Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഉള്ളുലയ്ക്കുന്ന കാഴ്ചകളുടെ പിന്നാലെ ടിനി ടോം; മമ്മൂട്ടിയുടെ പച്ചക്കൊടി

tini-mammootty നടൻ ടിനി ടോം ദുബായ് മുഹൈസിന മെഡിക്കൽ ഫിറ്റ്നസ് സെൻ്ററിലെ എംബാമിങ് കേന്ദ്രത്തിൽ. വലതു നിന്ന് ആദ്യം അഷ്റഫ് താമരശ്ശേരി. മധ്യത്തിൽ എംബാമിങ് സെൻ്ററിലെ ജീവനക്കാരൻ.

ദുബായ്: ലോകം സന്തോഷ ദിനം ആഘോഷിക്കുമ്പോൾ ചലച്ചിത്ര നടനും മിമിക്രി കലാകാരനുമായ ടിനി ടോം  ദുബായിൽ ഉള്ളുലയ്ക്കുന്ന കാഴ്ചകളുടെ പിന്നാലെയാണ്. മരണവും ജീവിതവും ഉച്ചച്ചൂടിൽ വിയർത്തുനിന്ന ഒരു ദിനത്തിലൂടെയാണ് സിനിമയിലൂടെ ആളുകളെ ചിരിപ്പിക്കുന്നതിൽ കേമനായ നടൻ കടന്നുപോയത്. യുഎഇയിലെ സാമൂഹിക പ്രവർത്തകൻ അഷ്റഫ് താമരശ്ശേരിയുടെ ജീവിതം പ്രമേയമാക്കി  തന്റെ തിരക്കഥയിൽ ഒരുങ്ങുന്ന ചിത്രത്തിന് വേണ്ടിയുള്ള വിവരങ്ങൾ ശേഖരിക്കാനുള്ള യാത്രയിൽ കണ്‍മുന്നിൽ തെളിഞ്ഞതും കേട്ടതുമൊക്കെ ജീവിതത്തിൽ ഒരിക്കലും മറക്കാനാകാത്ത അനുഭവങ്ങളാണെന്ന് അദ്ദേഹം മനോരമ ഒാൺലൈനിനോട് പറഞ്ഞു. 

ടെലിവിഷൻ ചാനലുകളിലും സിനിമകളിലുമൊക്കെ കാണാറുള്ള വർണശബളമായ ദുബായ് മാത്രമല്ല, ഇത്തരത്തിൽ നീറുന്ന ജീവിതങ്ങളുള്ള ഒരു മുഖം കൂടി നേരിട്ട് അനുഭവിച്ചപ്പോൾ, തന്റെ സിനിമ ഏത് രീതിയിലാണ് ലോകം കാണേണ്ടതെന്നതിനെക്കുറിച്ച് ടിനിയുടെ മനസിൽ വ്യക്തമായ രൂപവുമായി.


12 വർഷത്തെ പ്രവാസ ലോകത്തെ സാമൂഹിക ജീവിതത്തിനിടയിൽ അയ്യായിരത്തോളം മൃതദേഹങ്ങൾ ഇന്ത്യയടക്കം വിവിധ രാജ്യങ്ങളിലേയ്ക്ക് കയറ്റി അയച്ച, പ്രവാസി ഭാരതീയ സമ്മാൻ ജേതാവ് കൂടിയായ കോഴിക്കോട് താമരശ്ശേരി സ്വദേശി അഷ്റഫിന്റെ ജീവിമാണ് ടിനി അഭ്രപാളികളിലെത്തിക്കുക. സ്വന്തം ബിസിനസ് മറ്റുള്ളവരെ ഏൽപിച്ച് യാതൊരു സാമ്പത്തിക നേട്ടവും ആഗ്രഹിക്കാതെ, പുലർച്ചെ മുതൽ മൃതദേഹങ്ങൾക്ക് പിന്നാലെ അലയുന്ന അഷ്റഫ് ലോകത്തിന് ഒരു അത്ഭുതമാണ്.

