Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സുരാജ് ചിത്രത്തിലൂടെ ജീവിതം മാറിമറിഞ്ഞ ചെറുകുട്ടി

cherukutty സുരാജ് ,ചെറുകുട്ടി

ആ നിമിഷത്തിൽ ചെറുകുട്ടിയുടെ മനസ്സിലെന്തായിരിക്കണം? തുരുത്തുകളും ദുർഗ്ഗങ്ങളും താണ്ടിയെത്തിയ കാറ്റിൻറെ കിതപ്പോടെ മനസ്സ് പിന്നിട്ട വഴികള്‍ തിരിഞ്ഞുനോക്കിക്കാണും. നിരാശയുടെ, കാത്തിരിപ്പിന്റെ, മോഹഭംഗങ്ങളുടെ ഒക്കെ നാളുകള്‍...

അഭിനയമോഹവുമായ് കഴിഞ്ഞ  മുപ്പത്തിയഞ്ചു വർഷമായി ചെറുകുട്ടി സിനിമയില്‍ ജൂനിയർ ആർട്ടിസ്റ്റായി തൊഴിലെടുക്കുന്നു. ഇന്നേവരെ ഒരു ഡയലോഗും പറയാൻ അവസരം ലഭിച്ചിട്ടില്ല. ആള്‍കൂട്ടത്തില്‍ ഒരാളായി പാസ്സിങ്ങ് ഷോട്ടുകളിലെ മടുപ്പിക്കുന്ന റിപ്പീറ്റുകൾ സഹിച്ച്  പാക്കപ്പ് കേൾക്കാൻ കാത്തിരിക്കുന്ന കൂലിക്കാരന്റെ റോളായിരുന്നു ഇതുവരെ. എന്നാൽ  ജീവിതത്തിൽ അപ്രതീക്ഷിതമായ ട്വിസ്റ്റ്  സംഭവിച്ചത്  'കുട്ടൻപിള്ളയുടെ ശിവരാത്രി' എന്ന സുരാജ് വെഞ്ഞാറമ്മൂട് ചിത്രത്തിലൂടെയാണ്. 

പാലക്കാട്ട് മങ്കരയിൽ 'കുട്ടൻപിള്ളയുടെ ശിവരാത്രിയുടെ' ഷൂട്ടിങ് ലൊക്കേഷനിൽ പതിവുപോലെ ജൂനിയർ ആർട്ടിസ്റ്റായാണ് ചെറുകുട്ടി എത്തിയത്. അപ്പോള്‍ മരണവീട്ടിലെ ഒരു രംഗമാണ് ഷൂട്ട് ചെയ്തുകൊണ്ടിരുന്നത്. ചില നാട്ടുവർത്തമാനങ്ങൾ ഉൾപ്പെടുത്താം എന്ന ആശയത്തിൽ  കൊള്ളാവുന്ന ആരെയെങ്കിലും കണ്ടെത്താൻ സംവിധായകൻ ജീൻ മാർക്കോസ് അസോസിയേറ്റ് പ്രതീഷ് കൃഷ്ണയോട്  ആവശ്യപ്പെടുകയായിരുന്നു. അനേകം മുഖങ്ങൾക്കിടെയിൽ നിന്നും പ്രതീഷ് കണ്ടെടുത്തത് ചെറുകുട്ടിയെ ആയത് യാദൃച്ഛികം. ഡയലോഗ് പറഞ്ഞുകൊടുത്തു. ആദ്യ ടേക്ക് തന്നെ ഓക്കെയായി. സംവിധായകൻ ജീൻ മോണിറ്ററിൽ വിഷ്വൽസ് നോക്കിയപ്പോൾ ആൾ തരക്കേടില്ലന്ന് കണ്ടു. തുടർന്ന് നാല് സീനുകളിൽ കൂടി അഭിനയിക്കാൻ ക്ഷണം  ലഭിച്ചു. 

ഏറെക്കാലം അലഞ്ഞിട്ടും തേടിയെത്താതിരുന്ന ഭാഗ്യം കുട്ടൻപിള്ളയുടെ ശിവരാത്രിയുടെ കൈവന്ന സന്തോഷത്തിലാണ് ചെറുകുട്ടി. പാട്ടും അഭിനയവും രക്തത്തില്‍ അലിഞ്ഞു ചേര്‍ന്നതാണ്. ചെറുകുട്ടിയുടെ അച്ഛന്‍ നാട്ടിലെ അറിയപ്പെടുന്ന കളിയച്ചനായിരുന്നു. സഹോദരര്‍ക്കൊപ്പം ചെറുകുട്ടിയും പരമ്പരാഗത കലകളില്‍ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. പാലക്കാട് ജില്ലയിലെ കൊല്ലങ്കോട്ട് ഗ്രാമത്തിലെ നെന്മേനി സ്വദേശിയാണ്. ഭാര്യയും അഞ്ചു മക്കളുമുണ്ട്. കലകൊണ്ടു മാത്രം ജീവിക്കാനാവാത്തപ്പോള്‍ കൂലിപ്പണിചെയ്യും. എങ്കിലും കലാകാരനായി ജീവിച്ചു മരിക്കണം എന്നത്  ജീവിതാഭിലാഷവും.