Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദിലീപിനെ കാണാൻ കണ്ടം വഴി ഓടിയ അരുൺ ഗോപി

Arun Gopy Speech

രാമലീലയുടെ വിജയം തനിക്കൊരു രണ്ടാം ജന്മമായിരുന്നെന്നും അത് നൽകാൻ തന്റെ തന്നെ ഒരു കടുത്ത ആരാധകൻ വേണ്ടി വന്നുവെന്നും ദിലീപ് അഭിപ്രായപ്പെട്ടിരുന്നു. രാമലീല എന്ന മലയാള സിനിമയുടെ ആഘോഷ വേളയിലാണ് ദിലീപ് ഇത് പറയാനിടയായത് . ഇത് കേൾക്കുമ്പോൾ തനിക്ക് എന്തെന്നില്ലാത്ത ഒരു കുളിരാണ് തോന്നുന്നതെന്ന് സംവിധായകൻ അരുൺ ഗോപി പറയുന്നു. ദിലീപിനോടുള്ള തന്റെ ആരാധനയെ രാമലീലയുടെ 111ാം വിജയദിനാഘോഷ വേളയിൽ അരുൺ ഗോപി വെളിപ്പെടുത്തി.  സ്വന്തം 'അമ്മ പോലും തന്നെ വിളിക്കുന്നത് ദിലീപ് പ്രാന്തൻ എന്നാണ് എന്ന അരുൺ ഗോപി പറയുന്നു.  

അരുൺ ഗോപിയുടെ വാക്കുകൾ–

‘തിരക്കഥാകൃത്തായ സച്ചിയേട്ടനോടാണ് ആദ്യം നന്ദി പറയേണ്ടത്. സച്ചിയേട്ടൻ തിരക്കഥ എഴുതാം എന്നു പറയുന്നിടത്താണ് ഈ സിനിമ ജനിക്കുന്നത്. പുതിയ ഒരാളായ എനിക്ക് വേണ്ടി സച്ചിയേട്ടന് തിരക്കഥ എഴുതേണ്ട ഒരാവശ്യവുമില്ല. മലയാളത്തിലെ ഏറ്റവും വിലപിടിപ്പുള്ള തിരക്കഥാകൃത്താണ് അദ്ദേഹം. സച്ചിയേട്ടന്റെ വലിയ മനസ്സ് കൊണ്ടാണ് ഞാൻ സംവിധായകനാകുന്നത്.’

arun-gopy-dileep

‘ഞാനൊരു ഭയങ്കര ദിലീപ് ഫാൻ ആണ്. പണ്ട് മുതലേ  ദിലീപ് എന്ന് വെച്ചാൽ പ്രാന്തായിരുന്നു എന്നാണ് അമ്മ പോലും എന്നെ പറ്റി  പറയാറുള്ളത് . രാമലീലയുടെ സമയത്ത് എന്റെ ഈ ആരാധനയെപ്പറ്റി അമ്മ തന്നെ പോയി ദിലീപിന്റെ എടുത്ത് പറഞ്ഞിട്ടുണ്ട്. റൺവെയിൽ ആണ് ദിലീപിന്റെ ഫാൻസ്‌ അസോസിയേഷന്‍ എന്ന സംഘടനയ്ക്ക് അദ്ദേഹത്തിന്റെ ആരാധകർ തുടക്കം കുറിക്കുന്നതെങ്കിൽ, എന്നാൽ സല്ലാപം മുതലേ ദിലീപ് ഫാൻ ആയി മാറിയ ആളാണ് ഞാൻ.അന്ന് മുതലേ എനിക്ക് ദിലീപിനോട് കടുത്ത ആരാധനയാണ്.’ 

