Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘ആരുമില്ല കൂടെ, പൊട്ടിക്കരഞ്ഞുപോയി’; സ്റ്റേജ് ഷോയിൽ വികാരാധീനനായി സലിം കുമാർ

salim-kumar-smile

ഏറെ നാളുകൾക്ക് ശേഷം സ്റ്റേജിൽ കോമഡി സ്കിറ്റ് അവതരിപ്പിച്ച സലിം കുമാർ വികാരാധീനനായി. പത്ത് വർഷത്തിന് ശേഷമായിരുന്നു അദ്ദേഹം സ്റ്റേജ് ഷോ ചെയ്യുന്നത്. നടൻ സുരാജ് വെഞ്ഞാറമൂടിനൊപ്പമായിരുന്നു അദ്ദേഹം പരിപാടി അവതരിപ്പിച്ചത്. സ്കിറ്റിന് ശേഷം സലിം കുമാർ പറഞ്ഞ വാക്കുകളാണ് പ്രേക്ഷകരെ കണ്ണീരിലാഴ്ത്തിയത്.

‘ഏറെ പിന്തുണച്ച സുരാജിനാണ് ഏറെ നന്ദി പറയേണ്ടത്. സത്യം പറഞ്ഞാൽ ഈ സ്കിറ്റ് അവതരിപ്പിക്കുമ്പോൾ കയ്യും കാലും വിറയ്ക്കുകയായിരുന്നു. കാരണം കൂടെ കളിച്ച കലാഭവൻ മണി, സന്തോഷ് കുറുമശേരി, അബി, റൊണാൾഡ്, ഷിയാസ് ഇവരൊന്നും ഇല്ല എനിക്കൊപ്പം. വല്ലാത്തൊരു അവസ്ഥയായിപ്പോയി. സ്റ്റേജിൽ കയറണോ വേണ്ടയോ, എന്താണ് ചെയ്യേണ്ടതെന്ന് പോലും അറിയില്ലായിരുന്നു. സ്റ്റേജിലെ പ്രാർത്ഥനാസമയത്ത് പൊട്ടിക്കരഞ്ഞുപോയി. ആരുമില്ല കൂടെ, ഒറ്റയ്ക്ക് ആയ അവസ്ഥ എനിക്ക് തോന്നുകയുണ്ടായി. ഈ വേദിയില്‍ പറയാൻ പാടില്ലാത്തതാണ്. ആഹ്ലാദിച്ചിരിക്കുന്ന നമ്മൾ ഒരുനിമിഷമെങ്കിലും ആലോചിക്കണം നാമെല്ലാം അടുത്ത ബസ് സ്റ്റോപ്പിൽ ഇറങ്ങിപ്പോകേണ്ട ആളുകളാണെന്ന്. പത്ത് വർഷത്തിന് ശേഷമാണ് സ്റ്റേജിൽ പരിപാടി അവതരിപ്പിക്കുന്നത്.’–സലിം കുമാർ പറഞ്ഞു.