Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വയസ്സൻ കമ്മാരന് പിന്നിൽ ലാല്‍ ജോസിന്റെയും ദിലീപിന്‍റെയും അച്ഛന്മാർ

laljsoe-father-dileep ദിലീപ്, ലാൽ ജോസ്, ലാൽ ജോസിന്റെ പിതാവ്

ദിലീപിന്റെ ഗെറ്റപ്പുകൊണ്ട് ഇതിനോടകം ചർച്ചയായി കഴിഞ്ഞ സിനിമയാണ് കമ്മാരസംഭവം. മുപ്പതുകാരനായും തൊണ്ണൂറുകാരനായും ദിലീപ് ഈ ചിത്രത്തിലെത്തുന്നു.

ഇതിൽ 94 വയസുകാരനായ ദിലീപിന്റെ രൂപമാറ്റം ഏറെ ചര്‍ച്ചയായിരുന്നു. നരച്ച മുടിയും കട്ടിക്കണ്ണടയുമുള്ള ഗൗരവക്കാരനായ വൃദ്ധനെ ഇന്ത്യനിലെ കമല്‍ഹാസന്റെ രൂപത്തോടും സാമ്യപ്പെടുത്തി. 

ആരെയും അമ്പരിപ്പിക്കുന്ന രൂപമാറ്റത്തിന് പിന്നില്‍ ഇവരൊന്നുമല്ലെന്നാണ് സംവിധായകൻ രതീഷ് അമ്പാട്ട് പറയുന്നത്.

ദിലീപിന്റെ അച്ഛന്റേയും ലാല്‍ജോസിന്റെ പിതാവിന്റേയും രൂപത്തിന്റെ കോമ്പിനേഷന്‍ ആണ് കമ്മാരനെന്നാണ് സംവിധായകന്റെ വെളിപ്പെടുത്തല്‍. ദിലീപിന്റെ മുഖം മാത്രം ആദ്യം ഉപയോഗിച്ച് ഇമേജ് റെൻഡറിങ് സോഫ്റ്റ്‌വെയറുകളില്‍ നോക്കിയെങ്കിലും കൃത്യമായ ലുക്ക് ലഭിച്ചില്ല. 

അഞ്ച് വ്യത്യസ്ത ലുക്കുകൾ പരീക്ഷിച്ചതിന് ശേഷമാണ് ഇപ്പോഴുള്ള കമ്മാരനിലേക്ക് എത്തിയത്. ദിലീപിന്റെ അച്ഛന്റെയും ലാൽ ജോസിന്റെ അച്ഛന്റെയും റെഫറൻസ് ഉപയോഗിച്ചു.

ദിലീപിന് സ്വാഭാവികമായും അച്ഛന്റെ ഛായയുണ്ട്. ലാല്‍ജോസിന്റെ അച്ഛനെ പലപ്പോഴും കണ്ടിട്ടുണ്ട്. മുഴുവനായി നരച്ച മുടിയാണ് അദ്ദേഹത്തിന്. വ്യത്യസ്തമായ മീശയും ഹെയര്‍സ്‌റ്റെലുമുള്ള ലാല്‍ജോസിന്റെ അച്ഛന്റെ രൂപം കൂടെ പരീക്ഷിച്ചപ്പോള്‍ കമ്മാരന്‍ വ്യത്യസ്തനായെന്ന് സംവിധായകന്‍ രതീഷ് അമ്പാട്ട് പറയുന്നു. 

ദിലീപിനെ കമ്മാരനാക്കാന്‍ ദിവസവും അഞ്ചു മണിക്കൂറാണു മേക്കപ്പ്. എന്‍.ജി. റോഷന്റെ നേതൃത്വത്തിലുള്ള പ്രോസ്തറ്റിക് മേക്കപ്പ് സംഘമാണ് ഈ രൂപമാറ്റത്തിനു പിന്നില്‍. രാവിലെ എട്ടിന് ഷൂട്ടിംഗ് ആരംഭിക്കണമെങ്കില്‍ പുലര്‍ച്ചെ മൂന്നിനു മേക്കപ്പ് തുടങ്ങണം. അഞ്ചു മണിക്കൂര്‍ മാത്രമേ ഈ മേക്കപ്പ് നിലനില്‍ക്കുകയുള്ളൂവെന്നതിനാല്‍ അത്രയും സമയം മാത്രമേ ഷൂട്ട് ചെയ്യാനാവൂ. 

മീശയില്ലാത്ത ദിലീപിന്റെ ലുക്ക് അദ്ദേഹത്തിന്റെ അറസ്റ്റിന് മുമ്പേ ഷൂട്ട് ചെയ്ത് തീർത്തതാണ്. കട്ടിത്താടിയിലുള്ളത് കഴിഞ്ഞ വർഷം അവസാനവും.