Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘സംയുക്തയ്ക്കൊപ്പം ഒരുമിച്ച് അഭിനയിക്കാൻ ഇനി പാടായിരിക്കും’

samyuktha-varma-biju-menon

മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ബിജു മേനോനും സംയുക്ത വർമയും. മലയാളത്തില്‍ നായികമാരായി എത്തി പിന്നീട് കുടുംബിനികളായി മാറിയ ഒരുപാട് താരങ്ങള്‍ മലയാളത്തിലുണ്ട്. മലയാളത്തില്‍ പ്രേക്ഷകരോട് അടുത്തുനില്‍ക്കുന്ന ഒരുപിടി നല്ല കഥാപാത്രങ്ങള്‍ ചെയ്ത് പ്രിയങ്കരിയായി മാറിയ നടിയാണ് സംയുക്ത വര്‍മ. നടിയുടെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് സിനിമാപ്രേമികളും‍. സംയുക്തയുടെ തിരിച്ചുവരവിനെക്കുറിച്ച് ബിജു മേനോന് പറയാനെന്താണുള്ളതെന്ന് കേൾക്കാം. റേഡിയോ മാംഗോയ്ക്ക് നല്‍കിയ അഭിമുഖത്തിനിടയിലാണ് താരം ഇതേക്കുറിച്ച് മനസ്സു തുറന്നത്. അഭിമുഖത്തിലെ പ്രസക്ത ഭാഗങ്ങൾ ചുവടെ...

‘ബിജുവിന്റെ കൂടെ സിനിമ ഒരുമിച്ച് അഭിനയിക്കണമെന്ന് സംയുക്ത പറയാറുണ്ട്. എന്നാൽ ‍ഞങ്ങൾ ഒരുമിച്ച് അഭിനയിക്കാന്‍ വലിയ പാടായിരിക്കും. മുഖത്തോട് മുഖം നോക്കിയുള്ള ഡയലോഗുകൾ പറയാനുണ്ടെങ്കിൽ ചിരി വരും. വിവാഹം നിശ്ചയിച്ച സമയത്ത് ചെയ്ത സിനിമയാണ് മേഘമൽഹാർ. വളരെ സീരിയസ്‍ ഡയലോഗുകൾ ആണ് സിനിമയിലേത്. അതിനിടയ്ക്ക് സംസാരിക്കുമ്പോഴും ഞങ്ങൾക്ക് ചിരിവരുമായിരുന്നു. ഇനി ഒരുമിച്ച് അഭിനയിക്കാനും ആ ഒരു ബുദ്ധിമുട്ടാണ്ടാകും.’–ബിജു മേനോൻ പറഞ്ഞു.

Radio Mango | Spotlight | Interview | Biju Menon with RJ Manju - Full Episode

യോഗാ പഠനവുമായി ബന്ധപ്പെട്ട തിരക്കിലാണ് സംയുക്ത വർമ. യോഗ ഒരു പാഷനാണ് സംയുക്തയ്ക്ക്. യോഗയില്‍ ഉപരിപഠനം നടത്തി ഓരോ ലെവലും കഴിഞ്ഞ് മുന്നേറുമ്പോഴും ഒരിക്കല്‍പ്പോലും തന്നെ യോഗ ചെയ്യാന്‍ സംയുക്ത നിര്‍ബന്ധിച്ചിട്ടില്ലെന്ന് ബിജു മേനോന്‍ പറയുന്നു. തന്റെ അലസതയെക്കുറിച്ച് കൃത്യമായി അറിയാവുന്നതിനാലാണ് നിര്‍ബന്ധിക്കാത്തതെന്നും താരം പറഞ്ഞു.

