Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മലയാളത്തിൽ നായികയുടെ പ്രതിഫലം 50 ലക്ഷം; ഇവിടെ സിനിമാ പ്രളയം

malayalam-movies-2018

കേരളത്തിലെ മുഴുവൻ കലോൽസവങ്ങളിലെ തിലകങ്ങളെയും ചാനലുകളിലെ സകല റിയാലിറ്റി ഷോ താരങ്ങളെയും നായികമാരാക്കിയാലും മലയാള സിനിമയിൽ നായിക പദവിയിലേക്ക് ഇനിയും ആളെ വേണം. മലയാളത്തിൽ വരാനിരിക്കുന്ന 40 സിനിമകളിലെങ്കിലും നായികമാർ പുതുമുഖങ്ങളാണ്. പുതുമുഖ തരംഗം നായികമാരിൽ മാത്രം ഒതുങ്ങുന്നില്ല. 

സംവിധായകരിലും നായകന്മാരിലുമെല്ലാം പുതുമുഖ പ്രളയമാണ്. സിനിമകൾ വന്നു മറിയുന്നു. 15 വർഷം അസോസിയേറ്റ് ഡയറക്ടറായി പരിചയം സമ്പാദിച്ച് സൂപ്പർതാരത്തിന്റെ കാലുപിടിച്ച് ഡേറ്റുവാങ്ങി സിനിമയെടുക്കുന്ന കാലം കഴിഞ്ഞു. മൊബൈലിൽ ചിത്രീകരിക്കുന്ന രണ്ടുമിനിറ്റ് പടം മതി, നിങ്ങളിലെ സംവിധായക പ്രൊഫൈലിന് തെളിവായി. 

ഒരേ സമയം 20 ഷൂട്ടിങ്

പോയവർഷം ചെറുതും വലുതുമായി ഏറ്റവും കൂടുതൽ സിനിമകൾ ഇറങ്ങിയ സിനിമാ ഇൻഡ്‌സ്ട്രിയാണ് മലയാളം. വിജയത്തിന്റെ കണക്ക് വെറും 14% ആയിരുന്നുവെങ്കിലും. 

പുതിയ നിർമാതാക്കളുടെ എണ്ണം നാൾക്കുനാൾ വർധിക്കുകയാണ്. 1990- 2000 കാലഘട്ടത്തിൽ പരമാവധി 80 സിനിമകളാണ് ഒരു വർഷം മലയാളത്തിൽ ഇറങ്ങിയിരുന്നത്. ഇപ്പോഴത് 200 ആയി. 20 സിനിമകളുടെ ഷൂട്ടിങ്ങ് കേരളത്തിൽ എവിടെയെങ്കിലുമൊക്കെ എപ്പോഴും നടന്നുകൊണ്ടിരിക്കുന്നു. പ്രേംനസീർ 600 സിനിമ അഭിനയിച്ചു നേടിയ പ്രതിഫലം പല താരങ്ങളും ഇപ്പോൾ അഞ്ചു സിനിമ കൊണ്ട് നേടുന്നുണ്ടെന്നാണ് ഒരു നിർമാതാവിന്റെ കമന്റ്. 

15 നിർമാതാക്കൾ, ഓരോ മാസവും

തൊണ്ണൂറുകളിൽ മലയാളത്തിൽ ഒരു നായികയുടെ പ്രതിഫലം ഒരു ലക്ഷം രൂപയായിരുന്നു. ഇപ്പോൾ 50 ലക്ഷം വരെ വാങ്ങുന്നവരുണ്ട്. സാറ്റലൈറ്റ് വിപണിയിലോ തിയറ്ററിലോ ഒരു ചലനവും ഉണ്ടാക്കുന്നില്ലെങ്കിലും സിനിമകളുടെ എണ്ണം നാൾക്കുനാൾ വർധിക്കുന്ന പ്രതിഭാസമാണുള്ളത്. 

നോട്ടുനിരോധനവും റിയൽ എസ്‌റ്റേറ്റ് തകർച്ചയും സിനിമയെ ബാധിക്കുമെന്നു കരുതിയെങ്കിലും ഒന്നും സംഭവിച്ചില്ല. ഒരുമാസം പുതുതായി 15 നിർമാതാക്കൾ പ്രോജക്ടുമായി വരുന്നുണ്ടെന്നു ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ ജനറൽ സെക്രട്ടറി എം. രഞ്ജിത്ത് പറയുന്നു. 

ട്രെൻഡ് ആയി കൊച്ചുചിത്രങ്ങൾ

വലിയ ബജറ്റ് ചിത്രങ്ങളേക്കാൾ ചെറിയ ചിത്രങ്ങളാണ് ഇപ്പോൾ ഇൻഡസ്ട്രി കയ്യടക്കുന്നതിലേറെയും. വലിയ നിർമാതാക്കൾ പോലും ഇത്തരം സിനിമകളുടെ പിന്നാലെയാണ്. സാമ്പത്തിക നഷ്ടവും ടെൻഷനും ഒരുപരിധി വരെ കുറവാണെന്നതാണു കാരണം. ചിത്രീകരണത്തിനായി താരങ്ങളുടെ ഡേറ്റും നോക്കി കാത്തിരിക്കേണ്ട ആവശ്യവുമില്ല. മൂന്നോ നാലോ രണ്ടാംനിര താരങ്ങൾ മതിയാവും ഇത്തരം ചിത്രങ്ങൾ ഒരുക്കാൻ. 

