Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കലാഭവൻ മണി ഇന്നും ജീവിക്കുന്നു മുരുകനിലൂടെ

mka

ജീവിതത്തിൽ മറ്റുള്ളവർക്ക് വേണ്ടി ഒരുപാട് നന്മകൾ െചയ്ത വ്യക്തിയാണ് കലാഭവൻ മണി. ചാലക്കുടിയിലെ നാട്ടുകാർക്ക് മാത്രമല്ല സഹായം തേടി തന്റെ മുന്നിലെത്തുന്നവർ ആരായാലും അവരെ ഇരുകയ്യും നീട്ടി സഹായിക്കാൻ അദ്ദേഹത്തിന് മടി ഉണ്ടായിരുന്നില്ല. കലാഭവൻ മണി വിടവാങ്ങിയിട്ട് വർഷങ്ങൾ പിന്നിടുമ്പോൾ ഇതാ അദ്ദേഹത്തിന്റെ സത്പ്രവർത്തികളുടെ മറ്റൊരു ഉദാഹരണം. മണിയുടെ സഹോദരൻ ആർഎൽവി രാമകൃഷ്ണനാണ് സംഭവം പ്രേക്ഷകരെ അറിയിച്ചത്.

രാമകൃഷ്ണന്റെ കുറിപ്പ് വായിക്കാം–

കലാഭവൻ മണി ഇന്നും ജീവിക്കുന്നു മുരുകനിലൂടെ!! ഇന്നലെ എറണാകുളം ജില്ലയിലെ പുക്കാട്ടുപടി വള്ളത്തോൾ ഗ്രാമീണ വായനശാലയുടെ അറുപതാം വാർഷിക ദിനത്തോടനുബന്ധിച്ച് കലാഭവൻ മണി അനുസ്മരണ ചടങ്ങിൽ പങ്കെടുക്കാൻ ഞാൻ പോയിരുന്നു. 

അവിടെ വച്ച് വികാരനിർഭരമായ ഒരു സന്ദർഭത്തിന് സാക്ഷിയാകേണ്ടി വന്നു. രണ്ട് കിഡ്നിയും തകരാറിലായി മരണത്തോട് അടുത്ത മുരുകൻ എന്ന യുവാവ് യാദൃശ്ചികമായി ലോകനാഥൻ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങ് ലൊക്കേഷനിൽ മണി ചേട്ടനെ കാണാൻ ഇടയായത് മുരുകന്റെ ജീവിതത്തിലെ വഴിത്തിരിവായി. 

മുരുകന്റെ അവസ്ഥയറിഞ്ഞ് നാട്ടുകാരോട് മണി ചേട്ടൻ ഇങ്ങനെ പറഞ്ഞത്രെ.. " ഞാൻ ഇപ്പോ ഒരു തുക തന്നാൽ അത് ഇയാളുടെ ചികിത്സയ്ക്ക് തികയാതെ വരും. ആയതിനാൽ എന്റെ ഒരു പരിപാടി നിങ്ങൾക്ക് സൗജന്യമായി ഞാൻ ചെയ്തു തരാം. നിങ്ങൾ ടിക്കറ്റ് പരിപാടി നടത്തി മുരുകന് ചികിത്സയ്ക്കാവശ്യമായ പണം കണ്ടെത്തിക്കോളു "... എന്ന് പറഞ്ഞ് നിശ്ചയിച്ച തിയതിക്ക് പരിപാടി നടത്തി മുരുകന് ആവശ്യമുള്ളത്ര പണം കണ്ടെത്തി. 

ഇപ്പോൾ മുരുകൻ ഓപ്പറേഷൻ നടത്തി ജീവിതത്തിലേക്ക് തിരിച്ചെത്തിയിരിക്കുന്നു. ഇന്നലെ എന്നെ കണ്ടപ്പോൾ മണി ചേട്ടാ എന്ന് കരഞ്ഞ് കൊണ്ട് ഓടി വന്ന് കെട്ടിപിടിച്ചപ്പോൾ "ചേട്ടൻ മരിച്ചിട്ടില്ല ഇവിടെയൊക്കെ തന്നെയുണ്ട് എന്ന് തോന്നി ". 

ചേട്ടൻ ജീവിക്കുന്നു ഈ മുരുകനിലൂടെ. ഇങ്ങനെ എത്ര സ്ഥലത്ത് മണിച്ചേട്ടന്റെ വലത് കൈ കൊടുത്തത് ഇടതു കൈ അറിയാതെ ചെയ്തിരിക്കുന്നു. അവർ ഓരോരുത്തരും നന്ദിയോടെ നമ്മളെ കാണുമ്പോൾ കണ്ണുനീർ പൊഴിക്കുന്നു. അതിനിടയ്ക്ക് ചില താമരമക്കൾ മണി ചേട്ടൻ അവസരങ്ങൾ കൊടുത്തിട്ടും രക്ഷപ്പെടുത്തിയില്ല എന്ന് പറഞ്ഞ് ചില ചാനലിലൂടെ മുതലക്കണ്ണീർ ഒഴുക്കുന്നത് കാണുമ്പോൾ അവരോട് എന്ത് പറയണം എന്ന് നിശ്ചയമില്ലാതെ അന്തം വിട്ട് നിൽക്കുകയാണ്. 

മരണത്തോട് മല്ലിട്ട് ജയിച്ചു വന്ന മുരുകനെ പോലുള്ളവരുടെ പ്രാർത്ഥനകൾ മതി മണി ചേട്ടന്റെ ആത്മാവിന് സന്തോഷം ലഭിക്കാൻ .ഇതെല്ലാം മറഞ്ഞിരുന്ന് കാണുന്നുണ്ടാകും നമ്മുടെ ചേട്ടൻ. മണി ചേട്ടൻ മരണത്തിൽ നിന്ന് കൈ പിടിച്ചുയർത്തിയ മുരുകനെ നിങ്ങൾക്കായി പരിചയപ്പെടുത്തുന്നു. എല്ലാവരും പ്രാർത്ഥിക്കുക മുരുകനു വേണ്ടിയും, മണി ചേട്ടന്റെ ആത്മാവിനു വേണ്ടിയും.