Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

22 വർഷത്തിന് ശേഷം മോഹൻലാലും പ്രഭുവും ഒന്നിക്കുന്നു

prabhu-mohanlal

22 വർഷത്തിന് ശേഷം മോഹൻലാലും പ്രഭുവും വീണ്ടും ഒന്നിക്കുന്നു. അതും പ്രിയദർശൻ ചിത്രത്തിലൂടെ തന്നെ. 1996ല്‍ പുറത്തിറങ്ങിയ കാലാപാനി എന്ന ചിത്രത്തിന് ശേഷം പ്രിയദർശന്റെ തന്നെ കുഞ്ഞാലിമരക്കാറിലാണ് പ്രഭുവും മോഹൻലാലും വീണ്ടും ഒന്നിക്കുന്നത്. 

നേരത്തെ പുലിമുരുകൻ സിനിമയിൽ പ്രഭുവിനെ സമീപിച്ചിരുന്നെങ്കിലും അത് നടന്നില്ല. എന്നാൽ ആ അവസരം നഷ്ടമായത് മറ്റൊരു ചരിത്ര മുഹൂർത്തത്തിന് വഴിതുറന്നു. കാലാപാനി എന്ന ചിത്രത്തിലൂടെയാണ് പ്രഭു മലയാളത്തില്‍ അരങ്ങേറ്റം കുറിച്ചത്. പിന്നീട് മലയാളി മാമന് വണക്കം, വാര്‍ ആന്റ് ലവ്, കണ്ണിനും കണ്ണാടിയ്ക്കും (അതിഥി വേഷം), പ്രമാണി, ബെസ്റ്റ് ഓഫ് ലക്ക്, ഡ്രാക്കുള എന്നീ മലയാള സിനിമകളുടെ ഭാഗമായി പ്രഭു മലയാളത്തിൽ എത്തി.

മരക്കാർ, അറബിക്കടലിന്റെ സിംഹം എന്നാണ് പ്രിയദര്‍ശന്റെ ബിഗ് ബജറ്റ് ചിത്രത്തിന് പേര്. ചിത്രം നിർമിക്കുന്നത് ആന്റണി പെരുമ്പാവൂരും കോൺഫിഡന്റ് ഗ്രൂപ്പും മൂൺഷോട്ട് എന്റർടെയ്ൻമെന്റും ചേർന്നും. ചിത്രീകരണം നവംബറിൽ ആരംഭിക്കുമെന്നാണ് റിപ്പോർട്ട്. 

സിനിമയുടെ താരനിർണയം പുരോഗമിക്കുകയാണ്. കുഞ്ഞാലി ഒന്നാമനായി മധു േവഷമിടുന്നു. ബോളിവുഡിൽ നിന്നും ഒരു സൂപ്പർതാരം അഭിനയിക്കുന്നുണ്ട്

ഹിന്ദി, തെലുങ്ക്, ബ്രിട്ടിഷ് താരങ്ങൾ സിനിമയിൽ അണിനിരക്കും. ചൈനീസ് താരവും സിനിമയിൽ എത്തുന്നുണ്ട്. സിനിമയുടെ പ്രധാനഭാഗങ്ങളെല്ലാം കടലിലാകും ചിത്രീകരിക്കുക. പ്രിയദർശന്റെ 95 ാമത്തെ ചിത്രമാണ് മരക്കാർ; ആശീർവാദിന്റെ 25 ാമത്തേതും.