Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എന്നെയും ധർമനെയും അടിച്ച് പിരിക്കാന്‍ നോക്കി: പിഷാരടി

pisharody-dharmajan

മിനി സ്ക്രീനിലൂടെയും സിനിമയിലൂടെയും പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കുന്ന താരങ്ങളാണ് രമേഷ് പിഷാരടിയും ധർമജനും. സ്‌ക്രീനിന് പിന്നില്‍ ഉറ്റചങ്ങാതിമാരായ ധര്‍മ്മനും പിഷാരടിയ്ക്കും പറയാൻ നിരവധി കഥകളുണ്ട്. ഒരുകുടുംബംപോലെയാണ് ഇവർ. വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ ഇവർ മനസ്സുതുറക്കുന്നു.

സൗമ്യയ്ക്കു മുൻപേ പിഷാരടിയുടെ ‘ഭാര്യ’  ധർമനായിരുന്നില്ലേ?

ധർമജൻ: ‘ശരിക്കും കല്യാണം കഴിക്കും’ മുൻപ് കല്യാണം  കഴിച്ച ആൾക്കാരാണു ഞങ്ങൾ. രണ്ടു പേരും ഭാര്യയും ഭർത്താവും ആയി ഒരുപാടു സ്റ്റേജുകളിൽ വേഷമിട്ടിട്ടുണ്ട്. ചാനൽ പ്രോഗ്രാമുകൾ ചെയ്തിട്ടുണ്ട്.  മിക്കവാറും ഞാനായിരിക്കും ഭാര്യ. ശരിക്കുള്ള കല്യാണം കഴിഞ്ഞ് പ്രോഗ്രാമുകൾക്ക് പോകുമ്പോള്‍ പിഷാരടിയോട് പലരും ചോദിക്കും ‘ഭാര്യയെ കൊണ്ടുവന്നില്ലേ?’ ഇത് കേൾക്കുമ്പോ അവൻ കൺഫ്യൂഷനാകും. ശരിക്കും ഏതു ഭാര്യയെ ആണ് ഉദ്ദേശിച്ചത്? കുറേ നാൾ നാട്ടുകാർ വിചാരിച്ചിരുന്നത് അവന്റെ ശരിക്കുമുള്ള ഭാര്യ ഞാനും ആര്യയുമൊക്കെ ആണെന്നാ.

പിഷാരടി: ഞങ്ങൾ ഒരുമിച്ചു പ്രോഗ്രാം ചെയ്യാൻ തുടങ്ങിയിട്ടു പതിനഞ്ചു വർഷമായി. ഈ കൂട്ട് ഇത്രയും ഹിറ്റ് ആകുമെന്ന് ഒട്ടും  വിചാരിച്ചിരുന്നില്ല. കാണാൻ ചെറുതാണെങ്കിലും  പ്രായത്തിൽ എന്നെക്കാൾ മൂത്തത് ഇവനാണ്. പക്ഷേ, കണ്ടാൽ പ്രായം തോന്നില്ല. ആദ്യം കല്യാണം  കഴിച്ചതും ഇവനാണ്. പ്രായം കുറവാണെന്നു തെറ്റിദ്ധരിപ്പിക്കാന്‍ ചില നമ്പരുകള്‍ ഇവനുണ്ട്. ‘ചങ്ക്സ്’ സിനിമയില്‍ പ്ലസ് ടു വിദ്യാർഥിയായി അഭിനയിക്കുക, കട്ടപ്പനയിലെ ഋത്വിക് റോഷനിൽ  സ്കൂൾ വിദ്യാർഥിയായി അഭിനയിക്കുക... അങ്ങനെ പലതും.

പിഷുവിന്റെയും ധർമന്റെയും സൗഹൃദത്തിന്റെ ജാതകപ്പൊരുത്തം അത്ര കിടിലനാണോ?

