Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജയറാമിനെ എഴുതി തള്ളുക മോശമായ കാര്യമാണ്: ചാക്കോച്ചൻ

chakochan-jayaram

ജയറാമിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ വിജയത്തിലേക്ക് കുതിച്ച് പറക്കുകയാണ് പഞ്ചവര്‍ണതത്ത. കഴിഞ്ഞ കുറേക്കാലങ്ങളായി വിജയചിത്രങ്ങളുടെ അഭാവം കൊണ്ട് പരിങ്ങലിലായിരുന്ന ജയറാമിന്റെ വമ്പന്‍ തിരിച്ചുവരവ് കൂടിയായി ഈ ചിത്രം. 

ഇതിന് മുമ്പ് അദ്ദേഹത്തിനെതിരെ നിരവധി വിമർശനങ്ങളും ഉയർന്നിരുന്നു. ജയറാമിന്റെ കരിയർ അവസാനിച്ചെന്നുവരെ ചര്‍ച്ച ഉയർന്നു. എന്നാൽ ജയറാമിനെപ്പോലെ മികച്ച താരത്തെ എഴുതിതള്ളുകയെന്നത് മോശം കാര്യമാണെന്ന് കുഞ്ചാക്കോ ബോബൻ പറഞ്ഞു. സിനിമയുടെ വിജയത്തോട് അനുബന്ധിച്ച് രമേശ് പിഷാരടി നടത്തിയ ഫെയ്സ്ബുക്ക് ലൈവിലൂടെയായിരുന്നു ചാക്കോച്ചന്റെ പ്രതികരണം.

പഞ്ചവർണ്ണതത്ത.!! ലൈവിൽ വന്ന ചാക്കോച്ചനും പിഷാരടിയും

‘ജയറാമേട്ടിന്റെ കരിയറിലെ ഏറ്റവും നല്ല ചിത്രമെന്ന അഭിപ്രായം കേൾക്കുമ്പോൾ ഒരുപാട് സന്തോഷം തോന്നുന്നു. കാരണം ഞാനും എന്റെ കരിയറിൽ ഉയർച്ചയും താഴ്ച്ചയും അനുഭവിച്ച വ്യക്തിയാണ്. ഒരാളെ എഴുതി തള്ളുക എന്ന് പറയുന്നത് മോശമായ കാര്യമാണ്. എത്രയോ വർഷമായി നമ്മളെ ചിരിപ്പിക്കുകയും സന്തോഷിപ്പിക്കുകയും ചെയ്യുന്ന അഭിനേതാവ് ആണ് ജയറാം. അദ്ദേഹത്തെ എഴുതി തള്ളുക വളരെ മോശമാണ്. പക്ഷേ അദ്ദേഹം വലിയ വിജയത്തിലോടെ തിരിച്ചെത്തി.’

‘ഈ സിനിമയിൽ ജയറാം എന്ന അഭിനേതാവിനെ മാത്രമെ കാണാൻ സാധിക്കൂ. ഒരു നല്ല നടന്റെ കൂടെ അഭിനയിക്കാൻ സാധിച്ചത് ഭാഗ്യമായി കരുതുന്നു.’–കുഞ്ചാക്കോ ബോബൻ പറഞ്ഞു.

‘നമ്മളെ എല്ലാവരെയും ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന ആളാണ് പിഷാരടി. അദ്ദേഹം സിനിമ സംവിധാനം ചെയ്യുമ്പോൾ തമാശ മാത്രമാണ് ഏവരും പ്രതീക്ഷിക്കുക. ഹ്യൂമർ ഇല്ലെന്നല്ല, എന്നാൽ ആരെയും വേദനിപ്പിക്കാത്ത നിഷ്കളങ്കമായ തമാശകളാണ് പഞ്ചവർണതത്തയിൽ ഉള്ളത്.’–ചാക്കോച്ചന്‍ വ്യക്തമാക്കി.