Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തുടക്കം 2016 സെപ്റ്റംബറിൽ, ടീസറില്ല, ട്രോളുണ്ട്; പൂമരം തിയറ്ററുകളിൽ

poomaram-movie

പ്രണയസാഫല്യത്തിന് വേണ്ടി കമിതാക്കൾ കാത്തിരിക്കുന്നതുപോലെ ഒരു സിനിമയ്ക്ക് മേൽ ഇത്രയേറെ കാത്തിരുപ്പ് ഉണ്ടായത് ഇതാദ്യമാകാം. കൃത്യാമയി പറഞ്ഞാൽ ഒന്നരവർഷമായി മലയാളിപ്രേക്ഷകരുടെ ആകാംക്ഷയും ചോദ്യങ്ങളും തുടങ്ങിയിട്ട്. ഈ ട്രോൾകാലത്ത് റിലീസ് ചെയ്യാത്തൊരു സിനിമയുടെ ട്രോളുകളിലൂടെ നാം ഏറ്റവുമധികം ചിരിച്ചതും പൂമരത്തിലൂടെയാകാം.

2016 ആഗസ്റ്റ് 27ന് കാളിദാസ് ഔദ്യോഗികമായി ഈ ചിത്രം പ്രഖ്യാപിച്ചു. ഫെയ്സ്ബുക്കിലൂടെയാണ് പേരിടാത്ത ചിത്രത്തെക്കുറിച്ച് വെളിപ്പെടുത്തുന്നത്. പിന്നീട് സെപ്തംബറിൽ സിനിമയുടെ ചിത്രീകരണം തുടങ്ങി. വിവിധ ഷെഡ്യൂളുകളിലായി മഹാരാജാസിലും പരിസരങ്ങളിലുമായാണ് പൂമരം ചിത്രീകരിച്ചത്. വിദേശത്തും ചിത്രീകരണം ഉണ്ടായിരുന്നു.  1983, ആക്ഷന്‍ ഹീറോ ബിജു എന്നീ ചിത്രങ്ങൾക്ക് ശേഷം എബ്രിഡ് ഷൈൻ സംവിധാനം ചെയ്യുന്ന ചിത്രമെന്ന നിലയിലും പൂമരത്തെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരുന്നത്.  

പൂമരം തരംഗമാകുന്നത്

അങ്ങനെ 2016 നവംബറിൽ പൂമരത്തിലെ ആദ്യഗാനം പുറത്തിറങ്ങി. ഞാനും ഞാനുമെന്റാളും എന്ന ഗാനം ക്യാംപസുകളിൽ ട്രെൻഡ് ആയി. ഈ ഗാനം വലിയ ഹിറ്റായി മാറിയതോടെ ചിത്രത്തോടുള്ള ഇഷ്ടം ഒന്നുകൂടി വർധിക്കാൻ കാരണമായി. നിലവിൽ 2 കോടി ആളുകൾ പാട്ട് കണ്ട് കഴിഞ്ഞു.

Poomaram Song Video Ft Kalidas Jayaram | Poomaram | Official | HD

ട്രോളുകൾ പൂക്കുന്നു

എന്നാൽ ചിത്രീകരണം തുടങ്ങി ഒരു വര്‍ഷം പിന്നിട്ടപ്പോഴേക്കും ട്രോളന്മാരും ചിത്രം ഏറ്റെടുത്തു. സിനിമയുടെ റിലീസ് വൈകുന്നതായിരുന്നു ട്രോളന്മാർ വിഷയമാക്കിയത്. ‘നാൽപതുപേരും’, ‘പൂമരം കൊണ്ട് കപ്പലുണ്ടാക്കി’...എന്നിങ്ങനെയുള്ള വാക്കുകളിലൂടെ രസകരമായ ട്രോളുകൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചു.

Kadavathoru Thoni | Poomaram | Song Video | Kalidas Jayaram | Official

പിന്നീട് 2017 മെയ് 13ന് സിനിമയുടെ അടുത്ത ഗാനം പുറത്തിറക്കി. കടവത്തൊരു തോണി എന്ന ഗാനം ആദ്യഗാനത്തിന്റെ അത്ര വൈറലായില്ല. എന്നിരുന്നാലും പാട്ടിന് മികച്ച സ്വീകാര്യത ലഭിച്ചു.

അതിനിടെ സിനിമയ്ക്കും തനിക്കും നേരെ വരുന്ന കമന്റുകൾക്ക് രസകരമായ മറുപടി നൽകി കാളിദാസും പ്രേക്ഷകരുടെ ഇഷ്ടം നേടി. തന്റെ ഫെയ്സ്ബുക്ക് പേജിലൂടെ ട്രോളുകൾ പ്രേക്ഷകർക്കായി പങ്കുവക്കാനും ഒരുമടിയും താരത്തിനില്ലായിരുന്നു. ഇതെല്ലാം ആത്മവിശ്വാസത്തോടെ സിനിമയുടെ നല്ലതിനായി മാത്രം കണ്ടായിരുന്നു കാളിദാസന്റെ മുന്നേറ്റം.

പൂമരം ക്രിസ്തുമസിനെത്തുമെന്ന വാര്‍ത്തയും ഏത് ക്രിസ്തുമസ് എന്ന പ്രേക്ഷകരുടെ  ചോദ്യത്തിന് എല്ലാ വര്‍ഷവും ക്രിസ്തുമസ് ഉണ്ടല്ലോ എന്ന ഉത്തരവുമൊക്കെ ഓർത്തോർത്ത് ചിരിക്കാനുള്ള തമാശകളായി മാറി. അതിനിടെ റിലീസ് ചെയ്യാത്ത സിനിമയുടെ ഗംഭീര നിരൂപണം വരെ അണിയറപ്രവർത്തകർക്ക് കാണേണ്ടി വന്നു.

പ്രത്യേകതകൾ

എബ്രിഡ് ഷൈൻ തന്നെയാണ് തിരക്കഥ. കാളിദാസ് തന്നെയാണ് ചിത്രത്തിലെ പ്രധാനതാരം. നായികയായി പ്രത്യേക കഥാപാത്രമില്ലെന്നാണ് കേൾക്കുന്നത്. യൂത്ത് ഫെസ്റ്റിവലുമായി ബന്ധപ്പെട്ട് കിടക്കുന്ന പ്രമേയത്തിൽ കുഞ്ചാക്കോ ബോബൻ, മീര ജാസ്മിൻ എന്നിവർ അതിഥിതാരങ്ങളായി എത്തുന്നുണ്ട്.

Poomaram pooja-kalidasan-4

പശ്ചാത്തലസംഗീതം ഗോപിസുന്ദർ. ഛായാഗ്രഹണം ജ്ഞാനം.

ഒരു ടീസറോ ട്രെയിലറിലോ പുറത്തിറക്കാതെ അവസാനം പൂമരം തിയറ്ററുകളിലെത്തുകയാണ്. കാളിദാസ് ആദ്യമായി നായകനായെത്തുന്ന മലയാളചിത്രമെന്ന നിലയിൽ സിനിമാലോകവും പ്രതീക്ഷയോടെയാണ് ചിത്രത്തെ കാണുന്നത്.