Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അതുകേട്ട് ഫഹദ് അസ്വസ്ഥനായി: അഞ്ജലി മേനോൻ

fahad-nazriya-anjali

ഇടവേളയ്ക്കു ശേഷം മലയാള സിനിമയിലേക്ക് മടങ്ങിവരുന്ന നസ്രിയയെയും ഭർത്താവും നടനുമായ ഫഹദ് ഫാസിലിനെയും അഭിനന്ദിച്ച് സംവിധായിക അഞ്ജലി മേനോൻ. നസ്രിയയ്ക്കായി ഫഹദ് ഫെയ്സ്ബുക്കിൽ കുറിച്ച പോസ്റ്റ് ഒരുപാട് ഇഷ്ടമായെന്ന് തുറന്നു പറഞ്ഞ സംവിധായിക ബാംഗ്ലൂർ ഡെയ്സിന്റെ ചിത്രീകരണ സമയത്തുണ്ടായ ഒരു സംഭവവും പങ്കു വച്ചു. 

'ബാംഗ്ലൂർ ഡെയ്സ് ഷൂട്ടിംഗിന്റെ അവസാനദിവസം എല്ലാവരും പിരിയുന്നതിന്റെ സങ്കടത്തിലായിരുന്നു. അത് മാറ്റാൻ ഷൂട്ടിംഗ് കഴിഞ്ഞ് ഫഹദ്, നസ്രിയ, ദുൽഖർ, അമൽ, നിവിൻ, റിന്ന, നിവിന്റെ മകൻ, ഞാൻ എല്ലാവരും ചേർന്ന് ഡിന്നറിന് പോയി. വരാനിരിക്കുന്ന ഫഹദ്–നസ്രിയ വിവാഹമായിരുന്നു ഞങ്ങളുടെ പ്രധാന ചർച്ചാ വിഷയം. വിവാഹത്തോടെ നസ്രിയ അഭിനയം നിർത്തുമെന്ന സ്ഥിരം ഊഹാപോഹങ്ങളിലേക്ക് ചർച്ച എത്തി. ഇത് കേട്ട് അസ്വസ്ഥനായ ഫഹദ് പറഞ്ഞു, അഞ്ജലി, നിങ്ങളുടെ അടുത്ത സിനിമയിൽ നസ്രിയയെ കാസ്റ്റ് ചെയ്യണം. അവൾ അഭിനയിക്കുന്നത് എനിക്കിഷ്ടമല്ലെന്ന് മറ്റുള്ളവർ എന്തിന് വെറുതെ ചിന്തിക്കണം!'

'ഫഹദിന്റെ വാക്കുകൾ എന്നെ സന്തോഷിപ്പിച്ചു. നാല് വർഷങ്ങൾക്ക് ശേഷം നസ്രിയ ശരിയ്ക്കും എന്റെ പുതിയ ചിത്രത്തിന്റെ ഭാഗമാകുകയും നസ്രിയ അഭിനയിക്കുന്നത് കാണാൻ ഫഹദ് സെറ്റിൽ വരികയും ചെയ്തപ്പോൾ എനിക്ക് അതിയായ സന്തോഷം തോന്നി. സെറ്റുകളിൽ എപ്പോഴും ഞാൻ തിരക്കുകളിലായിരുന്നതിനാൽ ഫഹദുമായി സംസാരിക്കാൻ കഴിഞ്ഞിരുന്നില്ല. പക്ഷേ, ഒരു കാര്യം ഞാൻ പറയാൻ ആഗ്രഹിക്കുന്നു... ഫഹദ്... അവളുടെ ചിറകുകൾക്കടിയിലെ കാറ്റായി കൂടെയുള്ളത് തീർച്ചയായും മഹത്തായ കാര്യമാണ്. ആശംസകൾക്ക് നന്ദി. നസ്രിയ–ഫഹദ് ... സന്തോഷമായിരിക്കൂ!'