Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘മമ്മൂക്കയുടെ കസേര വലിക്ക്’; സിദ്ദിഖിനോട് മുകേഷ്

mukesh-sidhique

കഴിഞ്ഞ മുപ്പതുവർഷത്തോളമായി സിദ്ദിഖും മുകേഷും അടുത്തസുഹൃത്തുക്കളാണ്. തൊണ്ണൂറുകാലഘട്ടങ്ങളിൽ ഇവർ ഒന്നിച്ച് അഭിനയിച്ച ചിത്രങ്ങളെല്ലാം സൂപ്പർഹിറ്റുകളായിരുന്നു. വര്‍ഷങ്ങൾ പിന്നിടുമ്പോഴും ഇവർ പഴയതൊന്നും മറന്നിട്ടില്ല. സിനിമയിൽ വരുന്ന സമയത്ത് മുകേഷിനെ തനിക്ക് അറിയില്ലായിരുന്നെന്നും എന്നാൽ ആദ്യ കൂടിക്കാഴ്ചയില്‍ തന്നെ ഞങ്ങൾ അടുത്ത സുഹൃത്തക്കളായി മാറിയെന്നും സിദ്ദിഖ് പറഞ്ഞു. മഴവിൽ മനോരമയിലെ നക്ഷത്രത്തിളക്കം എന്ന പരിപാടിയിലാണ് സിദ്ദിഖ് മനസ്സുതുറന്നത്.

നക്ഷത്രത്തിളക്കം | എപ്പി 05 - അനുഭവങ്ങളും തമാശകളുമായി മുകേഷും സിദ്ദിക്കും! | മഴവിൽ മനോരമ

‘മുകേഷ് 82–ൽ വന്നു എന്ന് പറയുന്നു. ഞാൻ ഒരു 88–ലാണ് വരുന്നത്. വളരെ ചെറിയ വേഷങ്ങളിലൂടെയാണ് സിനിമയിൽ എത്തുന്നത്. എന്നെ സംബന്ധിച്ചിടത്തോളം എന്റെ മോഹങ്ങൾ അന്ന് അത്രയേ ഒള്ളൂ. ചെറിയ വേഷത്തിൽ സിനിമയിൽ വരണം, പിന്നെ സിനിമാതാരങ്ങളെ ഒക്കെ ഒന്നു കാണുക അതൊക്കെയായിരുന്നു എന്റെ വലിയ സ്വപ്നമായി കണ്ടത്. നായർ സാബ് എന്ന സിനിമയുടെ ഷൂട്ടിങ്ങിൽ വച്ചാണ് ഞാൻ മുകേഷിനെ ആദ്യമായി കാണുന്നത്. 

‘അന്ന് നായർ സാബിന്റെ ഷൂട്ടിങ് കാശ്മീരിലാണ്. കാശ്മീരിൽ എത്തണം എന്ന് പറഞ്ഞു. അന്ന് ഫോൺ ഒന്നും ഇല്ല, അടുത്തുള്ള തിയറ്ററിൽ നിന്നും ഒരാൾ വന്ന് പറയുകയാണ് ചെയ്തത്. അങ്ങനെ എറാണാകുളം ജൂബിലിയുടെ ഒാഫീസിൽ നിന്ന് മദ്രാസിലേക്ക് ട്രെയിൻ ടിക്കറ്റ് കിട്ടി. അവിടുന്ന് ഡൽഹിക്ക് ടിക്കറ്റ് തന്നു. പിന്നെ ഞാൻ ലോറി പോലുള്ള വാഹനത്തിൽ കയറി പഞ്ചാബിലൂടെ രാത്രിയൊക്കെ യാത്രചെയ്ത് ശ്രീനഗറിൽ എത്തി. അന്ന് ഇത് വലിയകാര്യമൊന്നും ആക്കിയില്ല. അന്നത്തെ എന്റെ ഒരു ആഗ്രഹം വെച്ച് ഞാൻ നടന്ന് വരെ ശ്രീനഗറിൽ എത്തും.’ 

‘ഒരു വൈകുന്നേ‍രമാണ് അവിടെ എത്തുന്നത്. ഗൗരവ് എന്ന ഒരു ഗസ്റ്റ്ഹൗസ്, അവിടെ ഇവരെല്ലാവരും വന്നു. ഇവർ രാവിലെ തന്നെ ഫ്ലൈറ്റിൽ എത്തിക്കഴിഞ്ഞു. ഞാൻ മൂന്ന് നാലു ദിവസം കൊണ്ട് ആണ് വരുന്നത്. നേരത്തെ തന്നെ മണിയൻപിള്ള രാജുവിനെ പരിചയപ്പെട്ടിരുന്നു. അപ്പോഴാണ് മുകേഷ് അവിടെ നിൽക്കുന്നത് കണ്ടത്. ഞാൻ മുകേഷിനെ കാണാൻ അടുത്തേക്ക് ചെന്നു. മുകേഷ് എന്റെ തോളിൽ കൈവച്ച് ചോദിച്ചു ‘ഒരുപാട് ബുദ്ധിമുട്ടിയാണ് വന്നത് അല്ലേ’. എങ്ങനെയാണ് മുകേഷ് അതറിഞ്ഞതെന്ന് എനിക്ക് അറിയില്ല. ഞാൻ പറഞ്ഞു ‘ഇല്ല കുഴപ്പം ഒന്നും ഇല്ല’. അന്നു തുടങ്ങിയ സുഹൃദ്ബന്ധമാണ് ഞങ്ങളുടേത്. ഇപ്പോഴും സുഹൃത്തായി കാണാനുള്ള മാനസികവസ്ഥ എനിക്ക് വന്നിട്ടില്ല.’ 

