Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കല്യാണി പറഞ്ഞത് പ്രിയനും ലിസിയും ആദ്യം വിശ്വസിച്ചില്ല !

kalyani-lissy

തൊണ്ണൂറോളം സിനിമകൾ, മൂന്നു പതിറ്റാണ്ടിലേറെ നീണ്ട സിനിമാ ജീവിതം. ഇതിനിടയിൽ പ്രിയദർശന്റെ വീട്ടിലെ അലമാരിയിൽ ഒരുപാടു ബഹുമതികൾ എത്തിയിട്ടുണ്ട്. ഒരാഴ്ച മുൻപു വലിയ ബഹളത്തിനിടയിൽ നിന്നു മകൾ കല്യാണി പ്രിയദർശനെ വിളിച്ചു. തനിക്കു ഫിലിം ഫെയർ അവാർഡ് കിട്ടിയിരിക്കുന്നു എന്നു പറയാൻ. അന്നു രാത്രി പ്രിയദർശൻ ഉറങ്ങിയില്ല. അലമാരിയിലെ ഒരു ബഹുമതിയും ആ മനുഷ്യനെ ഇത്രയേറെ സന്തോഷിപ്പിച്ചിട്ടില്ല. ആദ്യ സിനിമയ്ക്കുതന്നെ മകൾ അമ്മു എന്ന കല്യാണി ബഹുമതിയുമായി ഈ പടവു കയറി വരുന്നു. 

ന്യൂയോർക്കിൽ നിന്ന് ആർക്കിടെക്ചറിൽ ബിരുദമെടുത്ത ശേഷം സാബു സിറിലിനോടൊപ്പം സിനിമയുടെ കലാ വിഭാഗത്തിൽ ജോലി ചെയ്യുകയായിരുന്നു കല്യാണി. ക്രിഷ് – ത്രീ പോലുള്ള സിനിമകളിലാണു കല്യാണി ജോലി ചെയ്തിട്ടുള്ളത്. ഒരു ദിവസം അച്ഛൻ വളരെ സന്തോഷത്തോടെ ഇരിക്കുന്ന സമയത്തു മകൾ വന്നു പറഞ്ഞു, ‘താൻ അഭിനയത്തിലേക്കു പോകുകയാണെന്ന്.’ പ്രിയനും ലിസിയും അതു വിശ്വസിച്ചില്ല. അതിനു മുൻപൊരിക്കലും മകൾ ഇങ്ങിനെയൊരു മോഹം പറഞ്ഞിട്ടില്ല. നല്ലതുപോലെ ആലോചിച്ചുമാത്രം തീരുമാനിക്കാൻ അവർ പറഞ്ഞു. പക്ഷേ വളരെ പെട്ടെന്നു തന്നെ കല്യാണി താരമായി. നാഗാർജുന നിർമിച്ചു മകൻ അഖിൽ അക്കിനേനി നായകനായ ‘ഹലോ’ എന്ന തെലുങ്കു സിനിമയിലായിരുന്നു അരങ്ങേറ്റം. ആ സിനിമയ്ക്കാണു മികച്ച പുതുമുഖ നായികയ്ക്കുള്ള ബഹുമതി കല്യാണിക്കു കിട്ടിയത്.

