Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മൃഗയയുടെ ഷൂട്ടിങ് ഞാൻ നിർത്തിവെച്ചു; കാരണം പറഞ്ഞ് മമ്മൂട്ടി

നക്ഷത്രത്തിളക്കം | എപ്പി 08 - മമ്മൂക്കയെ അഭിനയിപ്പിച്ചില്ലേ സിനിമയ്ക്ക് തീ പിടിക്കുമോ | മഴവിൽ മനോരമ

മലയാളിയുടെ ഹരമാണ് മെഗാ സ്റ്റാർ മമ്മൂട്ടി. ജാഡയും തലക്കനവുമുണ്ടെന്ന് പറയുന്നവരെ വീണ്ടും നിക്ഷപ്രഭമാക്കുന്ന അദ്ദേഹത്തിന്റെ മനോഹരമായ അഭിമുഖം ഈയിടെ മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്തു. ആര്യ അവതാരകയായ നക്ഷത്രത്തിളക്കം എന്ന പരിപാടിയിലാണ് മമ്മൂട്ടി മനസ്സുതുറന്നത്.

ആര്യ: എല്ലാവർക്കും പേടിയാണ് മമ്മൂക്കയെ?

∙നമ്മളെ പാമ്പു കടിക്കും പുലി പിടിക്കും സിംഹം തിന്നും എന്നൊക്കെ പറയാറില്ലേ. സത്യത്തിൽ അവർക്ക് നമ്മളെയാണ് പേടി. അതിനാണ് നമ്മുടെ നേരേ അവര് ചീറ്റുന്നത് . ഇവർക്ക് പേടിയാണ് ഉപദ്രവിക്കാൻ, അങ്ങനെ കണ്ടാൽ മതി എന്നെ‌.

സിനിമയിൽ സഹപ്രവർത്തകരോട്?

∙ ഒരു സെറ്റിൽ വരുന്നവരെ നമ്മൾ കംഫർട്ട് ആക്കുകയാണ് വേണ്ടത്. ഒരു സിനിമയിൽ ജോലിചെയ്യുന്ന കൂടെ അഭിനയിക്കുന്നവരും ടെക്നീഷ്യൻസും പ്രൊഡ്യൂസേഴ്സും സെറ്റിലുള്ളവരെല്ലാം ബന്ധുക്കളാണ്. ഒരു കുടുംബം പോലെയാണ്.

mammootty-interview

സിനിമാഭ്രമം?

∙ ആദ്യ കാലത്ത് സിനിമയിൽ വന്നപ്പോൾ വില്ലന്റെ കൂടെ യെസ് ബോസ് എന്ന റോൾ എങ്കിലും അതിനപ്പുറത്തേക്കൊന്നും ഞാൻ പ്രതീക്ഷിച്ചിട്ടില്ല. ബാക്കിയെല്ലാം ഭാഗ്യമാണ്. അത് പെട്ടെന്ന് ഒരു ദിവസം ഭാഗ്യം കയറിവന്നതുമല്ല. ഇതു മനസിലാക്കിക്കഴി​ഞ്ഞപ്പോൾ മുതൽ ഇതിനുവേണ്ടി കയ്യും കാലും തല്ലിയൊടിക്കാനായി തയാറായിട്ടാണ് സിനിമയിലേക്ക് വന്നത്. അത്രത്തോളം ത്യാഗത്തിനു തയാറായിരുന്നു. എന്നെ സിനിമയിൽ അഭിനയിപ്പിച്ചില്ലെങ്കിൽ സിനിമയ്ക്ക് തീപിടിക്കും, അത്രത്തോളം സിനിമ ഇഷ്ടമായിരുന്നു. 

സിനിമയെപ്പറ്റി അറിയുന്നതും കേൾക്കുന്നതിനും പഠിക്കുന്നതിനും ഒരു തുണ്ടുകടലാസ് കിട്ടിയാലും വായിക്കും. മലയാളത്തിലും ഇംഗ്ലിഷിലുമുള്ള പ്രസിദ്ധീകരണങ്ങൾ എല്ലാം വായിച്ചിരുന്നു. പ്രാധാന്യമില്ലാത്ത റോളുകളിൽ അഭിനയിച്ചിരിക്കുന്ന നടന്മാരെയും ഒട്ടും ഓടാത്ത സിനിമയും ആരും കേട്ടിട്ടില്ലാത്ത സിനിമാപാട്ടും ഒക്കെ എനിക്കറിയാമായിരുന്നു. 24 മണിക്കൂറും  സിനിമ ഭക്ഷിച്ചുകൊണ്ടിരുന്ന ആളാണ് ഞാൻ. സിനിമയിൽ വന്നില്ലായിരുന്നെങ്കിൽ വേറെ എന്തെങ്കിലും ആയി തലതെറിച്ചു പോയേനെ. 