ഒരാൾ മരിച്ചാൽ, അത് ഏത് രാജ്യം, മതം, ഭാഷ, നിറം ഇതൊന്നും നോക്കാതെ ആ മൃതദേഹം അയാളുടെ നാട്ടിലേയ്ക്ക്ക് കയറ്റി അയക്കാനുള്ള യുഎഇയിലെ നിയമനടപടികൾ പൂർത്തിയാക്കാൻ ബന്ധുക്കളെ  സഹായിക്കുന്ന അഷ്റഫിനെ പോലെ ഒരു വ്യക്തി ലോകത്തെവിടെയും ഉണ്ടായിരിക്കില്ല. അതുകൊണ്ട് അദ്ദേഹത്തെ മാർപ്പാപ്പയേക്കാളും പ്രധാനപ്പെട്ടയാളായി കാണുന്നു. അഷ്റഫ്ക്കയുടെ ജീവിതം അറിഞ്ഞ എൻ്റെ ഭാര്യയാണ് ആദ്യമായി അദ്ദേഹത്തെ മാർപ്പാപ്പയോട് ഉപമിച്ചത്. മരണവീട് അല്ലെങ്കിൽ ആശുപത്രി, മോർച്ചറി, പൊലീസ് സ്റ്റേഷൻ, എംബാമിങ് കേന്ദ്രം, സെമിത്തേരി തുടങ്ങിയ സ്ഥലങ്ങളിലാണ് അഷ്റഫിന്റെ ഒരു ദിവസം കത്തിത്തീരുന്നത്. പ്രതിദിനം അഞ്ചോളം മൃതദേഹം അദ്ദേഹം കയറ്റിയയക്കുന്നു.

മരിച്ചവരുടെ ബന്ധുക്കളുടെ ദുഃഖം സ്വയം ഏറ്റുവാങ്ങി, അവരെ സമാശ്വസിപ്പിക്കുക കൂടി ഇൗ മനുഷ്യസ്നേഹി തന്റെ കർത്തവ്യമായി കരുതുന്നു. ഇന്നലെ അഷ്റഫിന്റെ കൂടെ ചെലവഴിച്ചപ്പോൾ, പത്താം തരം പരീക്ഷയെഴുതുന്ന മകളും ഭാര്യയുമടങ്ങുന്ന കുടുംബത്തെ പ്രവാസ ഭൂമികയിൽ ഒറ്റയ്ക്കാക്കി വേർപിരിഞ്ഞുപോയ തമിഴ് നാട് സ്വദേശി ആൻഡ്രൂ എന്നയാളുടെ മൃതദേഹം അയക്കുന്ന ജോലി മുഴുവൻ ചെയ്യുന്നത് കണ്ടു മനസിലാക്കി. ശരിക്കും മനസിനെ ആഴത്തിൽ സ്പർശിച്ച അനുഭവങ്ങളാണിതൊക്കെയെന്ന് ടിനി പറയുന്നു. അഷ്റഫ് ഇന്ന് രാജ്യാന്തര തലത്തിൽ പ്രശസ്തനാണ്. യുഎഇയിൽ എവിടെ ചെന്നാലും ആളുകൾ അദ്ദേഹത്തെ തിരിച്ചറിയുന്നു. വന്നു പരിചയപ്പെടുന്നു. ഒരു കഫ്റ്റീരിയയിൽ കയറിയാൽ ചായയുടെ കാശ് പോലും വാങ്ങാൻ കടക്കാരൻ കൂട്ടാക്കുന്നില്ല. ഇത്തരമൊരു മനുഷ്യ സ്നേഹിക്കുള്ള ആദരവായിരിക്കും ഇൗ ചിത്രം. എല്ലാത്തരം പ്രേക്ഷകർക്കും കണ്ടാസ്വദിക്കാവുന്ന ിനിമയായിരിക്കും ഇത്. 

