Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പരാജയമാകേണ്ടിയിരുന്ന ആകാശദൂതിനെ രക്ഷിച്ചത് സിബി മലയിലിന്റെ ‘തൂവാല’

sibi-malayil

കേരളക്കരയെ കണ്ണീരണിയിച്ച ചിത്രമാണ് സിബി മലയില്‍ സംവിധാനം ചെയ്ത ആകാശദൂത്. 1993ൽ പുറത്തിറങ്ങിയ ഈ സിനിമയിലെ ഏതെങ്കിലുമൊരു നിമിഷം കണ്ട്  കണ്ണ് നിറയാത്തവർ അപൂർവം. നൂറ്റമ്പത് ദിവസം ഓടിയ ആകാശദൂതിന്റെ വിജയത്തിന് പിന്നിൽ സിബി മലയിലിന്റെ മറ്റൊരു വലിയ പ്രമോഷനൽ തന്ത്രം കൂടി ഉണ്ടായിരുന്നു.

ആകാശദൂത് റിലീസ് ചെയ്ത ആദ്യദിനങ്ങളിൽ ആരും തന്നെ തിയറ്ററിൽ എത്തിയില്ല. പിന്നീട് പതിനേഴാമത്തെ ദിവസാണ് ചിത്രം ഹൗസ്ഫുൾ ഷോ കളിക്കുന്നത്. ആ കഥ സിബി മലയിൽ അഭിമുഖത്തിൽ പറയുകയുണ്ടായി...

സിബി മലയിലിന്റെ വാക്കുകൾ–

‘ആകാശദൂത് സിനിമ പൂർത്തീകരിച്ച് കഴിഞ്ഞ് അടുത്ത സിനിമയായ മായാമയൂരത്തിന്റെ ലൊക്കേഷൻ നോക്കുവാൻ കാഞ്ഞങ്ങാട് എത്തി. അന്ന് തന്നെയാണ് ആകാശദൂത് റിലീസ് ചെയ്യുന്നതും. അക്കാലത്ത് മൊബൈൽ ഫോണും മറ്റും ഇല്ലാത്തതുകാരണം സിനിമയുടെ റിപ്പോർട്ട് എന്തെന്ന് അറിയാൻ കഴിഞ്ഞില്ല. അതിനായി അടുത്തൊരു തിയറ്ററിൽ നേരിട്ട് പോകാൻ തീരുമാനിച്ചു. വൈകുന്നേരം കണ്ണൂർ കവിത തിയറ്ററിൽ എത്തിയപ്പോൾ ഒരു മനുഷ്യൻ പോലും സിനിമ കാണാൻ ഇല്ല. 

അവിടുത്തെ റപ്രസന്ററ്റീവിനെ ഡ്രൈവറെക്കൊണ്ട് വിളിപ്പിച്ചു. അദ്ദേഹം പറഞ്ഞു മാറ്റിനിക്ക് ഒരു 100 പേരുണ്ടായിരുന്നു. ഫസ്റ്റ്ഷോയ്ക്ക് ആരുമില്ലേ എന്ന് ചോദിച്ചപ്പോൾ, 6.30 ന് പടം തുടങ്ങും അപ്പോൾ വരും എന്ന് പറഞ്ഞു. എങ്ങനുണ്ടായിരുന്നു എന്ന് ചോദിച്ചപ്പോൾ ഉഗ്രൻ പടമാ സാറേ എല്ലാവരും കരച്ചിൽ ആയിരുന്നു എന്ന് പറഞ്ഞു. 

എനിക്ക്  പേടിയൊന്നും തോന്നിയില്ല. ഈ പടം ഓടും എന്ന വിശ്വാസമുണ്ടായിരുന്നു. രാത്രിയിൽ ബാംഗ്ലൂർക്ക് പോകുന്ന വഴിക്ക് പ്രൊഡ്യൂസറിനെയും വിളിച്ചു. അദ്ദേഹം ഭയങ്കര കരച്ചിലാണ്. എല്ലാം പോയി ഒരിടത്തും ആളില്ല എന്നൊക്കെ പറഞ്ഞു. ആ പടം നാളെ തിയറ്ററിൽ നിന്നും മാറ്റും എന്നും പറഞ്ഞു. എന്നാൽ ഓരോ ഷോയ്ക്കും ആളും കൂടും എന്ന് ഞാന്‍ ഉറപ്പിച്ച് പറഞ്ഞു. 