ഇതെല്ലാം സിനിമയിൽ വരുന്നതിനു മുൻപുള്ള കാര്യമാണ്. 8–9 വയസുള്ളപ്പോൾ സിനിമയിൽ വരാൻ ആഗ്രഹിച്ചു. ഒരു തരം ഭ്രമവും ഭ്രാന്തുമൊക്കെ ആയിരുന്നു സിനിമ. ഒരു സുപ്രഭാതത്തിൽ വഴിയേപൊയ എന്നെ പിടിച്ച് സിനിമയിൽ അഭിനയിപ്പിച്ച് സൂപ്പർ സ്റ്റാറോ നടനോ ആക്കിയതല്ല . വലിയ നടനാകാൻ ആഗ്രഹിച്ചില്ലെങ്കിൽ പോലും ഒരു നടനാകാൻ ആഗ്രഹിച്ചു. ഇപ്പോഴും എന്റെ ആഗ്രഹം സഫലീകരിച്ചിട്ടില്ല. കാരണം ഞാൻ അഭിനയിച്ചുകൊണ്ടിരിക്കുവല്ലേ.. നടനായാൽ അപ്പോൾ അഭിനയം നിർത്തണ്ടേ.., അഭിനയിച്ചുകൊണ്ടേ ഇരിക്കുകയാണ്.

പ്രായം ?

∙ എന്റെ ഇനീഷ്യൽ പോലെയാണ് എന്റെ പ്രായം. എത്രയോ ആളുകൾ പേരെഴുതുമ്പോൾ വയസ് ചേർക്കാറില്ല. എന്നെ പറ്റി എഴുതുമ്പോൾ എന്റെ വയസുകൂടി ചേർത്താണ് എഴുതുന്നത്. 66 ഇയർ ഓൾഡ് ആക്ടർ ഇപ്പോൾ എഴുതുന്നത്. ഇതിലും കുറഞ്ഞ പ്രായത്തിൽ ഞാനിരുന്നപ്പോൾ ആ പ്രായം എഴുതുമായിരുന്നു. ആളുകൾക്ക് പൊതുവെ എന്റെ പ്രായത്തോടെ വലിയ താൽപര്യമാണ്. അത് എന്നെ ഓർമിപ്പിക്കാനാണോ അവർ ഓർക്കാനാണോ എന്ന് എനിക്ക് അറിയില്ല.

വാഹനപ്രേമം?

∙ വണ്ടികളോട് ക്രേസ് ഇല്ലാത്ത ആളുകൾ ഇല്ല. ലോകത്തിലെ ഏറ്റവും വലിയ കണ്ടുപിടുത്തം ചക്രങ്ങളാണ്. ഈ ചക്രങ്ങളാണ് ലോകത്തിന് ഇത്രയും പുരോഗതി ഉണ്ടാക്കിയത്. മനുഷ്യൻ നടക്കുന്നതിനേക്കാൾ വേഗത്തിൽ സഞ്ചരിക്കാനായിട്ടാണ് നമ്മൾ ചക്രങ്ങൾ ഉണ്ടാക്കിയത്. അന്ന് മൃഗങ്ങളുടെ മുകളിലായിരുന്നു സഞ്ചാരം. അതിനൊക്കെ ഒരു പരിധി ഉണ്ട്. അങ്ങനെയാണ് മനുഷ്യൻ വാഹനങ്ങൾ കണ്ടുപിടിച്ചത്. എനിക്ക് ചെറുപ്പം മുതലേ വണ്ടികളോട് ഇഷ്ടമായിരുന്നു. പ്രീഡിഗ്രിക്ക് പഠിക്കുമ്പോൾ അനിയന്മാരുടെ കൂടെ ചക്രവണ്ടികൾ വലിച്ചു പഠിക്കുമായിരുന്നു. അന്ന് ഓടിക്കാനും അറിഞ്ഞുകൂടാ, കാറുവാങ്ങാറുമായിട്ടില്ല എങ്കിലും ചക്രങ്ങളോടും നിയന്ത്രണത്തിനോടും വേഗത്തോടും ഇഷ്ടമായിരുന്നു.

