Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്നേഹത്തിന്റെ കടലായ മാതാപിതാക്കൾ; ‘വിശ്വശാന്തി’ സമ്മാനിച്ച് മോഹന്‍ലാല്‍

mohanlal-mother-father

പിറന്നാൾ ദിനത്തിൽ പുതിയ ബ്ലോഗുമായി മോഹൻലാൽ. മോഹൻലാലിന്റെ അച്ഛന്റേയും അമ്മയുടെയും പേരുകൾ കൂട്ടിച്ചേർത്ത് ആരംഭിച്ച വിശ്വശാന്തി ഫൗണ്ടേഷനെക്കുറിച്ചാണ് ബ്ലോഗിൽ പറയുന്നത്.

മോഹൻലാലിന്റെ ബ്ലോഗ് വായിക്കാം–

വിശ്വശാന്തി എന്ന പ്രാർത്ഥനം

ലണ്ടൻ നഗരത്തിൽ ഇരുന്നാണ് ഇത് എഴുതുന്നത്. എന്റെ മുറിക്ക് പുറത്ത് മഹാനഗരം അതിന്റെ പല പല വേഗങ്ങളിൽ താളങ്ങളിൽ എങ്ങോട്ടൊക്കെയോ പ്രവഹിക്കുന്നു. ദൂരെ എവിടെയോ തെംസ് നദി ഒഴുകുന്നു. ലണ്ടൻ ബ്രിഡ്ജിലൂടെ രാപ്പകലില്ലാതെ ജീവിതം ഇരമ്പുന്നു.

മെയ് 21 എന്റെ ജന്മദിനമാണ് എല്ലാ തവണത്തേയും പോലെ ഇത്തവണം അത് ഷൂട്ടിങ് ലൊക്കേഷനിൽ തന്നെ. അതാണല്ലോ എന്റെ ജീവിതത്തിന്റെ അരങ്ങ്. ജന്മദിനത്തെക്കുറിച്ച് ആലോചിക്കുമ്പോൾ ഞാൻ ഒരിക്കലും എന്നെക്കുറിച്ച് ചിന്തിക്കാറില്ല. ഞാൻ ആലോചിക്കുന്നത് എന്റെ മാതാപിതാക്കളെക്കുറിച്ചാണ്. 

അച്ഛൻ‌ വിശ്വനാഥൻ നായരും അമ്മ ശാന്തകുമാരിയും. അവരിലൂടെയാണ് ഞാൻ ഈ ഭൂമിയുടെ യാഥാർഥ്യത്തിലേക്കും വൈവിധ‍്യത്തിലേക്കും കൺതുറന്നത്. അവരാണ് എന്നെ എന്റെ എല്ലാ , സ്വാതന്ത്ര്യങ്ങളിലേക്കും പറത്തിവിട്ടത്. അവരാണ് ഞാൻ അലഞ്ഞലഞ്ഞ് തിരിച്ചു വരുമ്പോൾ കാത്തിരുന്നത് എന്ന ചേർത്ത് പിടിച്ചത്. എന്റെ ജീവിതത്തെ സാർത്ഥകമാക്കിയത്. അച്ഛൻ‌ ഇന്ന് എനിക്കൊപ്പമില്ല. അമ്മയുണ്ട്. സ്നേഹത്തിന്റെ കടലായി എന്നും... എവിടെയിരുന്നാലും മനസുകൊണ്ട് നമസ്ക്കരിക്കാറുണ്ട്. ഈ ജന്മദിനത്തിലും തസ്മൈ ജനനൈന്യ നമഃ

എന്താണ് മക്കൾക്ക് മാതാപിതാക്കൾക്കായി ചെയ്യാൻ സാധിക്കുന്ന ഏറ്റവും മഹത്തായ സത്കർമ്മം? എപ്പോഴും ഞാനിത് സ്വയം ചോദിക്കാറുണ്ട്. അത് ഒരിക്കലും ധനസമ്പാ‌ദനമല്ല. പദവനികളിൽ നിന്ന് പദവികളിലേക്കുള്ള പരക്കം പാച്ചിലുകളല്ല. പ്രശസ്തിയുടെ പകിട്ടുകളല്ല മറിച്ച് അവരുടെ പേരിനെ, ഓർമ്മയെ സമൂഹത്തന് സേവനമാക്കുക എന്നതാണ്. അവർ നമുക്ക് പകർന്ന തന്ന പ്രകാശത്തെ പതിന്മടങ്ങ് തിളക്കത്തിൽ‌ പങ്ക് വയ്ക്കുക എന്നതാണ്. ഇതിന് സാധിക്കണമെങ്കിൽ ചുറ്റുമുള്ള സമൂഹത്തിലേക്ക് നാം കൺതുറന്ന് നോക്കണം. 

