Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സാർ, അടുത്ത ബോംബ് എന്ന് പൊട്ടിക്കും; പ്രേക്ഷകന് രസികൻ മറുപടിയുമായി മേജർ രവി

major-ravi-troll

‘മേജർ രവി സാർ, അടുത്ത ബോംബ് എന്ന് പൊട്ടിക്കും’...പ്രേക്ഷകന്റെ ചോദ്യത്തിന് ഉടൻ തന്നെ മേജർ രവിയുടെ മറുപടിയെത്തി, ‘അറിയിക്കാം മോനേ’. മലയാളസിനിമയിൽ ഏറ്റവുമധികം ട്രോളുകൾ നേരിടേണ്ടി വരുന്ന സംവിധായകനാണ് മേജർ രവി. എന്നാൽ ഇത്തരം ട്രോളുകളെ രസകരമായി മാത്രമാണ് അദ്ദേഹം എടുക്കാറുമൊള്ളൂ. ഈയിടെ ഫെയ്സ്ബുക്കിലൂടെ ആരാധകരുമായി സംവദിക്കാൻ അദ്ദേഹം സമയം കണ്ടെത്തി. 

രസകരമായ നിരവധി ചോദ്യങ്ങളാണ് അദ്ദേഹത്തിന് നേരിടേണ്ടി വന്നത്. പരിഹസിച്ചെത്തിയവരെ സ്നേഹപൂർവമായ മറുപടികള്‍ കൊണ്ട് നേരിട്ട മേജർ രവിയുടെ സമീപനത്തെ പ്രശംസിച്ചും പിന്തുണച്ചും ആരാധകര്‍ എത്തി.

എന്നാണ് അടുത്ത ബോംബിടുന്നത് എന്ന ചോദ്യത്തിന് അറിയിക്കാം സഹോദരാ എന്നായിരുന്നു മേജർ രവിയുടെ മറുപടി. ട്രോളുകളെ എങ്ങനെ കാണുന്നുവെന്ന ചോദ്യത്തിന് ‘ട്രോളുകള്‍ ഒക്കെ ആവേശം അല്ലേ’ എന്നായിരുന്നു ഉത്തരം. 

മേജർ രവിയോട് ആരാധകർ ചോദിച്ച ചോദ്യങ്ങളും അദ്ദേഹത്തിന്റെ ഉത്തരവും

ചോദ്യം: സാറിനെ ട്രോളിയാൽ സാർ എങ്ങനെ പ്രതികരിക്കും... ? അവരെ വെടി വെച്ചു കൊല്ലുമോ ? പട്ടാളം പുരിശു!

ഉത്തരം: പാവങ്ങൾ അല്ലെ അവർ. വെറുതെ ഇരുന്ന് ട്രോൾ ചെയ്യുന്നത് അല്ലേ, സാരമില്ല.

ചോദ്യം: ‘അടുത്ത പടം ആരെവെച്ചാണ്... ലാലേട്ടനേ വച്ചാണെങ്കിൽ തിരക്കഥ അതിസൂക്ഷമമായി എഴുതണം’

ഉത്തരം: അടുത്ത സിനിമ മോഹൻലാൽ സാറിനെവെച്ചല്ല.

ചോദ്യം: താങ്കൾ മിലിട്ടറി, പൊലീസ് വേഷങ്ങൾ മാത്രമേ ചെയ്യുകയുള്ളോ. എന്തുകൊണ്ട് മറ്റ് വേഷങ്ങൾ ശ്രമിച്ചുകൂടാ.

ഉത്തരം: മറ്റു വേഷങ്ങൾ ചെയ്യുന്നുണ്ട്. കുറച്ച് ചെയ്ത് കഴിഞ്ഞു.

ചോദ്യം: താങ്കൾ എന്തൊക്കെ നീക്കങ്ങൾ നടത്തുമ്പോഴും ട്രോളുകൾ വരാറുണ്ട്. അതിനെ എങ്ങനെ കാണുന്നു.

ഉത്തരം: അവർ ചെയ്യട്ടെ, പക്ഷേ ഒരു പരിതി കഴിഞ്ഞാൽ അത് നമുക്ക് ഉണ്ടാക്കുന്ന വേദന ആരും മനസ്സിലാക്കുന്നില്ല. എനിക്ക് ഇതൊരു ആവേശമാണ്. അതുകൊണ്ട് കാര്യമായി എടുക്കുന്നില്ല.

മികച്ച നടൻ മമ്മൂട്ടിയോ മോഹൻലാലോ എന്നായിരുന്നു ചിലർക്ക് അറിയേണ്ടിരുന്നത്. രണ്ടുപേരും അവരുടേതായ രീതിയിൽ മികച്ചതാണെന്നും താരതമ്യം പാടില്ലെന്നും അദ്ദേഹം പറഞ്ഞു. മമ്മൂട്ടിയെവെച്ച് ഒരു സിനിമ ഉടൻ ഉണ്ടാകില്ലെന്നും 1971 ബിയോണ്ട് ബോർഡേർസ് രണ്ടാം ഭാഗം ചെയ്യാൻ പദ്ധതിയില്ലെന്നും അദ്ദേഹം അറിയിച്ചു.

Read More: പ്രണവിന്റെ ആദി; മേജർ രവിയെ ട്രോളുന്നവർ അറിയാൻ

ആശംസകൾക്കും ട്രോളുകൾക്കും നന്ദിയുണ്ടെന്നും കുറച്ച് നേരം നിങ്ങളുമായി സമയം പങ്കിടാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നും മേജർ രവി പറഞ്ഞു. തന്റെ അടുത്ത ചിത്രം പട്ടാളസിനിമയല്ലെന്നും അദ്ദേഹം അറിയിച്ചു. മേജർ രവി റിട്ടയേർഡ് ആണെങ്കിലും ടയേർഡ് (Major Ravi is retired but not tired) അല്ലെന്നും അദ്ദേഹം വ്യക്തമാക്കി.