നമ്മൾ വാഹനം ഡ്രൈവു ചെയ്യുമ്പോൾ വേഗമുണ്ട്, കൺട്രോളുണ്ട്, കോൺസെൻട്രേഷനുണ്ട്, ഒരു ചെറിയ എൻജോയ്മെന്റ് ഉണ്ട്. ഇതൊക്കെ ജീവിതത്തിലുണ്ടായാൽ വിജയമായിരിക്കും. ആദ്യ വാഹനം ഒരു ലാംബർട്ട് സ്കൂട്ടറായിരുന്നു. സെക്കന്റ് ഹാൻഡായി വാങ്ങിയ വാഹനം കുറേ നാൾ ഉപയോഗിച്ചു പിന്നീട് അത് ഉപയോഗിക്കാതെയിരുന്നു നശിച്ചുപോയി. ഇപ്പോഴുണ്ടായിരുന്നെങ്കിൽ അതൊരു പുരാവസ്തുവായി സൂക്ഷിക്കാമായിരുന്നു..’

സൗന്ദര്യരഹസ്യം?

∙ശരീരത്തിൽ വലിയ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. അന്നത്തെ കാലത്ത് യാത്ര എന്ന സിനിമയ്ക്കുവേണ്ടി മുടി മുറിച്ച് മൊട്ട അടിച്ചു. രണ്ടോ മൂന്നോ കിലോ മതിലുകൾ എന്ന സിനിമയ്ക്കുവേണ്ടി കുറച്ചിട്ടുണ്ട്. സിനിമയിൽ വന്നശേഷം കുറേകാലം കഴിഞ്ഞ് വലിയൊരു വിപ്ലവം ഉണ്ടാക്കിയത് മൃഗയായിലെ വാറുണ്ണിയാണ്. മേക്കപ്പിലെ വിപ്ലവം. പ്രാകൃതനായ ഒരാളാക്കിയത് ആ സിനിമയാണ്. 

ആ സിനിമയുടെ ഷൂട്ടിങ് തുടങ്ങുന്ന സമയത്ത് ഒരു സാധാരണ രൂപത്തിലായിരുന്നു ഞാൻ. ആദ്യത്തെ ഒന്നു രണ്ട് സീൻ അഭിനയിച്ചപ്പോൾ ആകെ ഒരു വിഷമം. അതിൽ പുതിയതായി ഒന്നും അഭിനയിക്കാൻ സാധിക്കുന്നില്ല എന്ന സങ്കടം സംവിധായകനോടും തിരക്കഥാകൃത്തിനോടും പറഞ്ഞപ്പോൾ‌ അവർക്കൊന്നും പറയാനില്ല. രണ്ടാമത്തെ ദിവസം ഷൂട്ടിങ് തുടങ്ങിയപ്പോൾ ഷൂട്ടിങ് തുടങ്ങാൻ വരട്ടെ എന്ന് ഞാൻ പറഞ്ഞു. എം ഒ ദേവസ്യ ആണ് മേക്കപ്പ്മാൻ. പാലക്കാട് ഒരു ചെറിയ വില്ലേജിൽ ആണ് ഷൂട്ടിങ്. കുറേ ജനങ്ങൾ കൂടി നിൽപ്പുണ്ട്. കൂടി നിന്ന ജനങ്ങൾക്കിടയിൽ ഒരാളെ കണ്ടു. 

മിലിറ്ററി ഗ്രീൻഷർട്ടിട്ട, മുറുക്കി പല്ല് ഒക്കെ ചുവന്ന് പ്രാകൃതവേഷക്കാരനായ ഒരു കറുത്ത മനുഷ്യനെ കണ്ടു. ദേവസ്യേട്ടനെ വിളിച്ചിട്ട് ചോദിച്ചു നമുക്ക് അയാളാക്കി എടുക്കാൻ പറ്റുമോ ദേവസ്യേട്ടൻ എന്നെ കെട്ടിപ്പിടിച്ചു. എന്നെ വിളിച്ചുകൊണ്ടുപോയി, പഴയ പടത്തിൽ  ആരോ ഉപയോഗിച്ച ഒരു വിഗ്, ആ പടത്തിൽ ആരോ ഉപയോഗിച്ച മീശ. പിന്നെ എന്നെ കറുപ്പിക്കണം എന്നു പറഞ്ഞപ്പോൾ ഭയങ്കര വൈമനസ്യമായിരുന്നു അദ്ദേഹത്തിന്. 

