Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘കലാഭവൻ മണിയുടെ ശവക്കുഴി തോണ്ടുന്നതിന് തുല്യമാണ് ആ വാക്കുകൾ’

santhi

കലാഭവന്‍ മണിക്കെതിരെ രൂക്ഷമായി ആരോപണമുന്നയിച്ച സംവിധായകന്‍ ശാന്തിവിള ദിനേശിനെതിരെ നിമയനടപടി സ്വീകരിക്കാനൊരുങ്ങി കുടുംബം. ഇതു സംബന്ധിച്ച് സാംസ്കാരിക വകുപ്പിനും അമ്മയ്ക്കും പരാതി നൽകിയെന്ന് മണിയുടെ സഹോദരൻ ആർ.എൽ.വി രാമകൃഷ്ണൻ മനോരമ ന്യൂസ് ഡോട്ട്കോമിനോട് പറഞ്ഞു.  

എന്റെ ചേട്ടൻ മരിച്ചിട്ട് രണ്ടുകൊല്ലമായി. അദ്ദേഹത്തിന്റെ കുടുംബവും ആരാധകരും ആ ഷോക്കിൽ നിന്ന് ഇതുവരെ മാറിയിട്ടില്ല. കലാഭവൻ മണി എന്ന മനുഷ്യന്റെ ശവക്കുഴി തോണ്ടുന്നതിന് തുല്യമാണ് ശാന്തിവിള ദിനേശിന്റെ വാക്കുകൾ. ഇതൊക്കെ ഇൗ കുടുംബത്തെ എന്തുമാത്രം വേദനിപ്പിക്കുമെന്ന് എന്താ ഒാർക്കത്തത്–  ആർ.എൽ.വി രാമകൃഷ്ണൻ ചോദിച്ചു.

ഇതിന് പിന്നിൽ ഗൂഡാലോചനയുണ്ടെന്നാണ് എനിക്കും പറയാനുള്ളത്. ഇല്ലെങ്കിൽ യാതൊരു പ്രകോപനവുമില്ലാത്ത ഒരു അവസരത്തിൽ ഇങ്ങനെ അവഹേളിക്കേണ്ട കാര്യം എന്താണ്. ഇതിന് പിന്നിൽ ആരോ ഉണ്ട്. എന്താണ് അവരുടെ ലക്ഷ്യം എന്നറിയില്ല. കേരളം സ്നേഹിക്കുന്ന ഒരു മനുഷ്യനെ പറ്റി ഇത്തരത്തിൽ മോശമായ സംസാരിക്കാൻ അയാൾക്ക് എങ്ങനെ സാധിക്കുന്നു. ജീവിച്ചിരുന്നപ്പോഴോ മണിച്ചേട്ടനെതിരെ കേസുകൾ വന്നപ്പോഴോ പ്രതികരിക്കാതിരുന്ന ഒരാൾ ഇൗ സമയത്ത് ഇത്തരത്തിൽ ഒരു അവഹേളനം നടത്തിയത് അന്വേഷിക്കണമെന്നാണ് പറയാനുള്ളത്.

ഇതും സംബന്ധിച്ച് സാംസാകാരിക വകുപ്പിന് ഇ–മെയിലൂടെ പരാതി നൽകിയിട്ടുണ്ട്. അമ്മയിലും പരാതി നൽകി. മമ്മൂട്ടി സാറിന് വാട്സ്ആപ്പിലൂടെയാണ് ഞാൻ പരാതി നൽകിയത്. ശാന്തിവിള ദിനേശ് നടത്തിയ പരാമർശങ്ങളുള്ള വിഡിയോയും ഞാൻ അദ്ദേഹത്തിന് അയച്ചുനൽകിയിട്ടുണ്ട്. 

തിരുവനന്തപുരത്തെത്തി മന്ത്രി എ,കെ ബാലന് നേരിട്ട് പരാതി നൽകാനുള്ള ഒരുക്കത്തിലാണ്. ചോദിക്കാനും പറയാനും ആരും ഇല്ലെന്ന ചിന്തയാണ് ഇത്തരം അവഹേളനങ്ങൾക്ക് പിന്നിൽ. ചാലക്കുടിയിലും മണിച്ചേട്ടന്റെ സ്മൃതികുടീരം കാണാനെത്തുന്നവരും ഇതേ പറ്റി പറയാറുണ്ട്. ഇത് അങ്ങനെ വിട്ടുകളയാൻ ഞങ്ങൾ ഒരുക്കമല്ല. മണിച്ചേട്ടന്റെ ആത്മാവിനെ പോലും അവഹേളിക്കുകയാണ് ഇവിടെ. സഹിക്കാൻ പറ്റുന്നില്ല. അത്രത്തോളം സങ്കടമുണ്ട് അയാളുടെ വാക്കുകൾ കേൾക്കുമ്പോൾ. ഞങ്ങൾക്ക് ഉറപ്പാണ് ഇതിന് പിന്നിൽ ആരോ ഉണ്ട്. ഒരു ഗൂഡാലോനയുടെ ഭാഗമാണ് ഇൗ വാക്കുകൾ– സഹോദരന്‍ പറ‍ഞ്ഞു.