പിഷാരടി: ഞാനും ഇവനും  ഇത്ര സുഹൃത്തുക്കളാകേണ്ടതേയല്ല. ഞങ്ങളുടെ സ്വഭാവങ്ങൾ തമ്മിൽ അത്ര വലിയ വ്യത്യാസങ്ങളുണ്ട്. ധർമനും എനിക്കും ഇടയിൽ ഒരുപോെലയുള്ള സ്വഭാവം, താൽപര്യം  ഒന്നും  ഇതു വരെ കണ്ടെത്താനായിട്ടില്ല. ആലോചനയിൽ പോലും വ്യത്യാസമുണ്ട്. തിരുവനന്തപുരത്തു പോകാനൊരുങ്ങുമ്പോള്‍, ‘ട്രെയിനിനു പോകാം’ എന്നു ഞാന്‍ പറഞ്ഞാൽ, ‘വേണ്ട, നമുക്കു വോൾവോയ്ക്ക് പോകാം’ എന്നിവൻ പറയും. ഇനി ‘കാറിനു പോകാ’മെന്നു ഞാന്‍  പറഞ്ഞാൽ,  ‘ട്രെയിനല്ലേ നല്ലത്’ എന്നിവന്‍ ചോദിക്കും. അത്രയ്ക്ക് പൊരുത്തമാണ്. ഞാൻ പക്കാ വെജിറ്റേറിയനാണ്.  ഇവൻ  മീൻ വറുത്തതില്ലാതെ നാലുമണി ചായ പോലും കുടിക്കാത്ത ആളാണ്. എന്നാൽ രണ്ടുപേർക്കും  ഒരു ജീവിതമുണ്ടായത് ഒരുമിച്ചു നിന്നപ്പോഴാണ്.  ധർമൻ മറുപടി പറയും മുമ്പേ ആ വിളി മുഴങ്ങി.      

ധർമജന് വേണ്ടി ചൂടായ മമ്മൂക്ക

‘പിഷു സാർ...’ നമ്മുടെ ‘ആനക്കാരന്‍’ ആണ്. വര പകുതിക്കു വച്ചു നിന്നു പോയി. പെൻസിൽ നെറ്റിയിൽ വച്ച്  ആരോടെന്നില്ലാതെ  അയാൾ പറഞ്ഞു ‘‘ആനയുെട ചെവിക്ക് ഇത്തിരി വലുപ്പം കൂടിപ്പോയോ എന്നൊരു സംശയം. മൊത്തത്തിൽ വലുപ്പക്കൂടുതലാണോ അതോ ഇടതും വലതും തമ്മിൽ വ്യത്യാസം  ഉണ്ടോ?’ അത്യാവശ്യമായി ഒരു ടേപ്പ് വേണം. തുമ്പിക്കൈ  അ ളന്നിട്ടു കണക്കു കൂട്ടണം. എന്നിട്ടു വേണം മായ്ച്ച് പുതുതായി വരയ്ക്കാൻ...’ പിഷാരടിയുടെ ദയനീയ മുഖത്തേക്ക് ധർമൻ ഏറുകണ്ണിട്ടു നോക്കി...

ഈ ചിരിവണ്ടിയുടെ കാറ്റഴിച്ചു വിടാൻ  ആരെങ്കിലുമൊെക്ക ശ്രമിച്ചിരിക്കില്ലേ...?

ധർമജൻ: അഴിച്ചു വിട്ട പട്ടം പോലെയാണു ഞാൻ. അതിന്റെ ചരട് ഇവന്റെ കൈയിലാണ്. അല്ലെങ്കിൽ അതു പാറിപ്പോയെനെ. അതെനിക്ക് നന്നായറിയാം. പലപ്പോഴും പരാജയത്തിനു ഒരുത്തരവാദിയെ കിട്ടില്ല. ഒരാൾ മറ്റൊരാളെ പഴിചാരും, വിജയത്തിനും  അതു തന്നെ. ഞാൻ കാരണം  എന്ന ചിന്തവരും. ഞങ്ങൾക്കിടയിൽ അങ്ങനൊരു സംഭവമില്ല. ഈ സൗഹൃദം കൊണ്ട്  ഒരു മുതലെടുപ്പും ഞങ്ങള്‍ നടത്തില്ല. കു‍ടുംബങ്ങൾ തമ്മിലും നല്ല ബന്ധമാണ്. എന്നു വച്ചാൽ‌ എന്നും കാണും, ഒരുമിച്ചു യാത്ര പോകും  എന്നൊന്നുമല്ല. പക്ഷേ, സൗമ്യയും അനുജയും തമ്മിൽ നല്ല സ്നേഹബന്ധം ഉണ്ട്. കുട്ടികൾ ഒരുമിച്ചു ചേർന്നാലും ബഹളമാണ്.

