Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും ‘വീട്’

lal-mammootty

മലയാള സിനിമയുടെ താരാപഥത്തിൽ അന്നു രണ്ടു സിംഹാസനങ്ങളേയുള്ളൂ; മെഗാ സ്റ്റാർ മമ്മൂട്ടി, സൂപ്പർ സ്റ്റാർ മോഹൻലാൽ. സിനിമകളുടെ റീലീസ് ഉത്സവമായിരുന്ന കാലമാണത്. ഓൺലൈൻ റിസർവേഷനും സിനിമ കാണാൻ പുറപ്പെടുന്നതിനു മുൻപു നിരൂപകരുടെ നക്ഷത്രമെണ്ണലുമൊന്നുമില്ല. ഇഷ്ടതാരങ്ങളുടെ സിനിമകൾ റിലീസ് ചെയ്യുമ്പോൾ തിയറ്ററുകൾക്കു മുന്നിലെ ഗേറ്റുകൾ തുറക്കുന്നതു കാത്ത്, ടിക്കറ്റ് കൗണ്ടറുകളിലേക്ക് ഓടിയണയാൻ വെമ്പി നിൽക്കുകയാവും, തിങ്ങിനിറഞ്ഞ ആരാധകർ. 

ഓട്ടത്തിൽ തോറ്റുപോകുന്നവൻ തൊട്ടടുത്ത ഷോ കാണാൻ വീണ്ടും ഗേറ്റിനു പുറത്തു കാത്തുനിൽക്കും. ചിലർ, മുൻപേ പറന്നവൻ ‘ബ്ലാക്കിൽ‘ വിൽക്കുന്ന ടിക്കറ്റ് വിലപേശി വാങ്ങും. അങ്ങനെയൊരു വിഷുക്കാലത്താണു ദേവാസുരവും വാൽസല്യവും പുറത്തിറങ്ങുന്നത്. മോഹൻലാലിലൂടെ മംഗലശ്ശേരി നീലകണ്ഠനും മമ്മൂട്ടിയിലൂടെ മേലേടത്തു രാഘവൻനായരും പ്രേക്ഷകമനസുകളിൽ ചിരപ്രതിഷ്ഠരായിട്ട് 25 വർഷം തികഞ്ഞു. 

ലോഹിതദാസിന്റെ തിരക്കഥയിൽ കൊച്ചിൻ ഹനീഫ സംവിധാനം ചെയ്ത വാൽസല്യവും രഞ്ജിത്തിന്റെ തിരക്കഥയിൽ ഐ.വി. ശശി സംവിധാനം ചെയ്ത ദേവാസുരവും തിയറ്ററുകളിലെത്തുന്നത് 1993ലെ വിഷു റിലീസുകളായാണ്.  തിരക്കഥകളുടെയും സംവിധാനത്തിന്റെയും മികവും അഭിനേതാക്കളുടെ  വേഷപ്പകർച്ചകളും അവിസ്മരണീയമാക്കിയ സിനിമകൾ. പൊന്തൻമാടയ്ക്കും വിധേയനുമൊപ്പം  മമ്മൂട്ടിയെ 1993ലെ സംസ്ഥാന ചലച്ചിത്ര അവാർഡിന് അർഹമാക്കിയ സിനിമകൂടിയാണു വാൽസല്യം. 

മംഗലശ്ശേരി നീലകണ്ഠന്റെ വാക്കും നോക്കും തിയറ്ററുകളിൽ ഉയർത്തിയ ആരവങ്ങളാണു മോഹൻലാൽ നേടിയ വലിയ പുരസ്കാരം. രാവണപ്രഭു, ആറാംതമ്പുരാൻ, നരസിംഹം തുടങ്ങിയ സിനിമകൾ നായകസങ്കൽപ്പത്തെ പൊളിച്ചെഴുതിയ ദേവാസുരത്തിന്റെ തുടർച്ചകളായി. ഒരേസമയം റീലീസ് ചെയ്ത വാൽസല്യവും ദേവാസുരവും ചിത്രീകരിച്ചത് ഒറ്റപ്പാലത്താണ്. തിരക്കഥയിലെ മംഗലശ്ശേരിയുടെ പ്രതാപത്തിനൊത്ത വീടു തിരഞ്ഞ സംവിധായകൻ ഐ.വി. ശശിയുടെ കണ്ടെത്തൽ പിൽക്കാലത്തു മോളിവുഡിനെ ഒറ്റപ്പാലത്തേക്കു പറിച്ചുനട്ടു. അതാണു മനിശ്ശേരിയിലെ വരിക്കാശ്ശേരിമന. 