ഇല്ലായ്മകളുടെ ഇരുട്ടുകൾ കാണണം. അവിടേത്ത് ചെല്ലണം. ഈയൊരു ഉദ്ദേശത്തിൽ മൂന്ന് വർഷങ്ങൾക്ക് മുമ്പ് ഞങ്ങൾ ആരംഭിച്ചതാണ് വിശ്വശാന്തി ഫൗണ്ടേഷൻ. അച്ഛന്റേയും അമ്മയുടെയും പേരുകൾ കൂട്ടിച്ചേർത്താണ് വിശ്വശാന്തി എന്ന പേരുണ്ടാക്കിയത്. നന്നായി, നിശ്ശബ്ദമായി പ്രവർത്തിച്ചു വരുന്ന ഈ ഫൗണ്ടേഷന്റെ പ്രവർത്തനങ്ങൾ ഈ വർഷം മുതൽ കൂടുതൽ ശക്തമാക്കണം എന്നതാണ് ജന്മദിനത്തിലെ എന്റെ പ്രാർഥന. അത് നിങ്ങളോട് ഞാൻ പങ്കു വയ്ക്കുന്നു.

പിജിബി മേനോൻ, ഡോ ദാമോദരൻ വാസുദേവൻ, ഡോ വി നാരായണൻ, മേജർ രവി, പി ജി ജയകുമാർ, ടി എസ് ജഗദീശൻ, വിനു കൃഷ്ണൻ, ഡോ അയ്യപ്പൻ നായർ, ശങ്കർ റാം നാരായണൻ, വിനോദ്, കൃഷ്ണകുമാർ, സജീവ് സോമൻ, അഡ്വ സ്മിതാ നായർ തുടങ്ങിയവർ വിശ്വശാന്തി ഫൗണ്ടേഷന്റെ ഡയറക്ടർ ബോര്‌ഡ് അംഗങ്ങളാണ്. എല്ലാ സഹായ സഹകരണവുമായി ഡോ. ജഗ്ഗു സ്വാമിയും ഒപ്പമുണ്ട് . ഈ ഫൗണ്ടേഷന്റെ എല്ലാ സേവന പ്രവർത്തനങ്ങളും സാർത്ഥകമാക്കാൻ ഇവർ എന്നെ സഹായിക്കുന്നു.

വിദ്യാഭ്യാസ ആരോഗ്യ രംഗങ്ങളിലാണ് വിശ്വശാന്തി ഫൗണ്ടേഷൻ ഇപ്പോൾ ശ്രദ്ധ ചെലുത്തുന്നതും പ്രവർത്തിക്കുന്നതും. സാർവത്രികമാണ് വിദ്യാഭ്യാസം എന്ന പറയുമെങ്കിലും നല്ല അന്തരീക്ഷത്തിലിരുന്ന് മാറുന്ന കാലത്തിനനുസരിച്ചുള്ള വിദ്യാഭ്യാസം നേടാൻ എത്രപേർക്ക് കഴിയുന്നുണ്ട്? പ്രത്യേകിച്ച് നമ്മുടെ വനവാസികൾക്കിടയിൽ ? സർക്കാർ സ്കൂളുകളിൽ എത്രമാത്രം ആധുനീകരണം കൊണ്ടുവരാൻ നമുക്ക് സാധിച്ചിട്ടുണ്ട്? ഈ വഴിയിലൂടെ സഞ്ചരിച്ചപ്പോൾ ഇക്കാലയളവിൽ ഞങ്ങൾക്ക് കുറെയൊക്കെ ചെയ്യുവാൻ സാധിച്ചു. വയനാട്ടിലേയും തിരുവനനന്തപുരത്തേയും പിന്നോക്ക ജനവിഭാഗങ്ങൾ പഠിക്കുന്ന സ്കൂളുകളുടെ പഠന നിലവാരം ഉയർത്താനായി ഹൈടെക് ക്ലാസ് റൂമുകൾ ഉണ്ടാക്കാനായി ധനഹായവും ഉപകരണങ്ങവും നൽകാൻ ഞങ്ങൾക്ക് സാധിച്ചു.