പിഷാരടി: സിമന്റും  മണലും പോലെയാണ് ഞങ്ങൾ. ഒരുമിച്ചു നിന്നാലേ  ബലമുള്ളു. ഇവൻ ചെയ്യുന്നതൊന്നും  എനിക്കു ചെയ്യാനാകില്ല. തിരിച്ചും അങ്ങനെ തന്നെ. അപ്പോ രണ്ടുപേർക്കും മനസ്സിലായി, ഒരുമിച്ചു നിന്നാലേ ആവശ്യക്കാരുള്ളൂ. ഒരിക്കൽ ഞാനും  ഇവനും ചേര്‍ന്ന് ഒരു സ്ക്രിപ്റ്റ് എഴുതുകയാണ്. അപ്പോള്‍ ഞങ്ങളുടെ  ഒരു ‘സുഹൃത്ത്’ എന്നെ ഫോൺ ചെയ്ത് എവിടെയുണ്ടെന്നു ചോദിച്ചു. തിരുവനന്തപുരത്താണെന്നു പറഞ്ഞപ്പോൾ അടുത്ത ചോദ്യം ‘ധർമൻ എവിടെയുണ്ട്?’ ഒരു രസത്തിനു െവറുേത   പറഞ്ഞു, ‘ധർമനിപ്പോ വല്ലാത്തൊരു സ്വഭാവമാണ്. ഒരുമിച്ചു പോകാൻ പറ്റുമെന്നു തോന്നുന്നില്ല.’

അതു േകട്ടയുടന്‍ അയാൾ കടുത്ത ഉപദേശം. ‘ആൾക്കാർ മാറാൻ അധികം സമയം വേണ്ട. ഒരുമിച്ചു പോകാൻ പറ്റില്ല എന്നു തോന്നിയാൽ ഉപേക്ഷിക്കുകയാണു നല്ലത്.’ ഞാൻ ഞെട്ടിപ്പോയി. ഫോൺ കട്ട് െചയ്ത  ഉടൻ ധർമന്റെ ഫോൺ റിങ്  ചെയ്യാൻ തുടങ്ങി. അതേ ആൾ തന്നെ വിളിക്കുകയാണ്. ഫോൺ സ്പീക്കറിലിട്ടു ധർമൻ പറഞ്ഞു. ‘പിഷാരടിയൊക്കെ ഭയങ്കര അഹങ്കാരിയായിപ്പോയി. വിളിച്ചാലും ഫോൺ എടുക്കില്ല.’ എന്നോടടിച്ച അതേ ഡയലോഗ് ഇവനോടും  അയാൾ പറ‌ഞ്ഞു. ‘വിട്ടേക്കെടാ അതാ നല്ലത്...’ ആ പറഞ്ഞയാൾ ഇപ്പോഴും  ഇവിടെയൊക്കെയുണ്ട്. ഇതു വായിക്കുമ്പോൾ അവൻ ഞെട്ടും. സൗഹൃദപരമായി  പരസ്പരം  കളിയാക്കാറുണ്ട്. അത്  ഇവന്റെ ചില പുതിയ അവകാശികളിൽ ചിലർക്കിഷ്ടപ്പെട്ടില്ല. നീയാരാടാ ധർമനെ കളിയാക്കാനെന്ന മട്ടിൽ അവർ ഇറങ്ങി. വർഷങ്ങൾക്കു മുൻപുള്ള വിഡിയോ കണ്ടിട്ടാണ് ഇങ്ങനെ ചോദിക്കുന്നത്. എന്നാൽ അങ്ങനെയൊന്നും ഞങ്ങളെ വേർപെടുത്താനാകില്ല.’’

ചായ എത്തി. കഥകൾക്കിടയിലേക്ക് സൗമ്യയും അനുജയും കടന്നു വന്നു. കുട്ടികൾ കളികൾക്കും ‘ആനവര’യ്ക്കും ഇടയിൽ ഒാടി നടക്കുന്നു. ധർമജന്റെ പ്രണയ വിവാഹമായിരുന്നു. പിഷാരടി  ഒരൊറ്റ പെണ്ണുകാണലിനേ പോയിട്ടുള്ളൂ. അതുപക്ഷേ, കേരളത്തിലൊന്നുമല്ല. അങ്ങ് പുണെയില്‍. ആ പെൺകുട്ടിയെ തന്നെ വിവാഹവും ചെയ്തു.

അത്രയൊന്നും പ്ലാനിങ് ഇല്ലാത്ത ധർമജൻ എങ്ങനെയാണ് പ്രണയം വിജയിപ്പിച്ചു വിവാഹം കഴിച്ചത്?