palakkad-varikaserry-mana.jpg.image.784.410

മേലേടത്തു തറവാടിന്റെ മുഖശ്രീയായത് ഒറ്റപ്പാലം നഗരാത‌ിർത്തിയിലെ വരോട് നാലാംമൈലിലുള്ള വാപ്പാലക്കളം വീടാണ്. അതിനു ശേഷം, സിനിമാക്കാർക്കിടയിലെന്ന പോലെ നാട്ടുകാർക്കിടയിലും വാപ്പാലക്കളം ‘വാൽസല്യം വീട്’ എന്നറിയപ്പെടുന്നു. നവഭാരത ശിൽപികളിലൊരാളായ വി.പി. മേനോന്റെ വീടായിരുന്നു വാപ്പാലക്കളം. സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ നാട്ടുരാജ്യങ്ങളുടെ സംയോജനത്തിനു സർദാർ വല്ലഭായ് പട്ടേലിന്റെ വലംകയ്യായ വി.പി. മേനോൻ, ഇളയ സഹോദരി കുഞ്ഞിമാളു അമ്മയ്ക്കു കൈമാറിയ വീട്. വി.പി. മേനോന്റെ സഹോദരപുത്രനും നാടക നടനുമായിരുന്ന ഒറ്റപ്പാലം പപ്പൻ സിനിമയിൽ അരങ്ങേറ്റം കുറിച്ചതും വാൽസല്യത്തിലാണ്. 

palakkad-vappalakkalam-home.jpg.image.784.410

സുകൃതം, കോട്ടപ്പുറത്തെ കൂട്ടുകുടുംബം, പട്ടണത്തിൽ സുന്ദരൻ, എന്നു നിന്റെ മൊയ്തീൻ തുടങ്ങിയ സിനിമകളും പിൽക്കാലത്തു ‘വാൽസല്യം വീട്ടിൽ’ ചിത്രീകരിച്ചു. വാപ്പാലക്കളം വീട് രണ്ടു കൈമാറ്റങ്ങൾക്കു ശേഷം ഇപ്പോൾ പനമണ്ണ സ്വദേശിയുടെ ഉടമസ്ഥതയിലാണ്. 

ദേവാസുരത്തിനുശേഷം വരിക്കാശ്ശേരിമനയിലേക്കു സിനിമകളുടെ പ്രവാഹമായിരുന്നു. തമിഴും തെലുങ്കും ഉൾപ്പെടെ നൂറുകണക്കിനു സിനിമകൾക്കു തറവാടിത്തത്തിന്റെ മുഖപ്രസാദമായ മനയിൽ ചിത്രീകരണമില്ലാത്ത സമയങ്ങളിലും സന്ദർശകരുടെ തിരക്കൊഴിയാറില്ല. വാൽസല്യം ചിത്രീകരണത്തിന്റെ തിരക്കുകൾക്കു ‘ബ്രേക്ക്’ പറഞ്ഞു സംവിധായകൻ കൊച്ചിൻ ഹനീഫ ദേവാസുരത്തിൽ അഭിനയിക്കാൻ  പോയതു രജതജൂബിലി പ്രായമെത്തിയ ജനപ്രിയ സിനിമകളുടെ കൗതുകമുണർത്തുന്ന ഓർമ. 

വാൽസല്യത്തിന്റെ തിരക്കഥാകൃത്ത് ലോഹിതദാസും സംവിധായകൻ കൊച്ചിൻ ഹനീഫയും അകാലത്തിൽ ജീവിതത്തിന്റെ അരങ്ങൊഴിഞ്ഞു. ദേവാസുരത്തിന്റെ സംവിധായകൻ ഐ.വി. ശശി ഓർമയായതു കഴിഞ്ഞ വർഷം. ദേവാസുരത്തിലൂടെ ശ്രദ്ധേയനായ തിരക്കഥാകൃത്ത് രഞ്ജിത്ത് ഇന്നു മുൻനിര സംവിധായകൻ കൂടിയാണ്. ദേവാസുരത്തിലെ പ്രതിനായകനായി മുണ്ടയ്ക്കൽ ശേഖരനെ അവിസ്മരണീയമാക്കിയ നെപ്പോളിയൻ(കുമരേശൻ ദുരൈസ്വാമി) പിൽക്കാലത്തു കേന്ദ്രമന്ത്രിയായി. പുതുതലമുറ സിനിമകളുടെ ഉത്സവകാലത്തും താരരാജാക്കൻമാർ എന്ന വിശേഷണത്തോടെ മമ്മൂട്ടിയും മോഹൻലാലും വെള്ളിത്തിരയിലെ വിസ്മയങ്ങളായി, പ്രേക്ഷകർക്കു പ്രിയപ്പെട്ടവരായി അരങ്ങുവാഴുന്നു !