പുതുമുഖ സംവിധായകർ കൂടിയാവുമ്പോൾ താരങ്ങളും ഹാപ്പി. വർഷം ഒന്നോ രണ്ടോ ചെറിയ പടങ്ങൾ വിജയിച്ചാൽ മതി അതിന്റെ ചുവടുപിടിച്ച് ഇത്തരത്തിലുള്ള ഒട്ടേറെ പടങ്ങൾ തിയറ്ററിലെത്തും. എന്നാൽ ഇവയിൽ പലതും തിയറ്ററിൽ വലിയ വാണിജ്യ വിജയം നേടാറില്ലെന്നതാണു സത്യം. എന്നാൽ, വലിയ ബജറ്റിൽ എത്തി പരാജയപ്പെടുന്ന ചിത്രങ്ങൾ ഏൽപ്പിക്കുന്ന ആഘാതം ഇത്തരം സിനിമകൾ ഏൽപ്പിക്കുന്നില്ല എന്നതു നിർമാതാക്കൾക്ക് ആശ്വാസം പകരുന്നു. 

സാറ്റലൈറ്റിന്റെയും മറ്റു റൈറ്റ്‌സുകളുടെയും കച്ചവടം പലപ്പോഴും മുൻനിര ചിത്രങ്ങൾക്കു പോലും ലഭിക്കാത്ത കാലമാണിതെന്നും നിർമാതാക്കൾ പറയുന്നു. റിലീസിനു മുൻപേ കാര്യമായ കച്ചവടം നടന്നില്ലെങ്കിലും തിയറ്ററിൽ ചലനം സൃഷ്ടിച്ചാൽ മറ്റു ബിസിനസുകളിലും ഇതിന്റെ മേന്മ ലഭിക്കും. 

അപ്രതീക്ഷിത അഡാറുകൾ

താരങ്ങളില്ലാതെയും വലിയ മുതൽമുടക്കില്ലാതെയും ചിത്രീകരിച്ച് റിലീസിനു മുൻപേ കോടികൾ കൊയ്ത സിനിമയുമുണ്ട് –  ഒമർ ലുലുവിന്റെ ‘ഒരു അഡാർ ലൗ’. സിനിമ തീയറ്ററിൽ എത്തും മുൻപേ മുൻപേ നായിക കാഡ്ബറി ചോക്കലേറ്റിന്റെ മോഡലായതും പുതുമയായി. 

ഇന്ത്യൻ സിനിമയിൽ ആദ്യമായി എല്ലാ ഇന്ത്യൻ ഭാഷകളിലും ഒരേദിവസം റിലീസ് ചെയ്യാൻ പോകുന്ന ചിത്രമാണ് ‘ഒരു അഡാർ ലൗ’. എന്നാൽ റിലീസിനു മുൻപ് കാര്യമായി കച്ചവടം നടക്കാതിരിക്കുകയും അതിനു ശേഷം മുൻനിര ചിത്രങ്ങളേക്കാൾ സാമ്പത്തിക നേട്ടം കൊയ്യുകയും ചെയ്തവയാണ് ‘സുഡാനി’യും ‘ക്വീനും’. ഈ രണ്ടു ചിത്രങ്ങളും തീയറ്ററിൽ അപ്രതീക്ഷിത ചലനമാണു സൃഷ്ടിച്ചത്. 

യുവപ്രേക്ഷകർ വിധിയെഴുതും

സൗഹൃദങ്ങളുടെ കഥയാണ് ഇത്തരത്തിലുള്ള മിക്ക ചിത്രങ്ങളിലും കാണാവുന്നത്. യുവാക്കളെയാണ് ഇവ പ്രധാനമായും ഫോക്കസ് ചെയ്യുന്നത്. ഈമയൗ, സുഡാനി ഫ്രം നൈജീരിയ, ക്വീൻ, അങ്കമാലി ഡയറീസ്, ഒരു മെക്‌സിക്കൻ അപാരത, കിസ്മത്ത്  തുടങ്ങി ഇത്തരം വിജയ സിനിമകളുടെ പ്രധാന പ്രേക്ഷകർ യുവാക്കളാണ്. 

യുവാക്കൾ ഹിറ്റാക്കിയതിനു ശേഷമാണ് കുടുംബങ്ങൾ ഇവയിൽ പല ചിത്രങ്ങളെയും ഏറ്റെടുത്തത്. ‘സ്വാതന്ത്ര്യം അർധരാത്രിയിൽ’ എന്ന സിനിമയുടെ പ്രേക്ഷകരിൽ 90 ശതമാനവും യുവാക്കളായിരുന്നു. ചെറുതെന്നോ വലുതെന്നോ വ്യത്യാസമില്ലാതെ സിനിമ മാറുകയാണ്, വലിയ കഥകളും ലോജിക്കുകളുമില്ലാതെ ആസ്വാദനത്തിന്റെ പുതിയ ലോകത്തേക്ക്. അവിടെ താരം സിനിമ മാത്രമാണ്.

related stories
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.