മമ്മൂട്ടിയുടെ പച്ചക്കൊടി

കഥയുമായി  മമ്മൂട്ടിയെ സമീപിച്ചപ്പോൾ സധൈര്യം മുന്നോട്ടുപോകാൻ പച്ചക്കൊടി കാണിച്ചു.  അഷ്റഫിന്റെ ജീവിതം  അപ്പാടെ പകർത്തുകയല്ല, അദ്ദേഹത്തിന്റെ ഇടപെടലുകളിലൂടെ പ്രവാസി ജീവിതത്തിൻ്റെ തീവ്രതയും ഉൗഷ്മളതയും ലോകത്തെ അറിയിക്കുകയാണ് ഉദ്ദേശിക്കുന്നത്. അതോടൊപ്പം, പ്രവാസി മലയാളികളുടെ ഇടയിലെ രസകരമായ സംഭവങ്ങൾ ആക്ഷേപ ഹാസ്യത്തിലൂടെയും പറയും. അഷ്റഫിന്റെ പ്രവർത്തനങ്ങൾക്ക് പിന്തുണ നല്‍കി എന്നും കൂടെ നടക്കുന്ന ഷിൻ്റോ, സദാശിവൻ എന്നീ കഥാപാത്രങ്ങളെ പ്രധാന നടന്മാർ അവതരിപ്പിക്കും.  മറ്റു കഥാപാത്രങ്ങളെ യുഎഇയിൽ നിന്ന് തിരഞ്ഞെടുക്കും. ഇവിടുത്തെ തിയറ്റർ രംഗത്ത് പ്രവർത്തിക്കുന്നവർക്കും അല്ലാത്തവർക്കും അവസരം നൽകും. ഏപ്രിലിൽ തിരക്കഥയുടെ പൂർണ രൂപമാകും. മലയാളത്തിലെ പ്രമുഖ സംവിധായകനായിരിക്കും ചിത്രം ഒരുക്കുക. തിരക്കഥാ രചനയ്ക്ക് സതീഷ് സഹായിക്കുന്നു.

1995 മുതല്‍ ഞാൻ യുഎഇയിലെ സന്ദർശകനാണ്. ജീവിതത്തിൽ ഒാർക്കാനുള്ള ഒരു ദിവസമാണ് അഷ്റഫ് ഇന്നലെ സമ്മാനിച്ചത്, ഒട്ടേറെ തിരിച്ചറിവുകളും ഇത് പകർന്നുതന്നു.  ഒരു നിയോഗം പോലെ ഞാനീ പദ്ധതിയിൽ എത്തപ്പെട്ടു. പിന്നീടിതെന്റെ സ്വപ്‍നപദ്ധതിയായി മാറി. സാമ്പത്തിക നേട്ടത്തിനോ പ്രശസ്തിക്കോ വേണ്ടിയല്ല ഞാനിതേറ്റെടുത്തത്. അതിനൊക്കെയുള്ള മരുന്ന് എൻ്റെ കൈയിൽ വേറെയുണ്ട്.  എന്ത് പ്രതിസന്ധികൾ തരണം ചെയ്തും ഞാനീ സിനിമ യാഥാർഥ്യമാക്കും. മമ്മുട്ടി എന്ന മഹാ നടൻ്റെ പൂർണ പിന്തുണ എനിക്കുണ്ട്; പിന്നെ അഷ്റഫിനെ സ്നേഹിക്കുന്ന, അദ്ദേഹത്തിൻ്റെ നന്മയ്ക്കായി പ്രാർഥിക്കുന്ന ഇൗ ലോകത്തിൻ്റെ വിവിധ കോണുകളിലുള്ള ആയിരക്കണക്കിന് പേരുടെയും– ടിനി പറഞ്ഞു.

related stories