Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഈ ചിത്രത്തിന് പിന്നിലെ കഥ; ഇത്തിക്കരപക്കിയെക്കുറിച്ച് റോഷൻ ആന്‍ഡ്രൂസ്

rosshan-andrews-mohanall

ഒരൊറ്റ ലുക്ക് കൊണ്ട് സമൂഹമാധ്യമങ്ങളിൽ തരംഗമായ കഥാപാത്രമാണ് ഇത്തിക്കരപക്കി. മലയാളത്തിന്റെ സൂപ്പർതാരം മോഹൻലാൽ ഇത്തിരപക്കിയായി എത്തിയപ്പോൾ ആരാധകർ ആവേശത്തിലായി. ഇപ്പോഴിതാ ഇതേലുക്കിലുള്ള മോഹൻലാലിന്റെ പുതിയ ചിത്രമാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.

ചെറുപുഞ്ചിരി തൂകി കണ്ണിറുക്കി ഇത്തിരപക്കിയായി മാറിയ മോഹൻലാലിന്റെ അസാമാന്യമായ മെയ് വഴക്കത്തെക്കുറിച്ചാണ് പുതിയ ചർച്ച. പ്രേക്ഷകര്‍ മാത്രമല്ല സിനിമാതാരങ്ങളും ലുക്കിനെ പ്രശംസിച്ച് രംഗത്തെത്തി. നിവിൻ പോളിയെ നായകനാക്കി റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന കായംകുളം കൊച്ചുണ്ണിയിലാണ് ഇത്തിക്കരപക്കിയായി ലാൽ എത്തുന്നത്.

പ്രേക്ഷകർ മാത്രമല്ല സിനിമാതാരങ്ങളും മോഹൻലാലിനെ പ്രശംസിച്ച് രംഗത്തെത്തി. മോഹൻലാലിന്റെ മെയ് വഴക്കത്തെക്കുറിച്ച് പറയാതിരിക്കാൻ വയ്യെന്നും ഇതൊക്കെ ലാലേട്ടന്റെ ചെറിയ നമ്പറുകളാണെന്നും ഉണ്ണി മുകുന്ദൻ പറയുന്നു. കേരളത്തിന്റെ തന്നെ അഭിമാനവും ഇതിഹാസവുമാണ് മോഹൻലാലെന്നും ഉണ്ണി പറഞ്ഞു.

മോഹൻലാല്‍ ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്ത ചിത്രത്തിന് താഴെ ജൂഡ് ആന്തണി, അരുൺ ഗോപി, ജോജു ജോർജ്, നന്ദൻ ഉണ്ണി, അരുൺ വൈഗ, സന്ദീപ് സേനൻ തുടങ്ങി നിരവധി ആളുകൾ കമന്റുമായി എത്തി.

സിനിമയിലെ ഇത്തിക്കരപക്കിയുടെ ഭാഗങ്ങൾ പൂർത്തിയായെന്നും കായംകുളം കൊച്ചുണ്ണി ടീം ലാലേട്ടനെ മിസ് ചെയ്യുന്നുവെന്നും ഇതേ ചിത്രം പോസ്റ്റ് ചെയ്ത റോഷൻ ആൻഡ്രൂസ് പറഞ്ഞു. കൂടാതെ അദ്ദേഹം ഈ ചിത്രത്തിന്റെ പ്രത്യേകതയെപ്പറ്റി മനോരമ ഓൺലൈനോട് പ്രതികരിക്കുകയുണ്ടായി.

‘ഇത്തിക്കരപക്കിയുടെ മെയ്‌വഴക്കത്തെപ്പറ്റി സൂചന തരുകയാണ് ഈ ചിത്രത്തിലൂടെ. മരങ്ങൾക്കിടയിലൂടെ ഓടിയും ചാടിയും വളർന്ന ആളാണ് ഇത്തിക്കരപക്കി. ഏത് വലിയ മരത്തിലും പക്കി കയറും, അതിന് അനുയോജ്യമായ ശരീരഭാഷയും മെയ്‌വഴക്കവും പക്കിക്കുണ്ട്. പക്കി എന്നാൽ ചിത്രശലഭമെന്നാണ്, മരങ്ങൾക്കിടയിലൂടെ തെന്നിപ്പായുന്ന പൂമ്പാറ്റയെപ്പോലെ ദ്രുതഗതിയിൽ ചലിക്കുന്ന കളളനാണ് ഇത്തിക്കപക്കി.’–റോഷൻ ആന്‍ഡ്രൂസ് പറഞ്ഞു.

ഇത്തിക്കരയുടെ ഒറ്റക്കൊമ്പൻ; വൈറലായി ഈ കഥ

കഥയിലുടനീളം ഇല്ലെങ്കിലും സിനിമയെ വളരെയധികം സ്വാധീനിക്കുന്ന കഥാപാത്രമാണ് മോഹന്‍ലാലിന്റേത്. 19ാം നൂറ്റാണ്ടില്‍ മധ്യതിരുവിതാംകൂറില്‍ ജീവിച്ചിരുന്ന കായംകുളം കൊച്ചുണ്ണിയെപ്പറ്റിയുള്ള ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് ബോബി സഞ്ജയ് ആണ്.  സിനിമയുടെ ചെലവ് ഏകദേശം 45 കോടിക്ക് മുകളിലാണ്. ശ്രീ ഗോകുലം മൂവീസ് ആണ് നിർമാണം.

2 സ്റ്റേറ്റ്സ്, രംഗ് ദേ ബസന്തി, മുന്നാഭായി, ഭാഗ് മിൽക്കാ ഭാഗ് തുടങ്ങിയ സിനിമകളുടെ ഛായാഗ്രാഹകനായ ബിനോദ് പ്രധാന്‍ ആണ് ഛായാഗ്രാഹകൻ. ചിത്രസംയോജനം ശ്രീകർ പ്രസാദ്. ബാഹുബലിയുടെ പ്രൊഡക്‌ഷൻ കോ-ഓർഡിനേറ്റ് ചെയ്ത ‘ഫയർ ഫ്ലൈ’ ആകും കൊച്ചുണ്ണിയുടെയും നിർമാണ ഏകോപനം. 

തുപ്പാക്കി, ധോണി അൺടോൾഡ് സ്റ്റോറി, സ്പെഷൽ 26, ഉറുമി, പഴശിരാജ, ഗജിനി എന്നിവയുടെ കലാസംവിധാനം നിർവഹിച്ച സുനിൽ ബാബു ആണ് പ്രൊഡക്ഷൻ ഡിസൈനർ. സൗണ്ട് ഡിസൈനർ പിഎം സതീഷ് (കമീനേ, റോഡ്, തലാഷ്, ബാഹുബലി, പുലിമുരുകൻ). ആക്​ഷൻ ഡയറക്ടർ അല്ലൻ അമിൻ(ധൂം 2, ഡിഷ്യൂം, ആക്​ഷൻ ഹീറോ ബിജു, മുംബൈ പൊലീസ്, റേസ്). സംഗീതം ഗോപിസുന്ദർ. ആറ്-ഏഴ് ആക്‌ഷൻ സീനുകളുണ്ട്. ദക്ഷിണാഫ്രിക്കൻ സംഘം ഉൾപ്പടെയുള്ളവരാവും ഇത് ഒരുക്കുക.