Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘അസുഖം മാറിയില്ലെങ്കിൽ കയ്യും കാലുംകെട്ടി കൊണ്ടു പോകും’; ശാന്തിവിള ദിനേശിനെതിരെ ആലപ്പി അഷ്റഫ്

alappi-shrad

കലാഭവൻ മണിയെ കുറ്റപ്പെടുത്തി സംവിധായകൻ ശാന്തിവിള ദിനേശ് പറഞ്ഞ വാക്കുകൾ വിവാദമാകുകയാണ്. മണി അഹങ്കാരിയാണെന്നും മൈക്കിലൂടെ ദാരിദ്ര്യത്തെക്കുറിച്ച് സംസാരിക്കാറുണ്ടായിരുന്ന മണി സമ്പന്നനായപ്പോള്‍ ചെയ്തതു പലതും പുറത്തു പറയാന്‍ കഴിയില്ലെന്നുമായിരുന്നു ശാന്തിവിള ദിനേശ് ചാനൽ അഭിമുഖത്തിൽ വെളിപ്പെടുത്തിയത്.

ഈ വിഷയത്തിൽ ശാന്തിവിള ദിനേശിനെ വിമർശിച്ച് സംവിധായകൻ ആലപ്പി അഷ്റഫ് രംഗത്തെത്തി. കലാഭവൻ മണി കേരളത്തിന്റെ സ്വത്താണെന്നും അതിൽ ജാതീയത കലർത്തരുതെന്നും ആലപ്പി അഷ്റഫ് പറയുന്നു.

ആലപ്പി അഷ്റഫിന്റെ കുറിപ്പ്–

‘ഈ ശാന്തിവിള എന്താ ഇങ്ങനെ... മനോനില പൂർണമായി തകരാറിലായോ...? നേരത്തെതന്നെ ശകലം പിരിവെട്ടുണ്ട്... കലാഭവൻ മണി കേരളത്തിന്റെ സ്വത്താണ്... മുത്താണ് ..അതിൽ ജാതീയത കലർത്തരുതേ സഹോദരാ...

ദിനേശന് പണ്ടുതൊട്ടെ താഴ്ന്ന ജാതിക്കാരെ ഇഷ്ടമല്ലല്ലോ... അത് ഇനിയും മാറ്റിക്കൂടെ... നമ്മളെല്ലാവരും സഹോദരങ്ങല്ലെ ശാന്തിവിള.... മനുഷ്യനെ സ്നേഹിക്കാൻ പഠിക്കുക... ജാതി മത ചിന്തകൾ വലിച്ചെറിഞ്ഞൂടെ... ഉയർന്ന ജാതിക്കാരൻ, ക്വട്ടേഷൻ റേപ്പ് ചെയ്താലും അത് ന്യായമാണെന്ന് പറയുന്നത് പൊതുസമൂഹം കണ്ട് താങ്കളെ വിലയിരുത്തുന്നുണ്ട് എന്ന് മനസ്സിലാക്കുക...

ഞാനാണ് എല്ലാം എന്ന അഹന്ത മാറ്റുക... ഇനിയും അസുഖം മാറിയില്ലങ്കിൽ ഞങ്ങൾ കയ്യും കാലുംകെട്ടി കൊണ്ടു പോകും... മണിയെ പറഞ്ഞാൽ സഹിക്കാവുന്നതിനും ഒരു പരിധിയുണ്ട്.. നിനക്കെതിരെ നിയമ നടപടികൾ എടുക്കാൻ മണിയെ സ്നേഹിക്കുന്ന ഉശിരുള്ള അഭിഭാഷകർ ഉണ്ട് ഈ നാട്ടിൽ.. കാത്തിരുന്നു കാണാം.’

ശാന്തിവിള ദിനേശിന്റെ വാക്കുകള്‍:

മാക്ടയുടെ ജനറല്‍ ബോഡിയില്‍ സൂപ്പര്‍താരങ്ങള്‍ക്കെതിരെ സംസാരിച്ചതോടെയാണ് കലാഭവന്‍ മണി എനിക്കെതിരായത്. മാക്ടയിലെ അന്നത്തെ എന്റെ അഭിപ്രായ പ്രകടനം സംവിധായകന്‍ ഷാജി കൈലാസ്, ഹൈദരാബാദിലായിരുന്ന മണിക്ക് ഫോണിലൂടെ കേള്‍പ്പിച്ചു കൊടുത്തു. ഈ അസ്വാരസ്യങ്ങള്‍ വളര്‍ന്നതോടെ കലാഭവന്‍ മണിയെ എന്റെ സിനിമയില്‍നിന്ന് ഒഴിവാക്കി.

സ്‌റ്റേജില്‍ മൈക്കിലൂടെ ദാരിദ്ര്യത്തെക്കുറിച്ച് സംസാരിക്കാറുണ്ടായിരുന്ന മണി സമ്പന്നനായപ്പോള്‍ ചെയ്തതു പലതും പുറത്ത് പറയാന്‍ കഴിയില്ല. ഫോറസ്റ്റ് ഓഫിസര്‍മാരെ തല്ലിയത് അതിന് ഉദാഹരണമാണ്. അന്ന് ജാതിയുടെ പേരു പറഞ്ഞ് ഡിജിപി സെന്‍കുമാര്‍ മണിയെ ന്യായീകരിക്കുകയായിരുന്നു. സത്യത്തില്‍ സെന്‍കുമാറിനോട് പുച്ഛമാണ് തോന്നിയത്.