നീഗ്രോബ്ലാക്ക് കളർ ആണ് ഉപയോഗിച്ച് കറുപ്പിച്ച് മുഖത്തൊരു ഉണ്ണി വച്ചു. പിന്നെ പല്ല് ഇല്ലാണ്ട് തരത്തിൽ കറുപ്പിച്ചു. ചുണ്ടും കറുപ്പിച്ചു. മിലിറ്ററി ഗ്രീൻ ഷർട്ട് കോസ്റ്റ്യൂമറിനെക്കൊണ്ട് തയിപ്പിച്ചു. ആ ഷർട്ട് കല്ലിൽ ഇട്ട് ഇരച്ച് ഓയിൽ ഒക്കെ ഇട്ട് അലക്കി. കീറിയ പാന്റും കാലിനൊക്കെ രോഗം വന്ന ആളുകൾ ഇടുന്ന രീതിയിലുള്ള ചെരുപ്പും ഇട്ട് സെറ്റിൽ ചെന്നിട്ട് എന്നെ ആരും അറിയുന്നില്ല. 

പ്രൊഡ്യൂസറും, റൈറ്ററും, ഡയറക്ടറും വന്ന് കണ്ടപ്പോൾ പ്രൊ‍‍ഡ്യൂസർ സമ്മതിക്കില്ല. ഇങ്ങനെയൊരാളെയല്ല ബുക്ക് ചെയ്തത് എന്നൊക്കെ പറഞ്ഞു. കെആർജി എന്ന നല്ല മനുഷ്യനോട് ഞാൻ പറഞ്ഞു( അദ്ദേഹം മരിച്ചുപോയി), ഈ സിനിമ ഓടിയില്ലെങ്കിൽ അടുത്ത പടം ഫ്രീ ആയി അഭിനയിക്കാം എന്ന് പറഞ്ഞു. എന്റോൻ (എന്റെ മോൻ) അങ്ങനെ പറഞ്ഞാൻ ഞാൻ സമ്മതിക്കില്ല, പൈസ ഒന്നും തരണ്ട എന്റോൻ ഇഷ്ടമാണെങ്കിൽ ചെയ്തോട്ടെ എന്ന് പറഞ്ഞു. അങ്ങനെയാണ് ആ സിനിമയിൽ അഭിനയിച്ചത്.

ഞെട്ടിച്ച ആരാധകൻ

പുണെ യൂണിവേഴ്‌സിറ്റിയില്‍ അംബേദ്കര്‍ സിനിമയുടെ ചിത്രീകരണം നടക്കുകയായിരുന്നു. കുറച്ച് വലിയ മുഖമൊക്കെയായി പ്രായമുള്ള രൂപത്തിലാണ് ആ സീനില്‍ പ്രത്യക്ഷപ്പെടുന്നത്. ഞാന്‍ അംബേദ്കറുടെ കോസ്റ്റ്യൂമില്‍ എത്തി. പെട്ടെന്ന് ഒരാള്‍ വന്ന് എന്റെ കാലില്‍ വീണു. സ്യൂട്ട് ഒക്കെയിട്ട്, ടൈ ഒക്കെ കെട്ടി, ഫുള്‍ സ്ലീവ് ഷര്‍ട്ട് ഒക്കെ ധരിച്ച ഒരാള്‍.

ഞാനാകെ ഞെട്ടി, അദ്ദേഹത്തെ പിടിച്ചെഴുന്നേൽപ്പിച്ചു. എന്താണ് നിങ്ങള്‍ ചെയ്യുന്നതെന്ന് ചോദിച്ചു. ഇദ്ദേഹത്തിന് എന്റെ മുഖം അറിയില്ല. പരിചയവുമില്ല. പക്ഷെ മനസില്‍ നിറയെ അംബേദ്കറുടെ മുഖമാണ്. ‘ബാബാ സാഹേബ്, സോറി. നിങ്ങള്‍ എന്റെ മുന്നില്‍ നില്‍ക്കുന്നു,’ എന്നു പറഞ്ഞ് അദ്ദേഹം കരയുകയാണ്. ഞാനഭിനയിച്ച കഥാപാത്രത്തിന്റെ മുമ്പിലാണ് അദ്ദേഹം കരയുന്നത്. എന്റെ മുമ്പിലല്ല. ആ മനുഷ്യന്‍ പുണെ യൂണിവേഴ്‌സിറ്റിയിലെ ഒരു പ്രൊഫസര്‍ ആയിരുന്നു. വലിയൊരു അംബേദ്കര്‍ വിശ്വാസിയും ആയിരുന്നു. അവര്‍ക്ക് അംബേദ്കര്‍ ഒരു ദൈവമാണ്.

