ് തത്സമയം വന്നത്. ഞാൻ വീണ്ടും പറയുകയാണ്, ഇങ്ങനെയുള്ള വൃത്തികെട്ടവന്മാരെ തല്ലിക്കൊല്ലണം. ഇവർ ഈ ലോകത്ത് ജീവിക്കാൻ പോലും അർഹരല്ല. അല്ലാതെ ഇങ്ങനെയുള്ള അശ്ലീലസന്ദേശങ്ങൾ കണ്ട് മാറിനിന്ന് കരയരുത്, ഞാനും പണ്ട് ഇതൊക്കെ കണ്ട് കരയുമായിരുന്നു. പക്ഷേ സുഹൃത്തുക്കളാണ് എന്നെ പിന്തുണച്ച് ഇങ്ങനെ മറുപടികൊടുക്കണമെന്ന് പറഞ്ഞ് ശക്തി നൽകിയത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.