samyuktha-varma-yoga യോഗ പരിശീലനത്തിനിടെ സംയുക്ത വർമ

കുഴപ്പം പിടിച്ച സ്വപ്നങ്ങൾ

‘ഞാൻ കാണുന്ന സ്വപ്നങ്ങളെല്ലാം ഭയങ്കര കുഴപ്പം പിടിച്ചതാകും. ക്രിക്കറ്റ് സംബന്ധമായ സ്വപ്നങ്ങളായിരിക്കും കൂടുതൽ. ഇന്ത്യൻ ടീമിന്റെ സെക്യൂരിറ്റി ചുമതല സ്വപ്നത്തിൽ എനിക്ക് ഏറ്റെടുക്കേണ്ടി വരുന്നു. ഹർഭജന്റെ റൂമിൽ എസി വർക്ക് ചെയ്യുന്നില്ല, ധോണിക്ക് പ്രാക്ടീസ് ചെയ്യാൻ പണ്ട് ഞങ്ങൾ താമസിച്ച വീട് ശരിയാക്കുന്നു. കൂട്ടുകാർ ടിക്കറ്റിന് വേണ്ടി വരുന്നു. പിന്നൊരിക്കൽ കണ്ട സ്വപ്നം, കലൂർ സ്റ്റേഡിയത്തിലെ കസേര മുഴുവൻ ഞാൻ ഒറ്റയ്ക്ക് വ‍ൃത്തിയാക്കുന്നത്.’

ആദ്യത്തെയും അവസാനത്തെയും മോഷണം

എന്റെ കൂട്ടുകാരന്റെ കാറുമായി പോകുന്നതിനിടെ വണ്ടി അപകടത്തിൽപെട്ടു. എനിക്ക് കാര്യമായി ഓടിക്കാനൊന്നും അറിയില്ലായിരുന്നു. വണ്ടി ടെലിഫോൺ പോസ്റ്റിലാണ് ഇടിച്ചത്. അങ്ങനെ റിവേര്‍സ് എടുക്കാൻ നോക്കുമ്പോൾ ഓട്ടോയ്ക്കിട്ടും ഇടിച്ചു. പിന്നീട് വർക്ക്ഷോപ്പിൽ കൊണ്ടുപോയി, 800 രൂപയാകും നാളെ തന്നെ വണ്ടി തരാമെന്നു പറഞ്ഞു. പക്ഷേ പൈസയില്ല, കുറച്ച് കൂട്ടുകാർ സഹായിച്ച് 200 രൂപ കിട്ടി. ബാക്കി 600 രൂപ ഉണ്ടാക്കണമെങ്കിൽ അച്ഛന്റെ ചെക്ക് മോഷ്ടിക്കാതെ രക്ഷയില്ല.

എനിക്കിഷ്ടം ബിജുവിന്റെ സത്യസന്ധത; സംയുക്ത

അങ്ങനെ വീട്ടിലെത്തി, രാവിലെ അച്ഛൻ മുറ്റത്ത്, അമ്മ അടുക്കളയില്‍, ചേട്ടൻ കുളിച്ച് കൊണ്ടിരിക്കുന്നു. അലമാര തുറന്ന് ചെക്ക് എടുത്തതും പുറകില്‍ നിന്ന് ചേട്ടന്റെ വിളി. കയ്യോടെ പിടികൂടുമെന്ന് കണ്ടപ്പോൾ നടന്ന കാര്യം പറഞ്ഞു. ‘നിനക്ക് നാണമാകില്ലേ മോഷ്ടിക്കാൻ, അമ്മയോടോ അച്ഛനോടോ ഇക്കാര്യം പറഞ്ഞാൽ അവർ പൈസ തരില്ലേ?’ ചേട്ടൻ ദേഷ്യത്തോടെ സംസാരിച്ചു. എനിക്ക് ആകെ സങ്കടമായി. എത്ര പൈസയാ നിനക്ക് ആവശ്യമെന്ന് ചേട്ടൻ ചോദിച്ചു. 800 എന്ന് ഞാൻ പറഞ്ഞു. എങ്കിൽ ചെക്കിൽ ആയിരം രൂപ എഴുതാൻ േചട്ടൻ ആവശ്യപ്പെട്ടു. അത് എന്തിനാ ചേട്ടാ എനിക്ക് 800 മതിയെന്ന് പറഞ്ഞപ്പോള്‍ ബാക്കി 200 അവന് വേണ്ടിയാണെന്ന് പറഞ്ഞു. അങ്ങനെയൊരു കോമഡി മോഷണം എന്റെ ജീവിതത്തിൽ നടന്നു. ഇതിന്റെ ൈഹലൈറ്റ് ഇതൊന്നുമല്ല.