‘ദിലീപേട്ടന്റെ പെങ്ങളെ എന്റെ വീടിന്റെ അടുത്താണ് കല്യാണം കഴിച്ചു കൊണ്ടുവന്നത്. അന്ന് വീടിന്റെ അടുത്ത് ദിലീപ് വന്നത് എന്നറിഞ്ഞു കണ്ടം വഴി ഓടുകയും, കണ്ടത്തിൽ  തന്നെ വീഴുകയും ചെയ്തു. എസ്എസ്എൽസി പരീക്ഷയുെട മോഡൽ എക്സാം സമയത്ത് പരീക്ഷ എഴുതാതെ ദിലീപേട്ടന്റെ സിനിമയ്ക്ക് പോയി. തിരിച്ചുവന്ന എന്നെ അധ്യാപകൻ പൊതിരെ തല്ലിയിട്ടുണ്ട്.

എന്റെ രണ്ടാം ജന്മത്തിന് കാരണക്കാരന്‍ എന്റെ തന്നെ ആരാധകൻ: ദിലീപ്

ഇത്രയും ആരാധകനായ എനിക്ക് ദിലീപേട്ടനെ  വെച്ചൊരു സിനിമ ചെയ്യാൻ  കഴിഞ്ഞു എന്നതാണ് എന്റെ ഏറ്റവും വലിയ സന്തോഷം. ദിലീപേട്ടൻ ഇവിടെ പറഞ്ഞു, എനിക്കൊരു രണ്ടാം ജന്മം തന്നുവെന്ന്. കേൾക്കുമ്പോൾ തന്നെ കുളിര് തോന്നുന്നു.’ 

പുലിമുരുകനിൽ മോഹൻലാല്‍ അഭിനയിച്ചത് പ്രതിഫലം കൈപ്പറ്റാതെ: ടോമിച്ചൻ

ദിലീപേട്ടൻ തന്ന പിന്തുണ വളരെ വലുതായിരുന്നു. ഇതിന്റെ തുടക്കത്തിൽ തിരക്കഥ എഴുതിയ ശേഷം സച്ചിയേട്ടൻ എന്നോട് പറഞ്ഞു, ‘എടാ ഇത് ദിലീപ് ഭായി ചെയ്യുമോ എന്നറിയില്ല. ഇത് നടക്കാൻ ചാൻസ് കുറവാണ്’. ഈ സിനിമ നടന്നില്ലെങ്കിൽ ആർക്കും ഒന്നും സംഭവിക്കില്ല, ദിലീപേട്ടനും സച്ചിയേട്ടനുമൊക്കെ തിരക്കുള്ളവരാണ്. നഷ്ടം എനിക്ക് മാത്രമാണ്. ഈ വാക്ക് കേട്ടപ്പോൾ ഞാൻ ദിലീപേട്ടനെ കാണാൻ തീരുമാനിച്ചു. കയ്യിൽ കാശൊന്നുമില്ല, ആരോടൊക്കെയോ കടം മേടിച്ച് ഞാനും സ്വാതന്ത്ര്യം അർദ്ധരാത്രിയുടെ സംവിധായകൻ ടിനു പാപ്പച്ചനും കൂടി അദ്ദേഹത്തെ കാണാൻ പളനിയ്ക്ക് പോയി. അന്ന് അവിടെ മര്യാദരാമന്റെ ഷൂട്ട് നടക്കുകയാണ്. ദിലീപേട്ടനെ നേരിൽ കണ്ടു, ‘ദിലീപേട്ടാ, ഈ സിനിമ നടക്കാൻ എന്തെങ്കിലും സാധ്യതയുണ്ടോ എന്നുചോദിച്ചു.’ ‘ആരാടാ ഈ സിനിമ നടക്കില്ലെന്ന് പറഞ്ഞത്, ഈ സിനിമ ചെയ്യും’..ദിലീപേട്ടൻ പറഞ്ഞു. അങ്ങനെ ഒരുപാട് പേരുടെ പിന്തുണകൊണ്ടാണ് ഈ സിനിമ പൂർത്തിയാക്കിയത്’.–അരുൺ ഗോപി പറഞ്ഞു.