kalyani-lissy-priyan

തെലുങ്കിൽ മികച്ച അഞ്ചു തുടക്കക്കാരികൾ വന്ന കൊല്ലമായിരുന്നു അത്. കല്യാണി ഇപ്പോൾ തെലുങ്കിലെ മുൻനിര നായികമാരിൽ ഒരാളാണ്. ഷർവാനന്ദ് നായകനായ രണ്ടാമത്തെ സിനിമയുടെ ചിത്രീകരണം തുടരുന്നു. ഇതിൽ ഒരു കൗതുകവുമുണ്ട്. ഹിറ്റ് സിനിമകൾക്കു ശേഷം 90ൽ പെട്ടെന്നു പ്രിയദർശൻ സിനിമകൾ പരാജയപ്പെടുന്നു. പ്രിയൻ പുറത്തുപോയി എന്നു പലരും കരുതി. ചെന്നൈയിൽനിന്നു തിരുവനന്തപുരത്തേക്കു താമസം മാറ്റി. അന്നു വന്ദനം എന്ന മലയാള സിനിമ കണ്ടു അതു തെലുങ്കിൽ സംവിധാനം ചെയ്യാൻ ഒരു പുതുമുഖ തെലുങ്കുതാരം പ്രിയനെ തേടിയെത്തി. അതു നാഗാർജുനയായിരുന്നു. അവിടെവച്ചാണു പ്രിയൻ ജീവിതത്തിലേക്കു തിരിച്ചെത്തുന്നത്. അവിടെവച്ചു നാഗാർജുന പരിചയപ്പെടുത്തിയവരാണു ഹിന്ദിയിലേക്കു പ്രിയനു വാതിൽ തുറന്നത്. 27 വർഷങ്ങൾക്കു ശേഷം നാഗാർജുന പ്രിയന്റെ മകളെ കൈ പിടിച്ചു തിരശ്ശീലയിലേക്കു നയിക്കുന്നു. 

kalyani-priyan

 കല്യാണിയോട് അഭിനയിക്കാൻ പോകേണ്ടെന്ന് അച്ഛനും അമ്മയും 

ഒരിക്കലുമില്ല. സിനിമ ഞങ്ങളുടെ ജീവിതവും ജീവനുമാണ്. തീരെ പ്രതീക്ഷിക്കാതെയാണു ഞാനീ തീരുമാനമെടുത്തത്. അതവർ പ്രതീക്ഷിച്ചിട്ടില്ല. കാര്യങ്ങൾ എളുപ്പമായിരിക്കില്ല എന്ന് അച്ഛൻ ഓർമിപ്പിച്ചു.

പത്തു മിനിറ്റ് അമ്മ എന്നെ കെട്ടിപ്പിടിച്ച് കരഞ്ഞു: കല്യാണി

അവർ കരുതിയതു ഞാൻ ഒരു ആർക്കിടെക്റ്റ് ആയി ജീവിക്കും എന്നാണെന്നു തോന്നുന്നു. കലാ സംവിധാനം ചെയ്തു തുടങ്ങിയപ്പോഴാണു സിനിമയിൽ അഭിനയമല്ലാതെ മറ്റൊന്നും എനിക്കു കഴിയില്ലെന്നു എനിക്കുതന്നെ ബോധ്യമായത്. 

മോഹൻലാലിന്റെയും പ്രിയന്റെയും കുടുംബം രണ്ടല്ല, സിനിമ കണ്ടശേഷം ലാൽ എന്തു പറഞ്ഞു?

കാര്യമായി ഒന്നും പറഞ്ഞില്ല. ലാലങ്കിൾ എന്നെ കെട്ടിപ്പിടിച്ചു. അതിൽ എല്ലാമുണ്ടായിരുന്നു.

kalyani-pranav

സിനിമ പുറത്തുവന്നശേഷം എന്തു തോന്നി?

അഭിനയിക്കാൻ തുടങ്ങുമ്പോൾ ഞാൻ മറ്റൊന്നും ആലോചിച്ചിട്ടില്ല. പക്ഷേ സിനിമ പുറത്തുവന്ന ശേഷം എന്നോട് ആളുകൾ പ്രകടിപ്പിക്കുന്ന സ്നേഹം എന്നെതന്നെ അത്ഭുതപ്പെടുത്തുന്നു. തെലുങ്ക് അറിയാത്തവർപോലും സബ് ടൈറ്റിലുള്ള പ്രിന്റ് കണ്ട് സന്തോഷം അറിയിക്കുന്നുണ്ട്. ഹലോ എന്ന സിനിമയിലെ കഥാപാത്രം വല്ലാതെ സ്നേഹം തോന്നുന്ന കഥാപാത്രമാണ്. അതുകൊണ്ടുകൂടി ആയിരിക്കാം.

ഹിന്ദിയിലേക്ക് എളുപ്പവഴിയിൽ എത്തിപ്പെടാൻ പറ്റുന്ന ഒരാളാണു കല്യാണി. ഹിന്ദി സിനിമയിലേക്കു പോകാൻ ........