അപ്പോൾ കേട്ടത് അനുജയുടെയും പിഷാരടിയുടെയും പൊട്ടിച്ചിരിയായിരുന്നു. അതിനുത്തരം വേറാരു പറഞ്ഞാലും ശരിയാവില്ലെന്ന മട്ടിൽ പിഷാരടി തുടങ്ങി. ‘‘ഒരു സിനിമയിൽ ജഗതി ജനറേറ്റർ അടിച്ചു കൊണ്ടു പോകുന്ന സീൻ ഉണ്ട്. തിരക്കുള്ള വഴിയരികിലെ കടയ്ക്കു പുറത്തിരിക്കുന്ന ജനറേറ്ററും എടുത്ത് ഒറ്റ ഒാട്ടം. ധർമൻ അങ്ങനെയാണ് അനുജയെ വീട്ടിൽ നിന്നു വിളിച്ചിറക്കി കൊണ്ടുവന്നത്. ഇവനും ഞാനും എപ്പോഴും ഒരുമിച്ചു നടക്കുന്നതല്ലേ? എന്നിട്ടും  എന്നോടു പോലും  ഒന്നും  പറഞ്ഞിരുന്നില്ല. കാര്യമായ ഒരു പ്ലാനിങ്ങും ഉണ്ടായിരുന്നില്ല. ഒരുച്ചയ്ക്ക് ഊണു കഴിച്ചു കൊണ്ടിരിക്കുമ്പോൾ  ‘എന്നാൽ കല്യാണം കഴിക്കാം’ എന്നു തീരുമാനിച്ചെന്നാ തോന്നുന്നത്. നേരെ പോയി അനുജയെ വിളിച്ചിറക്കി കൊണ്ടു വന്നു. നമ്മളൊക്കെ ആണെങ്കിൽ  പ്ലാൻ ചെയ്ത് പ്രാന്തായേനെ. കാറുമായി നേരെ വീടിനടുത്തു ചെന്നു. വീട്ടുകാർ എല്ലാവരും  മുറ്റത്തു നിൽക്കുന്നുണ്ട്. ഇവനെ കണ്ടതും അനുജ വേഗം ഇറങ്ങി വന്നു. രണ്ടുപേരും കാറിൽ കയറിക്കഴി‍ഞ്ഞ് ഇവൻ എന്നെ വിളിച്ചിട്ടു പറഞ്ഞു ‘ഡാ ഞാനിവളെ കൊണ്ടു പോരുവാ...’ എന്ന്. അപ്പോഴാണ് ഇതൊക്കെ ഞാനറിഞ്ഞത്.   

ധർമജൻ: ഞങ്ങളുടെ പ്രണയത്തിലും കോമഡി ഉണ്ട്. സത്യത്തിൽ അനുജയെ ഞാൻ പെണ്ണു കാണാന്‍ പോയതാണ്. എന്തോ കാരണങ്ങളാൽ വീട്ടുകാർക്കിഷ്ടപ്പെട്ടില്ല. പക്ഷേ, ഞങ്ങൾക്കിഷ്ടമായി. പ്രണയമായി. അന്നെനിക്ക് ഇഷ്ടം മാത്രമേ െെകയിലുള്ളൂ. വേറൊന്നും ഇല്ല.  സ്റ്റേജ് ഷോ മാത്രം  ചെയ്യുന്ന കാലം. അന്നത്തെ സാഹചര്യത്തിൽ ഞാൻ വിളിച്ചപ്പോൾ ഇവൾ എന്തുകൊണ്ടിറങ്ങി വന്നു എന്നതിന്റെ ഉത്തരം എനിക്കിപ്പോഴും അറിയില്ല. ആരോടും േചാദിക്കാനും  പറയാനും ഒന്നും പോയില്ല. ഒരു താലിയും സാരിയും വാങ്ങാന്‍ അധികം സമയമൊന്നും വേണ്ടല്ലോ.  കാറിൽ കയറിക്കഴിഞ്ഞതും  ഇവൾ ഭയങ്കര കരച്ചിൽ. തിരിച്ചു വീട്ടിൽ െകാണ്ടു െചന്നാക്കേണ്ടി വരുമോ എന്നു മാത്രമായിരുന്നു അപ്പോള്‍ പേടി.

മക്കൾക്ക് പേരിട്ടപ്പോൾ ‘ധർമജൻ’ എന്ന പേരിനെക്കുറിച്ച് ഒാർത്തിരുന്നോ?

