Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പുലിമുരുകനിൽ മോഹൻലാല്‍ അഭിനയിച്ചത് പ്രതിഫലം കൈപ്പറ്റാതെ: ടോമിച്ചൻ മുളകുപാടം

tomichan-mohanlal

പുലിമുരുകൻ റിലീസായി ഇരുപത്തിയഞ്ചാം ദിവസം മാത്രമാണ് മോഹൻലാൽ തന്റെ പ്രതിഫലം കൈപ്പറ്റിയതെന്ന് നിർമാതാവ് ടോമിച്ചൻ മുളകുപാടം. രാമലീലയുടെ വിജയാഘോഷചടങ്ങിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.

ടോമിച്ചൻ മുളകുപാടത്തിന്റെ വാക്കുകൾ–

‘ഇങ്ങനെയൊരു വേദിയിൽ വന്നിരിക്കാൻ അവസരമുണ്ടാക്കി തന്നതിന് ആദ്യമായി ദൈവത്തിന് നന്ദി പറയുന്നു. രാമലീല എന്നൊരു സിനിമ റിലീസ് ചെയ്യാൻ വേണ്ടി കുറെ ഏറെ കഷ്ടപ്പെട്ടു. ചിത്രീകരണമൊക്കെ കഴിഞ്ഞ് രാമലീല റിലീസിന് തയ്യാറായി. പക്ഷേ ദിലീപിന്റെ സിനിമയായതിനാൽ അത് എടുക്കാൻ തിയറ്റുകാർ മ‍ടികാണിക്കുന്നു. ജൂലൈ മാസത്തിൽ റിലീസ് ചെയ്യേണ്ട സിനിമയായിരുന്നു രാമലീല. എന്നാൽ ഈ സിനിമ ഒരു തിയറ്ററുകാരും കളിക്കില്ല എന്നുതീരുമാനിച്ചു. നമ്മളെ കാണുമ്പോൾ ആർക്കും ഒരു പ്രശ്നവുമില്ല. തിയറ്ററിൽ പടം ഓടിക്കാം എന്നു പറയും . പിന്നെ പറയും ഞങ്ങൾക്ക് ഡേറ്റ് ഇല്ല എന്ന്. ഏറെ ബുദ്ധിമുട്ടിയാണ് ഓരോ സിനിമയും ചെയ്യുന്നത്. സിനിമ നല്ലതാണെന്നും എനിക്കറിയാം. നല്ല സിനിമയാണെങ്കിൽ ഓടും. ജനങ്ങളാണ് സിനിമയെ നല്ലതാക്കുന്നത്. ആ ജനങ്ങളോടാണ് നന്ദി പറയേണ്ടത്. നല്ല സിനിമ ആരെടുത്തോ അത് ജനങ്ങൾ കാണും. അതിലെനിക്ക് നൂറു ശതമാനം ഉറപ്പുണ്ട്. 

പുലിമുരുകൻ സിനിമ എടുത്ത സമയത്ത് ഷൂട്ടിങ് നൂറ് ദിവസം വരെ പിന്നിട്ടു. സിനിമാ മേഖലയിൽ ഇതുതന്നെ സംസാരം. ‘ഇവനെന്തോ സുഖമില്ലാത്തവനാണ്. കാശ് പോയിക്കൊണ്ടിരിക്കുകയാണ്. ഈ സിനിമ ഇറങ്ങത്തില്ല’. പല ബുദ്ധിമുട്ടുകളും ഈ സിനിമയിൽ എനിക്ക് ഉണ്ടായിട്ടുണ്ട്. 2007 ൽ ഞാൻ ഫ്ലാഷ് തുടങ്ങുമ്പോൾ മുതൽ ആന്റണിയുമായി പരിചയമുണ്ട്. ഇന്നും ഒരു കുടുംബാംഗമായി പോകുന്നു. ആന്റണി ഷൂട്ടിങ്ങിന് എല്ലാ ദിവസവും രാവിലെ ചേട്ടാ എന്തെങ്കിലും പ്രശ്നമുണ്ടോ എന്ന് ചോദിക്കും. ഞങ്ങൾ ഉദ്ദേശിച്ച ബജറ്റിനേക്കാൾ മൂന്നിരട്ടി പോയ പടമാണ്. 

സാമ്പത്തികമായി ഏറ്റവും സപ്പോർട്ട് ചെയ്ത ആളാണ് ആന്റണിയും ലാൽസാറും. ആ സിനിമയുടെ പ്രതിഫലം ലാൽ സാറിന് കൊടുക്കുന്നത് പുലിമുരുകൻ റിലീസായി 25 ദിവസം കഴിഞ്ഞതിന് ശേഷമാണ്. ആരും വിശ്വസിക്കില്ല. ലാൽ സാർ 200 ദിവസം അഭിനയിക്കുകയും ചെയ്തു, സാമ്പത്തികമായി സഹായിക്കുകയും ചെയ്തു. മലയാളം ഇൻഡസ്ട്രി തന്നെ ഓർക്കേണ്ട ഒരുകാര്യമാണിത്.’