Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സുരാജിനോട് അസൂയ തോന്നി: ഇന്നസെന്റ്

suraj-innocent

സുരാജ് വെഞ്ഞാറമൂടിന്റെ അഭിനയം കണ്ട് അസൂയ തോന്നിയെന്ന് നടനും എംപിയുമായ ഇന്നസെന്റ്. ഞാൻ മേരിക്കുട്ടി എന്ന ചിത്രം തിയറ്ററിൽ പോയി കണ്ടതിന് ശേഷം നടൻ ജയസൂര്യക്കൊപ്പം ഫെയ്സ്ബുക്ക് ലൈവിൽ വന്നപ്പോഴായിരുന്നു ഇന്നസെന്റിന്റെ തുറന്നു പറച്ചിൽ. 

രഞ്ജിത്ത് ശങ്കറിന്റെ അർജുനൻ സാക്ഷി എന്ന ചിത്രത്തിൽ ജില്ലാ കലക്ടറിന്റെ പരിചാരകന്റെ വേഷം ചെയ്ത സുരാജ്, രഞ്ജിത്തിന്റെ ഏറ്റവും പുതിയ ചിത്രമായ ഞാൻ മേരിക്കുട്ടിയിൽ കലക്ടറായാണ് എത്തുന്നത്. ഇക്കാര്യം എടുത്തു പറഞ്ഞുകൊണ്ടായിരുന്നു ഇന്നസെന്റ് സുരാജ് വെഞ്ഞാറമൂടിന്റെ അഭിനയത്തെക്കുറിച്ച് പരാമർശിച്ചത്. 

‘സുരാജ് ആ വേഷം ചെയ്യുന്നത് കണ്ടിട്ട് എനിക്ക് പോലും അസൂയ തോന്നി. അത്രയ്ക്കും നന്നായിട്ടാണ് അദ്ദേഹം ആ വേഷം ചെയ്തിരിക്കുന്നത്,’ ഇന്നസെന്റ് പറഞ്ഞു. ജോജു, അജു വർഗീസ്, ശിവജി ഗുരുവായൂർ എന്നിങ്ങനെ ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങൾ ചെയ്തവരെയും ഇന്നസെന്റ് പ്രത്യേകം അഭിനന്ദിച്ചു. 

‘12 വർഷങ്ങൾക്ക് ശേഷമാണ് ഞാനൊരു ചിത്രം തിയറ്ററിൽ പോയി കാണുന്നത്. സത്യൻ അന്തിക്കാടിന്റെ രസതന്ത്രം ആയിരുന്നു ഏറ്റവും ഒടുവിൽ തിയറ്ററിൽ പോയി കണ്ട ചിത്രം. ബാക്കിയുള്ള സിനിമകൾ കാണാതിരുന്നത് ആ സിനിമകളോടുള്ള വിഷമം ആയിരുന്നില്ല. അതിന് ശേഷം ഭേദപ്പെട്ട റോളുകൾ ചെയ്ത സിനിമകൾ ഉണ്ടായില്ല. അതിനാൽ പോയില്ല,’ ഇന്നസെന്റ് പറയുന്നു. 

മേരിക്കുട്ടി എന്ന സിനിമയിൽ താൻ ചെയ്ത കഥാപാത്രം നന്നായി എന്ന് പറയുന്നതിനെക്കാൾ ചിത്രം നന്നായിരിക്കുന്നുവെന്ന് ആളുകൾ പറയുന്നു. തിയറ്ററിൽ സിനിമ കണ്ട് ആളുകൾ എഴുന്നേറ്റ് നിന്ന് കയ്യടിക്കുന്നു. കാണികളുടെ മനഃസംതൃപ്തിയാണ് ഇത് സൂചിപ്പിക്കുന്നതെന്നും ഇന്നസെന്റ് പറഞ്ഞു. 

നമ്മുടെ സമൂഹത്തിലെ ട്രാൻജൻഡറായിട്ടുള്ള വ്യക്തികളെക്കുറിച്ച് അറിവ് പകരുന്നതാണ് ചിത്രമെന്നും ഇന്നസെന്റ് കൂട്ടിച്ചേർത്തു. സംവിധായകനെയും ചിത്രത്തിൽ അഭിനയിച്ച എല്ലാ താരങ്ങളെയും അഭിനന്ദിക്കാനും അദ്ദേഹം മറന്നില്ല.