ധർമജൻ: എന്റെ പേര് കുട്ടിക്കാലത്ത് എനിക്കൊരുപാട് ഇടി മേടിച്ചു തന്നിട്ടുണ്ട്. ഷാജി, ബാബു തുടങ്ങിയ പേരുകള്‍ക്കിടയിൽ  ഒരു ധർമജൻ. ഞാൻ ചെറുതാണെങ്കിലും പേരിനു നല്ല കനമായിരുന്നു. വായിൽ കൊള്ളാത്ത പേരായതു കൊണ്ടു ധ ർമജനു പകരം അമൃതാഞ്ജൻ എന്നൊക്കെ പിള്ളേരു വിളിക്കും. പക്ഷേ, എന്റെ  മക്കളുടെ  പേരിട്ടത് ഞാനല്ല. വൈഗ, വേഗ എന്ന രണ്ടു പേരും പറഞ്ഞു തന്നത് പിഷാരടിയാണ്. അതിനു പിന്നിൽ ഒരു കഥയുമുണ്ട്.

പിഷാരടി: ധർമന്റെ മൂത്തമോളുടെ ഇരുപത്തെട്ടുകെട്ട്. അന്നാണ് പേരിടേണ്ടത്. തലേ ദിവസം ഞങ്ങളൊരുമിച്ച് പ്രോഗ്രാം. അതു കഴിഞ്ഞിറങ്ങുമ്പോൾ ഇവൻ പറഞ്ഞു,‘നീ രാവിലെ ഏഴുമണിക്ക് വീട്ടിലെത്തണം. ഏഴരയ്ക്കുള്ളിൽ ചടങ്ങു നടത്തണം എന്നാണ് ജ്യോത്സ്യൻ പറഞ്ഞിരിക്കുന്നത്.’ പറഞ്ഞതു പോലെ അനുജയുടെ വീട്ടിൽ ഞാൻ കൃത്യസമയത്തെത്തി. ധർമനെ കാണാനില്ല. അനുജയുടെ അച്ഛന്‍ നീ ആണല്ലേടാ ആ വില്ലൻ എന്ന മട്ടിൽ രൂക്ഷമായി എന്നെ നോക്കുന്നു. സമയം പോകും തോറും എനിക്കു ടെൻഷനായി. ഒടുവിൽ ഫോൺ ചെയ്തു നോക്കിയപ്പോൾ അവന്റെ ഉത്തരം കേട്ട്  ഞെട്ടിപ്പോയി. ‘പിഷൂ.. ഡാ ഞാൻ ചെറായിയില് നിൽക്കുവാ. ഒരു സിഡി കടേടെ ഉദ്ഘാടനം ഏറ്റിട്ടുണ്ടായിരുന്നു. അവരെന്നെ വിടണില്ല.’

അന്തം വിട്ടു പോയി. ‘ഇവിടെ നിന്നാ എനിക്ക് ഇടി ഉറപ്പാ. എങ്ങോട്ടു പോണമെന്നു’ ചോദിച്ചപ്പോഴുള്ള അവന്റെ മറുപടിയിൽ പിന്നെയും പിന്നെയും ഞാൻ ഞെട്ടി. ‘നിന്നോടാരാ അവിടെ നിൽക്കാൻ പറഞ്ഞത്. ഒാടി വാ. നമ്മൾ ഒരുമിച്ചു കട ഉദ്ഘാടനം ചെയ്യുമെന്നാ ഞാൻ പറഞ്ഞിരുക്കുന്നത്.’ ഞാൻ ഒരുവിധം  ഒാടി രക്ഷപ്പെട്ടു. ഞങ്ങൾ ചെറായിയിൽ നിൽക്കുമ്പോൾ ധർമന്റെ ഫോണിലേക്ക് കോൾ. അവന്റെ ചേട്ടനാണ്.   കൊ‍ച്ചിനെന്തു പേരിടണമെന്നു ചോദിച്ചിട്ടു വിളിച്ചതാണ്. ചടങ്ങ് മുടക്കാൻ പറ്റില്ലല്ലോ. ഒന്നു ഹോൾഡ് ചെയ്യാൻ പറഞ്ഞ് അവൻ എന്നോടു ചോദിച്ചു, ‘ഡാ... ഒരു പേരു പറ. ഞാനൊന്നും കണ്ടുവച്ചിട്ടില്ല.’ ‘എന്തായാലും വൈകി, എന്നാ വൈഗ’ എന്നു പേരിടാൻ ഞാൻ പറഞ്ഞു.

ധർമജൻ: അവൾടെ പേര് ഹിറ്റ് ആയി. നല്ല പേരെന്ന് എല്ലാവരും പറഞ്ഞു. അപ്പോൾ രണ്ടാമത്തെ മോൾടെ പേരീടിലും ഞാൻ പിഷുവിനെ ഏൽപ്പിച്ചു. അവളുടെ പേരാണ് വേഗ.

അഭിമുഖത്തിന്റെ പൂർണരൂപം വായിക്കാം