Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘കുത്തിപ്പൊക്കല്‍’ തുടരുന്നു; വടി കൊടുത്ത് അടിവാങ്ങി അജു

aju-nivin

എവിടെ തിരിഞ്ഞൊന്നു നോക്കിയാലും അവിടെല്ലാം കുത്തിപ്പൊക്കല്‍ മാത്രം. കുറച്ചുനാളായി ഫെയ്സ്ബുക്കില്‍ നടക്കുന്ന കലാമേള ഇപ്പോഴും സജീവമായി തുടരുകയാണ്. സിനിമാ രാഷ്ട്രീയ പ്രവര്‍ത്തകരുടെ മാത്രമല്ല സുഹൃത്തുക്കളുടെയും ചിത്രങ്ങളും പഴയ പോസ്റ്റുകളുമാണ് ഇപ്പോള്‍ കുത്തിപ്പൊക്കുന്നത്. പഴയ പോസ്റ്റുകളിലും ഫോട്ടോകളിലും കമന്റ് ചെയ്തും ലൈക്ക് ചെയ്തും ന്യൂസ് ഫീഡില്‍ വീണ്ടും എത്തിക്കുന്നതാണ് കുത്തിപ്പൊക്കല്‍ എന്ന് അറിയപ്പെടുന്നത്. 

സിനിമാ താരങ്ങളുടെ ഒഫീഷ്യല്‍ പേജുകളില്‍ പണ്ട് എങ്ങോ പോസ്റ്റ് ചെയ്ത ചിത്രങ്ങളും പോസ്റ്റുകളുമാണ് ഇപ്പോള്‍ കുത്തിപൊക്കികൊണ്ടിരിക്കുന്നത്. ഒരിടവേളയ്ക്ക് ശേഷം മലയാളത്തില്‍ ഈ പുതിയ കുത്തിപ്പൊക്കലിന് ആരംഭം കുറിച്ചത് മമ്മൂട്ടിയുടെ പഴയ ഒരു പോസ്റ്റ് കുത്തിപൊക്കികൊണ്ടാണ്. ‘ഫ്രണ്ട്‌സ്, പോക്കിരിരാജയെ കുറിച്ച് എന്താണ് അഭിപ്രായം’എന്ന അദ്ദേഹത്തിന്റെ  പോസ്റ്റാണ് ചിലര്‍ കുത്തിപ്പൊക്കിയത്. 

പിന്നാലെ മോഹന്‍ലാല്‍, പൃഥ്വിരാജ്, ടോവിനോ തോമസ്, വിനുമോഹന്‍, ആസിഫ് അലി, ജയസൂര്യ തുടങ്ങി ഒട്ടുമിക്ക താരങ്ങളും ഇൗ കുത്തിപ്പൊക്കലിന് ഇരയായി. ഇക്കൂട്ടത്തില്‍ തള്ളിയിടുന്നതിന് മുന്‍പേ കുഴിയില്‍ ചാടിയ അജു വര്‍ഗീസ് വീണ്ടും കൊലമാസായി. തന്റെ പോസ്റ്റ് ആരും കുത്തിപ്പൊക്കേണ്ട, ഞാന്‍ തന്നെ ചെയ്യാം എന്ന് പറഞ്ഞ് കൊണ്ട് പഴയ ചിത്രങ്ങള്‍ അദ്ദേഹം തന്നെ പോസ്റ്റ്  ചെയ്തു. 

എന്നാല്‍ അജുവിനെ പിന്നീട് ട്രോളന്‍മാര്‍ ഏറ്റെടുത്തു. സ്വയം കുത്തിപ്പൊക്കിയ ചിത്രങ്ങള്‍ വച്ച് തലങ്ങും വിലങ്ങും ട്രോളുകള്‍. വടി കൊടുത്ത് അടി വാങ്ങിയ അവസ്ഥയിലായി അജു. 

പണ്ട് ആരാധകര്‍ നിയന്ത്രിച്ചിരുന്ന ഫാന്‍സ് പേജുകളാണ് പിന്നീട് പലതാരങ്ങളുടെയും ഒഫീഷ്യല്‍ പേജായി മാറിയത്. ഇതാണ് താരങ്ങള്‍ക്ക് പണിയായതെന്നാണ് ചിലരുടെ അഭിപ്രായം.