Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പാർവതി ലാലേട്ടനെക്കുറിച്ച് പറഞ്ഞ ഡയലോഗ് ഓർത്ത് ചിരിക്കും: മഞ്ജു വാരിയർ

parvathy-manju

മോഹൻലാലിന്റെ കടുത്ത ആരാധികയുടെ റോളിൽ അഭിനയിക്കുക. പിറ്റേന്ന് മോഹൻലാലിന്റെ തന്നെ നായികയായി അഭിനയിക്കുക. അതൊരു രസകരമായ അനുഭവമാണ് മഞ്ജുവാരിയർക്ക്. സാജിദ് യഹിയ സംവിധാനം ചെയ്യുന്ന ‘ മോഹൻലാൽ ’ എന്ന സിനിമയിലെ കേന്ദ്രകഥാപാത്രമാണ് ലാൽ ആരാധികയായ മീനുക്കുട്ടി. മഞ്ജു വാരിയരാണ് മീനുക്കുട്ടിയാകുന്നത്. ഇതേ സെറ്റിൽ നിന്ന് മഞ്ജു വാരിയർ നേരെയെത്തുന്നത്  ലാൽ നായകനാവുന്ന ചിത്രം ഒടിയന്റെ ലൊക്കേഷനിലേക്ക്. താരാരാധനയുടെ തലങ്ങളെക്കുറിച്ച് മഞ്ജു സംസാരിക്കുന്നു.

∙ താരാരാധന തലയ്ക്കു പിടിച്ച മീനുക്കുട്ടിമാരെ പരിചയമുണ്ടോ ?

ഞാൻ ലാലേട്ടനൊപ്പം സെറ്റിലുള്ളപ്പോൾ അദ്ദേഹത്തെ കാണാൻ വരുന്നവരുടെ മുഖഭാവം ശ്രദ്ധിച്ചിട്ടുണ്ട്. എന്തൊരു സ്നേഹവും ആരാധനയുമാണ് അവർക്ക്. അത് എത്രയോ വർഷങ്ങളായി അത് അവർ കൊണ്ടുനടക്കുന്നു. 

∙ താരാരാധന സെൽഫിക്കാലത്ത് ഒരു ശല്യമായി തോന്നാറുണ്ടോ ?

ഒരിക്കലുമില്ല. നമ്മളോട് സ്നേഹമുള്ളതുകൊണ്ടല്ലേ അവർ അടുത്തു വരുന്നത്. അതൊരു ശല്യമായി തോന്നാറില്ല.

∙ താരാരാധന പ്രമേമായ ചിത്രങ്ങളിൽ ഇഷ്ടപ്പെട്ടത് ?

എനിക്ക് ഓർമ വരുന്നത് വടക്കുനോക്കിയന്ത്രത്തിൽ പാർവതിച്ചേച്ചി പറയുന്ന ‘മോഹൻലാലിനെക്കാണാൻ എന്തു ഭംഗിയാണെന്ന’ ഡയലോഗാണ്. അന്നത് കണ്ട് ഒരുപാടു ചിരിച്ചു. 

∙ മോഹൻലാൽ എന്തു പറഞ്ഞു സ്വന്തം പേരിലുള്ള സിനിമയെക്കുറിച്ച് ?

ഒടിയന്റെ സെറ്റിൽ നിന്നാണ് ഞാൻ പലപ്പോഴും മോഹൻലാൽ സിനിമയ്ക്കായി ഡബ്ബ് ചെയ്യാൻ പോകാറുള്ളത്. സിനിമയുടെ ഓരോ പുരോഗതിയും ലാലേട്ടനും ആന്റണി പെരുമ്പാവൂരും തിരക്കാറുണ്ട്. 

സിനിമയിലെ ഇപ്പോൾ തന്നെ ഹിറ്റായ ‘‘ ലാ ലാ ലാലേട്ടാ ..’’ എന്ന ഹമ്മിങ് ഞാൻ ചിലപ്പോൾ അറിയാതെ പാടും. അപ്പോഴൊക്കെ ലാലേട്ടൻ എന്നെ വിളിച്ചോയെന്ന് ചോദിക്കും. 

ആറ് സിനിമകൾ ഞാൻ ലാലേട്ടനൊപ്പം അഭിനയിച്ചു.  ആദ്യ സിനിമ ആറാം തമ്പുരാൻ, പിന്നെ സമ്മർ ഇൻ ബെത്‍ലഹേം, കന്മദം, എന്നും എപ്പോഴും , വില്ലൻ, ഇനി റിലീസ് ചെയ്യാനുള്ള ഒടിയൻ എന്നിവ.