Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘വലിയൊരു പ്രഖ്യാപനം ഉടനുണ്ടാകും’; രണ്ടാമൂഴത്തെക്കുറിച്ച് ശ്രീകുമാർ മേനോൻ

randamoozham-mohanlal

മലയാളികൾ മാത്രമല്ല ഇന്ത്യ മുഴുവനുള്ള സിനിമാപ്രേമികൾ കാത്തിരിക്കുന്ന പ്രോജക്ട് ആണ് രണ്ടാമൂഴം. ഒടിയനിൽ നിന്നും ഭീമസേനനിലേക്കുള്ള മോഹൻലാലിന്റെ രൂപമാറ്റം എന്നാകുമെന്ന ആകാംക്ഷയിലാണ് ആരാധകരും. എന്നാൽ ചിത്രം എന്ന് തുടങ്ങുമെന്ന കാര്യത്തിൽ ഇതുവരെയും ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിരുന്നില്ല.

ഇപ്പോഴിതാ രണ്ടാമൂഴവുമായി ബന്ധപ്പെട്ട് ഏറ്റവും പുതിയ സ്ഥിരീകരണവുമായി സിനിമയുെട സംവിധായകൻ ശ്രീകുമാർ മേനോ‍ൻ. എം.ടി വാസുദേവൻ നായർക്കൊപ്പം സിനിമയുമായി ബന്ധപ്പെട്ട ചർച്ചകൾ നടത്തിയതിന്റെ വിവരങ്ങൾ അദ്ദേഹം സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചു. 

‘നാം ഒരുമിച്ച് കണ്ട സ്വപ്നം യാഥാര്‍ത്ഥ്യമാകുന്നതിന് അതിന്റെ ഒരു ഘട്ടം കൂടി പിന്നിട്ടെന്നും ചിത്രത്തെക്കുറിച്ചുള്ള വലിയൊരു വാര്‍ത്ത ഉടന്‍ തന്നെ പുറത്തുവിടുമെന്നും’ അദ്ദേഹം കുറിച്ചു.

രണ്ടാമൂഴവുമായി ബന്ധപ്പെട്ട ചർച്ചകൾക്കിടയിൽ മോഹൻലാൽ ലണ്ടനിൽ നിന്നും ഫോണിലൂടെ ഒപ്പം ചേർന്നെന്നും അദ്ദേഹം വ്യക്തമാക്കി.

ആയിരം കോടി മുടക്കിയാണ് ചിത്രം നിർമിക്കുന്നത്. ഇന്ത്യന്‍ സിനിമയിലെ ഏറ്റവും ചെലവേറിയ ചിത്രമാവും ഇത്. എം.ടി.യുടെ തന്നെ തിരക്കഥയില്‍ ഒരുങ്ങുന്ന ചിത്രത്തിൽ ഭീമനായാണ് മോഹൻലാൽ എത്തുന്നത്. ബോളിവുഡ്, കോളിവുഡ്, ഹോളിവുഡ്, ടോളിവുഡ് താരങ്ങൾ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ചിത്രത്തില്‍ ജാക്കി ചാനും ഉണ്ടാകുമെന്ന് സൂചനകള്‍ പുറത്തുവന്നിട്ടുണ്ട്. 

ചിത്രത്തിലെ യുദ്ധരംഗങ്ങള്‍ കൈകാര്യം ചെയ്യുന്നത് റിച്ചാര്‍ഡ് റയോണാണെന്നും വാര്‍ത്തയുണ്ട്. സംഘട്ടനം കൈകാര്യം ചെയ്യുന്നത് പീറ്റര്‍ ഹെയിനാണ്. 100 ഏക്കറോളം സ്ഥലമാണ് രണ്ടാമൂഴം ചിത്രീകരിക്കാന്‍ ആവശ്യമായിട്ടുള്ളത്. എറണാകുളം ജില്ലയിലെ സ്ഥലങ്ങളോ കോയമ്പത്തൂരിലെ സ്ഥലങ്ങളോ ആണ് പരിഗണനയിലുള്ളത്. ചിത്രീകരണത്തിനു ശേഷം ഈ സ്ഥലം ‘മഹാഭാരത സിറ്റി’ എന്ന പേരില്‍ മ്യൂസിയമാക്കും.

മലയാളം, തമിഴ്, ഹിന്ദി, തെലുങ്ക് ഭാഷകളില്‍ ചിത്രികരിക്കുന്ന രണ്ടാമൂഴം പിന്നീട് ലോകത്തെ പ്രധാന ഭാഷകളിലേക്കും മൊഴിമാറ്റം ചെയ്യപ്പെടും.