എന്റെ സുഹൃത്ത് സിയാദ് കോക്കറെ വിളിച്ചുും കാര്യം ചോദിച്ചു. അപ്പോൾ അദ്ദേഹം പറഞ്ഞു ഉഗ്രൻ പടമാണ്. ഇത് ക്ലിക്ക് ചെയ്യുമെന്ന്. സിനിമയ്ക്ക് മറ്റ് രണ്ട് പാർട്ണർമാരുണ്ട് സാജനും കൊച്ചുമോനും.  അവർ പടം കണ്ട് പുറത്തിറങ്ങിയിട്ട് അവർ നേരെ ഒരു ബാറിലേക്കാണ് പോയത്. സിയാദ് അവരോട് പറഞ്ഞു പേടിക്കേണ്ട പടം നന്നായി ഓടും എന്ന് പറഞ്ഞു. 

ബാംഗ്ലൂരിൽ ചെന്ന് കഴിഞ്ഞ് നിർമാതാവിനെ വീണ്ടും വിളിച്ച് പടം എങ്ങനെയുണ്ടെന്ന് ചോദിച്ചു. കാര്യമായിട്ടൊന്നും ഇല്ല എന്ന് പറഞ്ഞു. പരസ്യം നിര്‍ത്തരുതെന്ന് പറഞ്ഞു. രണ്ട് ദിവസം കഴിഞ്ഞ് എറണാകുളത്ത് വന്ന് ഡിസ്ട്രിബ്യൂട്ടർ സെഞ്ച്വറി രാജുവിനെയും, പ്രൊഡ്യൂസർമാരെയും എറണാകുളം ഹോട്ടലിൽ കൂടിക്കാഴ്ച നടത്തി. 

ഈ പടം കൈവിട്ടു കളയരുത്. ഇത് ഹിറ്റാകുന്ന പടമാണ് എന്ന് പറഞ്ഞു. അവർക്ക് വിശ്വാസം പോരായിരുന്നു. നല്ല അഭിപ്രായങ്ങൾ പറയുന്നുണ്ട്. ആളുകൾ കരഞ്ഞുകൊണ്ട് പോകുന്നുണ്ട് എന്ന് പറഞ്ഞു. അന്ന് മാരുതി കാറ് ഇറങ്ങിയ സമയമാണ്.  നമുക്കൊരു മത്സരം വയ്ക്കാം മാരുതി കാർ സമ്മാനമായി നൽകാം എന്ന് ഞാൻ പറഞ്ഞു. മാരുതി കാർ ഒക്കെ കൊടുത്താൽ നമുക്ക് വല്ലതും കിട്ടുമോ എന്നൊക്കെ ചോദ്യം വന്നു. എന്തായാലും ഒന്ന് ശ്രമിക്കാം എന്ന് പറഞ്ഞു. 

പിന്നെ എല്ലാ തിയറ്ററിലും ടിക്കറ്റ് എടുക്കുമ്പോൾ കൂട്ടത്തിൽ ആകാശദൂത് എന്ന് പ്രിന്റ് ചെയ്ത തൂവാല കൂടി കൊടുക്കണം എന്ന് ഞാൻ പറഞ്ഞു. 

കാരണം ആളുകൾ ഈ സിനിമ കണ്ട് ഇറങ്ങിവരുമ്പോൾ ഒരു കാര്യം പറയുന്നുണ്ട്. ‘കരഞ്ഞ് വല്ലാതായിപ്പോയി’. ആണുങ്ങൾ കർച്ചീഫ് പോലും ഇല്ലാതെ കരഞ്ഞ് കണ്ണുതുടക്കുന്ന കാഴ്ച. അങ്ങനെ ഈ കർച്ചീഫ് കൊണ്ട് പുറത്തിറങ്ങുന്ന പെണ്ണുങ്ങൾ അടുത്ത ആളുകളോട് സിനിമയെക്കുറിച്ച് പറഞ്ഞു തുടങ്ങി. ‘ഇന്നലെ ഒരു സിനിമയ്ക്കുപോയി ആകാശദൂത്, കരഞ്ഞ് ഇടപാടു തീർന്നു, കർച്ചീഫ് തന്നതുകൊണ്ട് രക്ഷപ്പെട്ടെന്ന്’. അങ്ങനെ മൗത്ത് പബ്ലിസിറ്റി വർക്ക്ഔട്ട് ആയി. അങ്ങനെ 17 ാമത്തെ ദിവസം കേരളം മുഴുവൻ എല്ലാ തിയറ്ററും ഫുൾ ആയി. ചില തിയറ്ററുകളിൽ നിന്ന് ആദ്യ ആഴ്ച തന്നെ പടം ഹോൾഡ്ഓവർ ആയിരുന്നു. അവരും പിന്നീട് സിനിമയ്ക്കായി എത്തി. പിന്നെ 150 ദിവസത്തോളം തുടർച്ചയായി ഓടി സൂപ്പർ ഹിറ്റായി.