biju-samyuktha.jpg.image.784.410

ഇതൊക്കെ കഴിഞ്ഞ് സിനിമയിലെത്തി പത്ത് പതിനഞ്ച് വർഷത്തിന് ശേഷം ഈ കഥ പറഞ്ഞ് ഞങ്ങൾ വീട്ടിലിരുന്ന് ചിരിക്കുകയാണ്. അപ്പോൾ അച്ഛൻ ചോദിച്ചു എന്തിനാ ചിരിക്കുന്നതെന്ന്, ചേട്ടൻ നടന്നകാര്യം അച്ഛനോട് പറഞ്ഞു. ഉടൻ ചേട്ടനെ അച്ഛൻ തല്ലി. ‘വൃത്തികെട്ടവനെ ഒരാളുടെ ചെക്ക് മോഷ്ടിക്കുമ്പോൾ പറയണ്ടേ’–ചേട്ടനെ നോക്കി അച്ഛൻ പറഞ്ഞു. അതും ഞങ്ങൾ ആസ്വദിച്ചു.

സാള്‍ട് മാംഗോ ട്രീയിലെ സിനിമയിൽ പറയുന്നതുപോലെ ‘എലിഫന്റ് റോക്ക് എൽപി സ്കൂൾ’, ആനപ്പാറ എൽപി സ്കൂളിലാണ് ബിജു മേനോനും യഥാർ‍ത്ഥത്തിൽ പഠിച്ചത്. 

ചാക്കോച്ചൻ എന്ന ബുദ്ധിമാൻ

കുഞ്ചാക്കോ ബോബനിൽ നിന്ന് ഒരുപാട് പഠിക്കാനുണ്ട്. വളരെ നല്ല ഗുണങ്ങളുള്ള മനുഷ്യൻ. എന്നേക്കാൾ പ്രായം കുറവാണെങ്കിലും അവനെ നോക്കി ഞാൻ പഠിക്കാറുണ്ട്. ഭയങ്കര ബുദ്ധിമാനാണ് ചാക്കോച്ചൻ. ചില തീരുമാനങ്ങൾ എടുക്കാനും സംശയങ്ങൾ ചോദിക്കാനും ഞാൻ അവനെ സമീപിക്കാറുണ്ട്. 

biju-samyuktha

അഞ്ച് വർഷം മുമ്പാണ്. പുതിയ വണ്ടി എടുത്ത് അത് റജിസ്റ്റർ ചെയ്യുന്ന കാര്യം ഞാൻ അവനോട് ചോദിച്ചിരുന്നു. പോണ്ടിച്ചേരിയിൽ റജിസ്റ്റർ ചെയ്യണെന്നായിരുന്നു എന്റെ മനസ്സിൽ. ‘അത് വേണ്ടടാ, നമ്മളൊക്കെ അറിയുന്ന ആളുകളല്ലേ, നാളെ എന്തെങ്കിലും പ്രശ്നം വന്നാൽ വലിയ കുഴപ്പമായി മാറും.’–ഇങ്ങനെയാണ് ചാക്കോച്ചൻ പറഞ്ഞത്. അന്ന് അത് കേട്ടില്ലായിരുന്നെങ്കിൽ ഈയിടെ വന്ന ആ ലിസ്റ്റിൽ എന്റെ പേരും ഉണ്ടായേനെ.

എന്റെ ആദ്യത്തെ പ്രതിഫലം എഴുപത് രൂപയാണ്. ഓൾ ഇന്ത്യ റേഡിയോയിൽ ഡ്രാമ ആർടിസ്റ്റ് ആയി ജോലി ചെയ്തതിന് ലഭിച്ചതാണ്. എന്റെ അച്ഛന്റെ ശബ്ദമാണ് എനിക്ക് ലഭിച്ചിരിക്കുന്നത്.