Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വര്‍ഷങ്ങള്‍ക്കിപ്പുറം അച്ഛനെ വീണ്ടും കണ്ടപോലെ; വികാരാധീനനായി പൃഥ്വി

prithvi-sukumaran

മലയാളത്തിന് എക്കാലത്തെയും മികച്ച ക്ഷുഭിത കഥാപാത്രങ്ങള്‍ സമ്മാനിച്ച നടനാണ് സുകുമാരന്‍. അച്ഛന്റെ പാത പിന്തുടര്‍ന്ന് അച്ഛന്‍റെയും അഭിമാനമുയര്‍ത്തിയ നില്‍ക്കുന്ന രണ്ടുമക്കള്‍. ഇന്ദ്രജിത്തും പൃഥ്വിരാജും. ജീവിതത്തിലും സിനിമയിലും അച്ഛന്റെ തനിപകര്‍പ്പാണ് ഇരുവരും. ചില നിലപാടുകള്‍ കൊണ്ട് പൃഥ്വിരാജ്, സുകുമാരന്റെ ആ ചങ്കൂറ്റം പരസ്യമായി തെളിയിച്ചു. ഇന്നലെയായിരുന്നു സുകുമാരന്റെ ചരമവാര്‍ഷികം. അച്ഛന്റെ ഓര്‍മകള്‍ ഇരുവരും സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിരുന്നു. എന്നാല്‍ ഫാദേഴസ് ഡേയില്‍ പൃഥ്വിരാജ് ഫെയ്സ്ബുക്കില്‍ പങ്കുവച്ച വാക്കുകള്‍ ആരാധകര്‍ ഒന്നടങ്കം ഏറ്റെടുത്തിരിക്കുകയാണ്.

കഴിഞ്ഞ ദിവസം പൃഥ്വി അച്ഛന്റെ ചിത്രം പങ്കുവച്ചപ്പോള്‍ ഇന്ന് പറയുന്നത് സിനിമയിലെയെും ജീവിതത്തിലെയും അച്ഛനെക്കുറിച്ചാണ്. അലോഷിക്ക് ഫാദേഴസ് ഡേ ആശംസിച്ച് കൊണ്ടാണ് പൃഥ്വിയുടെ കുറിപ്പ്. അഞ്ജലി മേനോന്‍ സംവിധാനം ചെയ്യുന്ന ‘കൂടെ’ എന്ന ചിത്രത്തില്‍ സംവിധായന്‍ രഞ്ജിത്താണ് പൃഥ്വിയുടെ അച്ഛന്റെ വേഷം ചെയ്യുന്നത്. അലോഷി എന്നാണ് കഥാപാത്രത്തിന്റെ പേര്. പൃഥ്വിയെ സിനിമയിലേക്ക് കൈപിടിച്ച രഞ്ജിത്തിനാണ് അദ്ദേഹം ഫാദേഴസ് ഡേ ആശംസിക്കുന്നത്. നന്ദനം, തിരക്കഥ, ഇന്ത്യന്‍ റുപ്പി എന്നീ ഹിറ്റ് ചിത്രങ്ങള്‍ ര‍ഞ്ജി–പൃഥ്വി കൂട്ടുകെട്ടില്‍ മലയാളിക്ക് ലഭിച്ചു. പൃഥ്വിയുടെ വളര്‍ച്ചയില്‍ അങ്ങേയറ്റം സന്തോഷിക്കുന്നവരില്‍ ഒരാളാണ് താനെന്ന് രഞ്ജിത്ത് തുറന്നു പറഞ്ഞിട്ടുമുണ്ട്. അതുകൊണ്ട് തന്നെ സിനിമയിലെ തന്റെ അച്ഛന് സ്നേഹത്തിന്റെ ഭാഷയിലെ വാക്കുകള്‍ കൊണ്ട് ആശംസകള്‍ നേരുകയാണ് പൃഥ്വി..

പൃഥ്വിയുടെ വാക്കുകള്‍ ഇങ്ങനെ:

‘എല്ലാ ആണ്‍മക്കളും ചെയ്യുന്നത് പോലെ ഞാന്‍ എന്റെ അച്ഛനെ ഒട്ടേറെ ആരാധിച്ചിരുന്നു. എന്റെ സുഹൃത്തും നായകനും വഴികാട്ടിയുമെല്ലാം അച്ഛനായിരുന്നു. അദ്ദേഹത്തിന് എല്ലാ കാര്യങ്ങളെക്കുറിച്ചും നല്ല അറിവുണ്ടായിരുന്നു. അച്ഛനോളം വളരാന്‍ ഞാന്‍ ആഗ്രഹിച്ചിരുന്നു. ‘MAN TO MAN’ എന്ന രീതിയില്‍ അദ്ദേഹത്തോട് ഇടപഴകാന്‍ ഞാന്‍ കൊതിച്ചിരുന്നു. പക്ഷേ എന്റെ യൗവനത്തില്‍ തന്നെ എനിക്ക് അച്ഛനെ നഷ്ടപ്പെട്ടു. അച്ഛനോടൊപ്പം ചെയ്യാന്‍ കഴിയാതെ പോയ ഒട്ടേറെ കാര്യങ്ങള്‍ ഇപ്പോഴും ജീവിതത്തില്‍ ബാക്കിയാവുന്നു. അച്ഛനെക്കുറിച്ച് പിന്നീട് കൂടുതല്‍ അറിയുന്നത് അമ്മയും ചേട്ടനും ബന്ധുക്കളും അച്ഛന്റെ സുഹൃത്തുകളുടെയും വാക്കുകളിലൂടയായിരുന്നു. അതിലൂടെ അച്ഛന്റെ മറ്റൊരു മുഖം എനിക്ക് കാണാന്‍ കഴിഞ്ഞു. അതുകൊണ്ട് തന്നെ ഇപ്പോള്‍ എന്റെ മനസിലുള്ള അച്ഛന്‍ 13 വയസുവരെ ഞാന്‍ നേരില്‍ കണ്ടതിന്റെയും പിന്നീട് കേട്ടറിഞ്ഞതുമായ കാര്യങ്ങളുടെ കൂടിചേരലാണ്.

‘കൂടെ’ എന്ന സിനിമയിലെ എന്റെ കഥാപാത്രവും അച്ഛനെ നഷ്ടപ്പെട്ടവനാണ്. പക്ഷേ അത് മരണത്തില്‍ കൂടിയല്ല. ഏകദേശം എന്റെ അതേ പ്രായത്തില്‍ തന്നെയാണ് ജോഷ്വായ്ക്കും അച്ഛനെ നഷ്ടപ്പെടുന്നത്. വര്‍ഷങ്ങള്‍ക്ക് ശേഷം ഞാന്‍ എന്റെ അച്ഛനെ ഒന്നുകൂടി കണ്ടപോലെ, ജോഷ്വായും അവന്റെ അച്ഛനെ തിരിച്ചറിയുന്നു. ഞാന്‍ അറിഞ്ഞ അലോഷി എന്ന അച്ഛനെ.‘കൂടെ’ എന്ന സിനിമ ജോഷ്വായുടെ മാത്രം കഥയല്ല അത് അലോഷിയുടെ കൂടെ കഥയാണ്. ഹാപ്പി ഫാദേര്‍സ് ഡേ.. ഹാപ്പി ഫാദേഴ്സ് ഡേ അലോഷി... മക്കളുടെ ഹീറോയായ ലോകത്തിലെ ഒാരോ അച്ഛനും ഹാപ്പി ഫാദേഴസ് ഡേ... പൃഥ്വി കുറിച്ചു.