Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നിപ്പ ട്രോളും മലയാളികളുടെ മനോവൈകല്യവും: ജോയ് മാത്യു പറയുന്നു

joy-mathew-nipah

സമൂഹമാധ്യമങ്ങളിൽ ചിരിക്കുവകവെയ്ക്കുന്ന ട്രോളുകൾ ചിലപ്പോഴൊക്കെ മറ്റുള്ളവരെ വേദനിപ്പിക്കുന്ന സാഹചര്യങ്ങളിലേക്കും എത്താറുണ്ട്. അത്തരം ട്രോളുകളെ വിമർശിച്ച് നടനും സംവിധായകനുമായ ജോയ് മാത്യു രംഗത്ത്. ട്രോളുകളിൽ വര്‍ഗീയത കൊണ്ടുവരരുതെന്നും മതത്തെയും ഭക്തരേയും അവരുടെ പാട്ടിനു വിടണമെന്നും അദ്ദേഹം പറയുന്നു. ജോയ് മാത്യുവിന്റെ കുറിപ്പ് വായിക്കാം–

പനി ബാധിച്ച മനസ്സുകളോട്‌

--------------------------------

ഞാനാരുടേയും ഭക്തനല്ല. എന്നാൽ ഭക്തിയിലൂടെ സമാധാനം ലഭിക്കുന്നവരെ പരിഹസിക്കുക എന്റെ പണിയുമല്ല. ഭക്തർ പലവിധമാണു ,ദൈവ ഭക്തന്മാർ, വിശ്വാസ ഭക്തന്മാർ, പാർട്ടി ഭക്തന്മാർ ,നേതൃഭക്തന്മാർ തുടങ്ങി നിരവധിയാണ്.

ഇവർക്കൊക്കെ അവരുടെ വിശ്വാസങ്ങൾക്കും ഭക്തിക്കും അനുസരിച്ചുള്ള സമാധാനമോ ആശ്വാസമോ ലഭിക്കുന്നുണ്ടാവാം. ഈ അടുത്ത ദിവങ്ങളിലായി നമ്മളെയാകെ പേടിപ്പിച്ചു കൊണ്ടിരിക്കുന്ന നിപ്പ വൈറസ്‌ രോഗബാധിതരായി ഒരു നഴ്സ്‌ അടക്കം നിരവധി പേരാണു മരണത്തിനു കീഴടങ്ങിയത്‌.

പ്രതിവിധി കണ്ടുപിടിക്കാനാവാതെ ആധുനിക വൈദ്യശാസ്ത്രം പകച്ചു നിൽക്കുന്ന ദുരന്ത സമയത്തും നമ്മൾ മലയാളികൾ അതിനെ തമാശയായി കാണുന്നു, ട്രോളി സന്തോഷിക്കുന്നു.

രോഗബാധിതരായവരുടെ ബന്ധുക്കളുടെയോ പേരാംപ്രയിലും അയൽ പ്രദേശങ്ങളിൽ താമസിക്കുന്നവരുടെയോ മാനസികാവസ്ഥയെക്കുറിച്ച്‌

പരിഹസിക്കുമ്പോൾ അടിവരയിടുന്നത്‌ അയൽക്കാരന്റെ അമ്മയുടെ ഭ്രാന്ത്‌ കണ്ട്‌ ആഹ്ലാദിക്കുന്ന നമ്മൾ മലയാളികളുടെ മനോ വൈകല്യത്തെക്കുറിച്ചാണു-

നിപ്പ വൈറസിനെ സംബന്ധിച്ചു വന്ന ഒരു ട്രോളിനെക്കുറിച്ചാണു പറയാനുള്ളത്‌.

അപരന്റെ വാക്കുകൾ സംഗീതം പോലെ ആസ്വദിക്കണം എന്ന് പറയുന്ന വിപ്ലവകാരികൾ കെട്ടിപ്പിടിക്കുന്നത്‌ (hugging) പോയിട്ട്‌ പരസ്പരം തോളിൽ കൈയ്യിട്ട്‌ നിൽക്കുന്നത്‌ പോലും കാണാൻ കഴിയാത്ത ഒരു കാലത്താണു മാതാ അമൃതാനന്ദമയി അവരുടെ ഭക്തരെ കെട്ടിപ്പിടിക്കുന്നതും ആശ്ലേഷിക്കുന്നതും ചിലപ്പോഴെല്ലാം മുത്തം നൽകുന്നതും. .ജവിത പ്രാരാബ്ദങ്ങളിൽ പെട്ടുഴലുന്ന ഒരുപാട്‌ മനുഷ്യർക്ക്‌ അത്‌ ആശ്വാസമേകുന്നുണ്ടാവാം-

തന്നെക്കാണാനും ആശ്ലേഷിക്കാനും എത്തുന്നവർക്ക്‌ പകർച്ചവ്യാധികളുണ്ടോ, മെഡിക്കൽ സർട്ടിഫിക്കറ്റ്‌ ഹാജരാക്കിയിട്ടുണ്ടോ എന്നും മറ്റും നോക്കിയിട്ടല്ല അവർ തന്റെ ഭക്തരെ സ്വീകരിക്കുന്നത്‌. അതിനെ ട്രോളുമ്പോൾ നമ്മൾ സൗകര്യപൂർവ്വം മറ്റു ചിലതിനെ വെറുതെ വിടുന്നു-ട്രോളിൽ ഇരട്ടത്താപ്പ്‌ പാടില്ല.

ട്രോളുകൾ വെറും തമാശയായി കണ്ടാൽ മതി എന്നാണ് നിങ്ങളുടെ തർക്കുത്തരമെങ്കിൽ മറ്റു മതസ്‌ഥരുടെ കാര്യത്തിൽ എന്തുകൊണ്ട്‌ തമാശകൾ സൃഷ്ടിക്കുകയൊ പ്രചരിപ്പിക്കുകയൊ ചെയ്യുന്നില്ല- വിശാസികൾ സാഹോദര്യത്തിന്റെ പ്രതീകമായി നമസ്കാര ശേഷം പരസ്പരം ആശ്ലേഷിക്കാറുണ്ടല്ലോ-

ക്രിസ്ത്യൻ പുരോഹിതർ ഭക്തരുടെ വായിലേക്ക്‌ കൈകൊണ്ടാണു കുർബാന കഴിഞ്ഞ അപ്പം നൽകുന്നത്‌- വിശുദ്ധ ദിവസത്തിൽ ഭക്തരുടെ കാൽ കഴുകികൊടുക്കുന്നതും കാണാം-

ഇവിടെയൊന്നും പരിഹാസത്തിന്റെ ട്രോളുകൾ കാണുന്നില്ല-അതുകൊണ്ട്‌ ട്രോളന്മാരും പരിഹാസികളും ഒരു കാര്യം ശ്രദ്ധിക്കുക, മതത്തെയും ഭക്തരേയും അവരുടെ പാട്ടിനു വിടുക. അല്ലെങ്കിൽ എല്ലാവരേയും ഒരുപോലെ തമാശിക്കുക. ട്രോളിൽ വർഗ്ഗീയത വേണ്ട എന്ന്  വെയ്‌ക്കുക.

പരിഹസിക്കപ്പെടുന്നവനുകൂടി ആസ്വാദ്യകരമാവുംബോഴേ അത്‌ അർഥവത്തായ തമാശയാകൂ. ട്രോളിൽ ഇരട്ടത്താപ്പ്‌ വേണ്ട എന്ന് സാരം.