ആരോഗ്യമേഖലയിലും എല്ലാ കാര്യങ്ങളും ഇന്ത്യയെപ്പോലുള്ള രാജ്യത്ത് സർക്കാരിനെക്കൊണ്ട് മാത്രം ചെയ്യാൻ സാധിക്കില്ല. ആരോഗ്യമേഖല സാധാരണക്കാരന് അപ്രാപ്യമായ തരത്തിൽ വിലപിടിച്ചതായപ്പോൾ വലിയൊരു വിഭാഗം ഈ മേഖലയുടെ സാന്ത്വന പരിധിക്കപ്പുറത്തായി 1.5 കോടി രൂപയിലധികമുള്ള സേവന പ്രവർത്തനങ്ങള്‍ ഈ മേഖലയിൽ വിശ്വശാന്തി ചെയ്തുകഴിഞ്ഞു.

മഹാത്മഗാന്ധി പറഞ്ഞിട്ടുണ്ട്. ഏറ്റവും അവസാനത്തെ മനുഷ്യനും പ്രാപ്യമാവുമ്പോൾ മാത്രമേ ഏത് വികസനവും സാർത്ഥകമാവൂ എന്ന്. എന്നാൽ വരിയിൽ ഏറ്റവും അവസാനം നിൽക്കുന്നവനെ നാം കാണുകപോലും ചെയ്യാറില്ല. നിരാശനായി അയാൾ എപ്പോഴും മടങ്ങിപ്പോകുന്നു. ഒന്നും മിണ്ടാതെ. അതുകൊണ്ട് വിശ്വശാന്തി എപ്പോഴും നോക്കുന്നത് ഏറ്റവും പിറകിൽ നിൽക്കുന്നവരെയാണ്. വേദനയോടെ നിസ്സഹായരായി മറഞ്ഞിരിക്കുന്നവരെയാണ്. ഇല്ലായ്മയിൽ നീറുന്നവരെയാണ്. ഈ വിശ്വത്തിൽ ഉള്ളവരെല്ലാം ശാന്തിയോടെയും സംതൃപ്തമായും ജീവിക്കണം എന്നതാണ് വിശ്വശാന്തി ഫൗണ്ടേഷന്റെ ആഗ്രഹവും സ്വപ്നവും. 

വേദനകളുടേയും അപര്യാപ്തകളുടേയും ഒരു വലിയ സമുദ്രത്തിലേക്കാണ് ഇറങ്ങുന്നത് എന്ന ഞങ്ങൾക്കറിയാമായിരുന്നു. ഇതുവരെ ചെയ്തത് കൊണ്ടു മാത്രം മതിയാവില്ലെന്നും അറിയാം. എങ്കിലും ഇരുട്ടിനെ പഴിക്കുന്നതിനേക്കാൾ ഒരു ചെറുതിരിയെങ്കിലും കൊളുത്തുന്നതാണ് നല്ലത് എന്ന ഞങ്ങൾ വിശ്വസിക്കുന്നു. അതാണ് ചെയ്യുന്നത്. ഞങ്ങൾ കൊളുത്തിയ സേവനത്തിന്റെ ഈ വെളിച്ചത്തെ കൂടുതൽ പ്രകാശ പൂർണ്ണമാക്കാൻ നിങ്ങൾക്കും ഒപ്പം ചേരാം. നമുക്ക് ഒന്നിച്ച് മുന്നോട്ട് നീങ്ങാം. മനവുഷ്യ സേവനത്തിന്റെ ഈ പാതയിൽ നിങ്ങളും ഒപ്പമുണ്ടെങ്കിൽ അതായിരിക്കും എനിക്ക് ലഭിക്കുന്ന ഏറ്റവും വലിയ പിറന്നാൾ സമ്മാനം. വിശ്വശാന്തി ഫൗണ്ടേഷനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക്

www.viswasanthifoundation.com

വിശ്വശാന്തിക്കായി പ്രാർഥിച്ചുകൊണ്ട് അച്ഛനും അമ്മയ്ക്കും പാദ നമസ്കാരം ചെയ്തുകൊണ്ട് പിറന്നാൾ ദിനത്തിൽ..

സ്നേഹപൂർവം ‌

മോഹൻലാൽ