‘എനിക്ക് ഇവർ എല്ലാവരും താരങ്ങൾ ആണ്. ഇവർ അന്ന് എന്റെ പേര് വിളിക്കുമ്പോഴൊക്കെ സത്യം പറ​ഞ്ഞാൽ വലിയ സന്തോഷമാകും. ഇവരെപ്പോലെ വലിയതാരങ്ങൾ എന്റെ പേരെടുത്ത് വിളിക്കുന്നു. അതൊക്കെ വലിയകാര്യമായിരുന്നു. സിനിമയിൽ എന്നെക്കാളും സീനിയർ ആണ് മുകേഷ്. ഞാൻ വരുന്നതിനും വർഷങ്ങൾക്ക് മുമ്പ് അദ്ദേഹം സിനിമയിലെത്തി.  പിന്നീട് ഞങ്ങൾ എത്രയോ മാസങ്ങൾ ഒരുമിച്ച് താമസിച്ചിരിക്കുന്നു എത്രയോ കാലങ്ങളായി സുഹൃദ്ബന്ധം കൊണ്ടുപോകുന്നു. ഇൻ ഹരിഹർ നഗർ സിനിമയിൽ  നിങ്ങൾ കാണുന്നതിലും തമാശയിലും അപ്പുറം ഞങ്ങൾ ലോക്കേഷനിൽ ആസ്വദിച്ചിട്ടുള്ളത്. മുകേഷ് ഒക്കെ ഉണ്ടാക്കുന്ന തമാശകളും സിറ്റുവേഷനുകളും പകുതിമാത്രമാണ് സിനിമയിൽ വരുന്നത്.’–മുകേഷ് പറഞ്ഞു.

സിദ്ദിഖ് ഇതുപറഞ്ഞ് കഴിഞ്ഞപ്പോൾ മുകേഷിന് മറ്റൊരു സംഭവം ഓർമ വന്നു.

‘നായർ സാബ് എന്ന് പറഞ്ഞപ്പോൾ പെട്ടന്ന് വന്ന ഒരു കാര്യമാണ്. സിദ്ദിക്ക് പുതിയ ആൾ ആണ്. എന്നാലും റാഗിങ് ഒന്നും അല്ല, ആളെ ഒന്ന് മനസിലാക്കാൻ വേണ്ടി ചില കാര്യങ്ങൾ ഉണ്ട്. എല്ലാവർക്കും ഭയഭക്തിബഹുമാനമാണ് മമ്മൂക്കയോട്. മമ്മൂക്ക ഹീറോ മാത്രമല്ല, ആ സിനിമയിൽ നായർസാബ് ആയി അഭിനയിക്കുന്നത് മമ്മൂക്കയാണ്. അങ്ങനെയും അദ്ദേഹത്തിനോട് ബഹുമാനം കൂടുതലാണ് പിന്നെ സീനിയറും. 

അങ്ങനെ ഒരുദിവസം റൂമിൽ എല്ലാവരും ഇരിപ്പുണ്ട്. മമ്മൂക്ക വരാറായി. അപ്പോൾ സിദ്ദിക്ക് എന്റെ കൂടെ ഇരിപ്പുണ്ട്. ആ സമയം സിദ്ദിക്കിനെ എല്ലാവർക്കും പരിചയപ്പെടുത്തി കൊടുക്കുന്ന സമയമാണ്. അവിടെ ഒരു കസേര കിടപ്പുണ്ട്. കസേരയിൽ ഇരിക്കാൻ മമ്മൂക്ക അവിടെ നിന്ന് നടന്ന് വരുന്നുണ്ട്. ഞാൻ സിദ്ദിക്കിനോട് പറഞ്ഞു, ‘കസേര വലിക്ക് , കസേര വലിക്ക്’. അപ്പോൾ പുള്ളി പകുതി പോയി, പെട്ടന്ന് സിദ്ദിഖിന് കാര്യം മനസ്സിലായി ‘അയ്യോ കസേര’. അപ്പോഴേക്കും മമ്മൂക്ക ഇരുന്ന് കഴിഞ്ഞിരുന്നു. എന്നിട്ട് എന്നോട് എന്തിനാണ് ഇങ്ങനെ പറഞ്ഞതെന്ന് ചോദിച്ചു. ഞാൻ പറഞ്ഞു, ‘അല്ല ഇങ്ങനെയൊക്കെയാണ് ഓരോരുത്തര് കേറിക്കേറി വരുന്നതെന്ന്.’

എനിക്ക് ഒരുകാര്യം മനസിലായി അങ്ങനെ പെട്ടന്ന് പറ്റിക്കാൻ‌ പറ്റുന്നയാൾ ഒന്നും അല്ല സിദ്ദിഖെന്ന്. അങ്ങനെ നായർസാബിൽ ഒക്കെ ശരിക്കും പറഞ്ഞാൽ വിളഞ്ഞ് പഴുത്ത ആളുകളാണ് ഞങ്ങളൊക്കെ.’–മുകേഷ് പറഞ്ഞു.