പുതുജീവിതത്തിൽ അനുഗ്രഹം തേടി ദിവ്യാ ഉണ്ണി

മലയാളത്തിലെ പ്രിയപ്പെട്ട നടിയാണ് ദിവ്യാ ഉണ്ണി. ഈ അടുത്തിടെയാണ് ദിവ്യാ ഉണ്ണി വിവാഹ മോചിതയായതും, പുനര്‍വിവാഹം ചെയ്തതുമെല്ലാം മാധ്യമങ്ങളിൽ ചർച്ചയായത്. അമേരിക്കിയിൽവെച്ചായിരുന്നു നടിയുടെ വിവാഹം.

ഇപ്പോഴിതാ പുതു ജീവിതത്തിന് അനുഗ്രഹം തേടി ദിവ്യ എത്തിയിരിക്കുകയാണ് കേരളത്തില്‍. തിരുവനന്തപുരത്ത് ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയതിന്റെ ചിത്രവും വിവരങ്ങളും ദിവ്യ ഉണ്ണി സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചു.. പത്മനാഭന്റെ സന്നിദ്ധിയില്‍ എത്താന്‍ സാധിച്ചത് വലിയ അനുഗ്രഹമായി കരുതുന്നുവെന്ന് ദിവ്യ പറയുന്നു.  നീണ്ട ഒമ്പതു വര്‍ഷങ്ങള്‍ക്കു ശേഷമാണ് ദിവ്യ ഇവിടെ എത്തുന്നത്..

ക്ഷേത്രത്തിനകത്തു പ്രവേശിച്ചപ്പോള്‍ ആദ്യം കേട്ടത് ക്ഷീരസാഗര ശയനാ എന്ന കീര്‍ത്തനമായിരുന്നെന്നും, ക്ഷേത്രം പൂജയ്ക്കായി അടച്ചിട്ടതിനാല്‍ പത്മനാഭന്റെ നാമം ഉരുവിട്ട് താന്‍ പുറത്തു കാത്തുന്നിന്നുവെന്നും ദിവ്യ കുറിച്ചു.

‘പിന്നീട് വാതിലുകള്‍ തുറന്നു, ഞാന്‍ പ്രധാന നടയിലേക്ക് പ്രവേശിച്ചു. ആ മുഖം ശാന്തമായിരുന്നെങ്കിലും, ദൃഢമായിരുന്നു. കൈകള്‍ നീട്ടി എന്നെ വിളിക്കുന്നതായി തോന്നി. രണ്ടാമത്തെയും മുന്നാമത്തേയും വാതിലുകള്‍ തുറന്നു, പുഷ്പങ്ങളാല്‍ ആ പാദങ്ങള്‍ മൂടിയിരിക്കുന്നത് ഞാന്‍ കണ്ടു. ആ കാലടികളില്‍ എന്നെത്തന്നെ സമര്‍പ്പിച്ച് ഞാന്‍ കുറച്ചുനേരം കൂടി നിന്നു. ഓം നമോ നാരായണ.’– ദിവ്യ കുറിച്ചു.

ഫെബ്രുവരി നാലിന് യുഎസ് നഗരമായ ഹൂസ്റ്റണില്‍വെച്ചായിരുന്നു ദിവ്യയുടെ വിവാഹം. ആദ്യ വിവാഹ ബന്ധം വേര്‍പ്പെടുത്തിയ ശേഷമാണ് ദിവ്യ വീണ്ടും വിവാഹിതയായിരിക്കുന്നത്. മുംബൈ മലയാളി അരുണ്‍ കുമാര്‍ മണികണ്ഠനാണ് വരന്‍. അമേരിക്കയിലെ ഹൂസ്റ്റണിലെ ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍ വച്ചായിരുന്നു ചടങ്ങുകള്‍. എന്‍ജിനീയറായ അരുണ്‍ നാലുവര്‍ഷമായി ഹൂസ്റ്റണിലാണ്.

ഒരുവര്‍ഷം മുന്‍പാണ് അമേരിക്കന്‍ മലയാളിയുമായിട്ടുളള ആദ്യ വിവാഹബന്ധം വേര്‍പ്പെടുത്തിയത്. രണ്ടുമക്കളും ദിവ്യ ഉണ്ണിയോടൊപ്പമാണ്. തിരുവനന്തപുരത്ത് നിന്ന് മുംബൈക്ക് താമസം മാറ്റിയ മണികണ്ഠന്‍ നായരുടെ മകനാണ് അരുണ്‍ കുമാര്‍. വരന്റെയും വധുവിന്റെയും അടുത്ത ബന്ധുക്കള്‍ വിവാഹത്തില്‍ പങ്കെടുത്തിരുന്നു.