സത്യത്തിൽ എന്റെ ലോകം ഇവിടെയാണ്. ഇവിടം വിട്ടുപോകാൻ എനിക്കു മോഹമില്ല. അവിടെ ഞാൻ തനിച്ചായിപ്പോകും. എനിക്കിവിടെ ജീവിച്ചാൽമതി. ഹിന്ദിയൊരു പ്രത്യേക ലോകമാണ്. എനിക്കവിടം പറ്റുമെന്നു തോന്നുന്നില്ല. ഞാൻ ഇവിടെ കഴിഞ്ഞോളാം. 

അമ്മയിൽ നിന്നുതന്നെ ആദ്യ അവാർഡ് വാങ്ങാനും കല്യാണിക്കു കഴിഞ്ഞു. അല്ലേ? 

അമ്മ എത്രയോ വർഷമായി ഫിലിംഫെയർ അവാർഡിലെ അതിഥിയാണ്. ഇത്തവണ അമ്മ എന്റെ അടുത്താണിരുന്നത്. ഇടയ്ക്ക് അവർ വന്നു വിളിച്ചുകൊണ്ടുപോയി. എന്റെ േപരു വിളിക്കുമ്പോഴും അമ്മയുടെ അടുത്തു നിൽക്കുമ്പോഴും എന്താ തോന്നിയതെന്ന് എനിക്ക് ഇപ്പോഴും അറിയില്ല. അമ്മ എല്ലാമാണ്.  

പ്രിയദർശനെ വിളിച്ചു പറഞ്ഞതു കല്യാണി തന്നെയാണല്ലേ?

അതെ, അച്ഛൻ എന്താണു പറഞ്ഞതെന്നു ഞാൻ കൃത്യമായി കേട്ടില്ല. അഭിനയിക്കാൻ തുടങ്ങുമ്പോൾ എനിക്കുണ്ടായിരുന്ന പേടി പ്രിയദർശൻ എന്ന വലിയ പേരു ഞാൻ ചീത്തയാക്കുമോ എന്നായിരുന്നു. എന്നെ ഓർത്ത് അച്ഛൻ തല ഉയർത്തി നിൽക്കുന്ന ദിവസം വരണം എന്നു മോഹിച്ചിരുന്നു. അതു മാത്രമായിരുന്നു പ്രാർഥന.

മകളുടെ വാക്ക് കേട്ട് കണ്ണുനിറഞ്ഞ് പ്രിയദര്‍ശന്‍; വിഡിയോ

കുറച്ചു നേരത്തെങ്കിലും അതുണ്ടായി എന്നാണെനിക്കു തോന്നുന്നത്. എന്നെ വിളിച്ച പലരും പറഞ്ഞു, അവരെ വിളിച്ചു പറഞ്ഞത് അച്ഛനാണെന്ന്. അത്രയും സന്തോഷം തോന്നാതെ അച്ഛൻ അങ്ങിനെ പറയില്ല. 

ഒരുപാടു സിനിമകൾ കല്യാണിയെ കാത്തിരിക്കുന്നില്ലേ?

പലരും വന്നു കഥകൾ പറയുന്നുണ്ട്. എനിക്കു മലയാളത്തിൽ അഭിനയിക്കണം. അതിനുവേണ്ടിയാണു ഞാനിപ്പോൾ കാത്തിരിക്കുന്നത്. തെലുങ്കിലും തമിഴിലും കഥകൾ കേട്ടിട്ടുണ്ട്.

പ്രിയദർശനെപ്പോലുള്ള വലിയൊരു സംവിധായകൻ വീട്ടിലുള്ളപ്പോൾ ആദ്യ സിനിമയ്ക്കു വേറെ അന്വേഷിക്കണോ?

അച്ഛൻ പറഞ്ഞിട്ടുള്ളത് നിനക്കുള്ള സിനിമ നിന്നെ തേടിവരും എന്നാണ്. പ്രിയദർശന്റെ സിനിമയ്ക്ക് എന്നെ വേണമെന്നു തോന്നുന്ന നിമിഷം അതും സംഭവിച്ചേക്കാം.