മധു സാറിന്റെ ഫാൻ

∙എന്റെ ഏറ്റവും പ്രിയപ്പെട്ട നടൻ മധു സാർ ആയിരുന്നു ചെറുപ്പ കാലത്ത്. സത്യൻ സാറും നസീർ സാറുമൊക്കെ ഉള്ള കാലത്തും എനിക്ക് മധു സാറിനെയാണ് ഇഷ്ടം. സിനിമയില്‍ വന്നതിന് ശേഷം അദ്ദേഹത്തോട് അടുപ്പവുമായി. മധു സാറിന് എന്നോടുള്ള ഇഷ്ടത്തേക്കാൾ കൂടുതൽ ഇഷ്ടം എനിക്ക് അദ്ദേഹത്തോടുണ്ട്.

ആദ്യമായി സിനിമയിൽ പാടി അഭിനയിച്ച അനുഭവത്തെക്കുറിച്ചും അദ്ദേഹം പറഞ്ഞു. മേള എന്ന ചിത്രത്തിലാണ് ആദ്യമായി പാടി അഭിനയിച്ചതെന്നും യേശുദാസിന്റെ പാട്ടാണെന്ന് അറിഞ്ഞതോടെ മുന്നു നാലു ദിവസങ്ങൾ ഉറങ്ങാൻ സാധിച്ചില്ലെന്നും മമ്മൂട്ടി പറഞ്ഞു. 

മറക്കാനാകാത്ത പാട്ടിനെക്കുറിച്ച് പരിപാടിയുടെ അവതാരകയായ ആര്യ ചോദിച്ചപ്പോഴാണ് മമ്മൂട്ടി തന്റെ ആദ്യ ഗാനത്തെക്കുറിച്ച് പറഞ്ഞത്. ‘മേള എന്ന സിനിമയിലാണ് ഞാൻ ആദ്യമായി ഒരു പാട്ട് പാടി അഭിനയിക്കുന്നത്. യേശുദാസാണ് ആ പാട്ട് പാടിയത്. മനസ്സൊരു മാന്ത്രിക കുതിരയായി പായും എന്ന എം.ബി. ശ്രീനിവാസ് ഇൗണമിട്ട ഗാനം. ഇൗ പാട്ടു കേട്ട് കഴിഞ്ഞ കുറെ ദിവസങ്ങൾ എനിക്ക് ഉറങ്ങാൻ‌ സാധിച്ചില്ല. ഇൗ പാട്ട് എന്റെ കാതിൽ മുഴങ്ങുകയായിരുന്നു. ഞാനിതെങ്ങനെ പാടും എന്ന ചിന്ത എന്നെ അലട്ടി’ മമ്മൂട്ടി പറഞ്ഞു. 

 

‘യേശുദാസിനെ ഞാൻ അന്നു ദൂരെ നിന്ന് കണ്ടിട്ടേയുള്ളൂ. ഞാനാരോടിത് പറയും ? യേശുദാസ് എനിക്കു വേണ്ടി പാടുകയാണെന്ന് എനിക്ക് അറിയാവുന്നവരോടൊക്കെ ഞാൻ പറഞ്ഞു. കൂട്ടുകാരോടും വീട്ടുകാരോടും ഒക്കെ. ഷൂട്ടിങ് സമയത്ത് അതിനെക്കാൾ ടെൻഷനായിരുന്നു. സർക്കസ് കൂടാരത്തിലാണ് ചിത്രീകരണം. വെളുപ്പിന് രണ്ട് മണിക്കാണ് തുടങ്ങുന്നത്. അങ്ങനെ അഞ്ചാറു ദിവസങ്ങൾ കൊണ്ടാണ് ചിത്രീകരണം പൂർത്തിയായത്. പാടി അഭിനയിച്ചുള്ള ശീലമൊന്നും എനിക്കില്ലായിരുന്നു. യഥാർഥ ജീവിതത്തിൽ ആരും വഴിയിൽ കൂടി പാടിക്കൊണ്ട് നടക്കാറില്ലല്ലോ. അതു കൊണ്ട് കണ്ടു പഠിച്ചതും മറ്റു സിനിമകളിൽ നിന്നാണ്. ഇൗ അനുഭവമാണ് ആ പാട്ടിനെ ഒരിക്കലും മറക്കാനാവാത്ത ഒന്നാക്കുന്നത്’ മമ്മൂട്ടി കൂട്ടിച്ചേർത്തു. 

related stories