Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘നസ്രിയയുടെ മൊഞ്ചൊന്നും അങ്ങനെ പോവൂലാ മോനേ’

nazriya

വിവാഹത്തിന് ശേഷം സിനിമയിൽ നിന്ന് മാറി നിന്ന നസ്രിയ നസീമിന്റെ തിരിച്ചു വരവ് ആഘോഷമാക്കുകയാണ് ആരാധകർ. അഞ്ജലി മേനോൻ സംവിധാനം ചെയ്യുന്ന 'കൂടെ' എന്ന ചിത്രത്തിലൂടെയാണ് താരസുന്ദരിയുടെ തിരിച്ചുവരവ്. ചിത്രത്തിലെ ആദ്യ ഗാനത്തിന്റെ ടീസറിന് താഴെ നസ്രിയയ്ക്കുള്ള ആശംസകളും അഭിനന്ദനങ്ങളും പങ്ക് വച്ച് താരത്തിനുള്ള കട്ട സപ്പോർട്ട് ആരാധകർ അറിയിച്ചു കഴിഞ്ഞു. 

നസ്രിയയുടെ നിഷ്കളങ്കമായ ചിരിയും പ്രകാശം പരത്തുന്ന കണ്ണുകളുമാണ് ടീസറിന്റെ പ്രധാന ആകർഷണം. 'ഉമ്മച്ചിക്കുട്ട്യോൾടെ മൊഞ്ചൊന്നും അങ്ങനെ പോവൂലാ മോനേ' എന്നാണ് ടീസറിന് താഴെ ഒരു ആരാധകൻ ഇട്ട കമന്റ്. 'തിരിമ്പി വന്തിട്ടേന് സൊല്ല്', എന്ന മാസ് ഡയലോഗാണ് മറ്റൊരു ആരാധകൻ നസ്രിയയ്ക്കായി കുറിച്ചത്. 

Koode-Aararo Teaser Nazriya Nazim| Prithviraj Sukumaran,Parvathy| Anjali Menon|Raghu Dixit|M Renjith

സാമൂഹ്യമാധ്യമങ്ങളിൽ ഏറ്റവും അധികം ആരാധകരുള്ള താരത്തിന്റെ തിരിച്ചുവരവിനായി കാത്തിരിക്കാൻ തുടങ്ങിയിട്ട് കാലമേറെയായി. ആ കാത്തിരിപ്പിന്റെ സ്നേഹം മുഴുവൻ പ്രകടിപ്പിച്ചാണ് ചിത്രത്തെ ഓൺലൈൻ ലോകം വരവേൽക്കുന്നത്. 

ഒന്നിന് പിറകെ മറ്റൊന്നായി ഹിറ്റ് ചിത്രങ്ങൾ സമ്മാനിച്ച് കരിയറിൽ തിളങ്ങി നിൽക്കുമ്പോളായിരുന്നു നസ്രിയ–ഫഹദ് വിവാഹം.വിവാഹത്തോടെ നസ്രിയ സിനിമയിൽ നിന്ന് വിട്ട് നിന്നത് മൂലം വിമർശനം നേരിടേണ്ടി വന്നത് നടനും ഭർത്താവുമായ ഫഹദ് ഫാസിലിനായിരുന്നു. നസ്രിയ അഭിനയം നിർത്തിയിട്ടില്ലെന്നും മികച്ച തിരക്കഥ ലഭിക്കുമ്പോൾ അഭിനയിക്കുമെന്നും ഫഹദ് പല അഭിമുഖങ്ങളിലും ആവർത്തിച്ചെങ്കിലും അത് എപ്പോൾ സംഭവിക്കുമെന്ന കാത്തിരിപ്പിലായിരുന്നു ആരാധകർ. 

koode-movie-nazriya

അഞ്ജലി മേനോൻ സംവിധാനം ചെയ്ത ബാംഗ്ലൂർ ഡെയ്സിലാണ് നസ്രിയ വിവാഹത്തിന് മുൻപ് അവസാനമായി അഭിനയിച്ചത്. വീണ്ടും മറ്റൊരു അഞ്ജലി മേനോൻ ചിത്രത്തിലൂടെ തിരിച്ചു വരികയാണ് മലയാളികളുടെ പ്രിയതാരം. 

നസ്രിയ പ്രത്യക്ഷപ്പെടുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും സാമൂഹ്യമാധ്യമങ്ങളിൽ വൈറലായിരുന്നു. മൂടൽമഞ്ഞിനിടയിലൂടെ കുസൃതിയോടെ ഓടുന്ന നസ്രിയയുടെ ലൊക്കേഷൻ ചിത്രങ്ങളും ഹിറ്റായി. അതിന് പിറകെയാണ് ചിത്രത്തിലെ ഗാനത്തിന്റെ ടീസറും എത്തിയിരിക്കുന്നത്. 

ടീസർ കാണിച്ച് മോഹിപ്പിച്ചിട്ട് ഇനി പാട്ട് എന്ന് ഇറങ്ങും എന്നാണ് ഇനി ആരാധകർക്ക് അറിയേണ്ടത്. പൃഥ്വിരാജ്, പാർവതി എന്നിവർക്കൊപ്പം നസ്രിയ അഭിനയിക്കുന്ന 'കൂടെ' ജൂലൈയിൽ പ്രദർശനത്തിനെത്തും.