അന്ന് ജാഗ്വർ സമ്മാനമായി നൽകി; മണിയുടെ മകൾക്ക് പ്ലസ്ടു പരീക്ഷയിൽ ഉന്നത വിജയം

കലാഭവൻ മണി മലയാളികളെ വിട്ടുപിരിഞ്ഞെന്ന യാഥാർത്ഥ്യം ഇപ്പോഴും പലർക്കും ഉൾക്കൊള്ളാനാകുന്നില്ല. മലയാളികളെ മുഴുവൻ വേദനയിലാഴ്ത്തിയാണ് അദ്ദേഹം നമ്മെ വിട്ടുപിരിഞ്ഞത്. മണിയുടെ ഏകമകൾ ശ്രീലക്ഷ്മി സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയിലും ഉന്നതവിജയം കരസ്ഥമാക്കിയിരിക്കുന്നു.

മണിയുടെ സഹോദരൻ ആർഎൽവി രാമകൃഷ്ണനാണ് ഇക്കാര്യം സമൂഹമാധ്യമത്തിലൂടെ അറിയിച്ചത്. ‘പത്താം ക്ലാസ്സിലേക്ക് പാസ്സായപ്പോൾ തന്നെ പ്രോത്സാഹനമായി മകളുടെ ജന്മദിനത്തിന് ജഗ്വാർ കാർ സമ്മാനമായി നൽകിയ പൊന്നച്ഛനാണ് കലാഭവന്‍ മണി. മകൾ പാവങ്ങൾക്ക് അത്താണിയാവുന്ന ഡോക്ടറാകണമെന്നും അതിനായി ഒരു ആശുപത്രി തന്നെ ഉണ്ടാക്കുമെന്നും പറഞ്ഞ് മകൾക്ക് പ്രോത്സാഹനമായി എന്നും പിറകെ ഉണ്ടായിരുന്നു. അച്ഛന്റെ ആഗ്രഹം തെറ്റിക്കാതെ പത്താം ക്ലാസിലും, പ്ളസ് ടു വിനും ഉന്നത വിജയം കരസ്ഥമാക്കിയ ശ്രീലക്ഷ്മി (അമ്മു) യ്ക്ക് അഭിനന്ദനങ്ങൾ.’–ആർഎൽവി രാമകൃഷ്ണൻ പറയുന്നു.

ആർഎൽവി രാമകൃഷ്ണന്റെ കുറിപ്പ് വായിക്കാം–കലാഭവൻ മണി ഹൃദയത്തോട് ചേർത്ത ചേട്ടന്റെ ജീവന്റ ജീവനായ മകൾ ശ്രീലക്ഷ്മി. പ്ളസ് ടു പരീക്ഷയിലും ഉന്നത വിജയം കരസ്ഥമാക്കി. പത്താം ക്ലാസ്സിലേക്ക് പാസ്സായപ്പോൾ തന്നെ പ്രോത്സാഹനമായി മകളുടെ ജന്മദിനത്തിന് ജഗ്വാർ കാർ സമ്മാനമായി നൽകിയ പൊന്നച്ഛൻ: മകൾ പാവങ്ങൾക്ക് അത്താണിയാവുന്ന ഡോക്ടറാകണമെന്നും അതിനായി ഒരു ആശുപത്രി തന്നെ ഉണ്ടാക്കുമെന്നും പറഞ്ഞ് മകൾക്ക് പ്രോത്സാഹനമായി എന്നും പിറകെ ഉണ്ടായിരുന്നു. അച്ഛന്റെ ആഗ്രഹം തെറ്റിക്കാതെ പത്താം ക്ലാസിലും, പ്ളസ് ടു വിനും ഉന്നത വിജയം കരസ്ഥമാക്കിയ ശ്രീലക്ഷ്മി (അമ്മു) യ്ക്ക് അഭിനന്ദനങ്ങൾ. പാവങ്ങളുടെ ഡോക്ടർ എന്നതിനപ്പുറം ,അച്ഛനെ ഓർത്ത് നെഞ്ചു പിടഞ്ഞു വരുന്നവർക്കൊക്കെ അച്ഛനെ പോലെ സ്നേഹവും, ആശ്വാസവും നൽകണം., അച്ഛന്റെ ആഗ്രഹങ്ങൾ സഫലമാകാകുന്നതോടെ ആ ആത്മാവിന് നിത്യശാന്തി ലഭിക്കും. നീറ്റ് തുടങ്ങിയ ഇനിയുള്ള പരീക്ഷകളെല്ലാം ഉന്നത വിജയം കൈവരിക്കാൻ ജഗദീശ്വരൻ കൂട്ടായിരിക്കട്ടെ എന്ന് പ്രാർത്ഥിച്ചു കൊണ്ട് അമ്മൂസിന് സർവ്വ മംഗളങ്ങളും നേരുന്നു

രണ്ട് വർഷം മുമ്പ് പത്താം ക്ലാസിലെ ഹിന്ദി പരീക്ഷ എഴുതാൻ ശ്രീലക്ഷ്മി പേരാമ്പ്രയിലെ സരസ്വതി വിദ്യാനികേതൻ സീനിയർ സെക്കൻഡറി സ്കൂളിലെത്തിയത് അച്ഛന്റെ വേർപാടെന്ന യാഥാർഥ്യം ഉൾക്കൊള്ളാനാവാതെയാണ്. പരീക്ഷ കഴിഞ്ഞിറങ്ങിയതും ശ്രീലക്ഷ്മി പൊട്ടിക്കരഞ്ഞു. കാത്തുനിന്ന കൂട്ടുകാരികൾ ശ്രീലക്ഷ്മിയെ സ്നേഹത്തോടെ ചേർത്തുപിടിക്കുകയായിരുന്നു.

ഏറ്റവും വിഷമിച്ച നിമിഷം; മണിയുടെ മകൾ പറയുന്നു

സിഎംഐ പബ്ലിക് സ്കൂളിലെ വിദ്യാർഥിയാണ് ശ്രീലക്ഷ്മി. പല പൊതുപരിപാടികൾക്കും മണിക്കൊപ്പം ശ്രീലക്ഷ്മിയും പോകാറുണ്ടായിരുന്നു. രണ്ട് കസെറ്റുകളിൽ പാടി, നാടൻപാട്ടിന്റെ സുൽത്താന്റെ പാരമ്പര്യത്തികവറിയിച്ചു. വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന മണിയുടെ സൂപ്പർഹിറ്റ് ചിത്രം തിയറ്ററുകളിൽ നിറഞ്ഞോടുമ്പോഴാണ് ശ്രീലക്ഷ്മി പിറക്കുന്നത്. ചിത്രത്തിലെ കഥാപാത്രത്തിന്റെ പേരാണ് മണി മകൾക്ക് നൽകിയത്.