Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘ഇത് കാണുമ്പോൾ പുച്ഛം തോന്നുന്നു’; ആഷിക്ക് അബുവിനെതിരെ എം.എ നിഷാദ്

aashiq-ma-nisha

നടൻ ദിലീപിനെ അമ്മ സംഘടനയിൽ തിരിച്ചെടുത്ത തീരുമാനത്തിനെതിരെ സംവിധായകൻ ആഷിക്ക് അബു രംഗത്ത് വന്നിരുന്നു. മഹാനടൻ തിലകന്റെ ജീവിതത്തിലുണ്ടായ സിനിമാവിവാദങ്ങളോട് താരതമ്യം ചെയ്തായിരുന്നു ആഷിക്കിന്റെ പോസ്റ്റ്. ഈ വിഷയത്തില്‍ ആഷിക്ക് അബുവിന് മറുപടിയുമായി സംവിധായകൻ എം.എ നിഷാദ്.

‘ക്രിമിനൽ കേസിൽ പ്രതിയായിരുന്നില്ല, സ്വന്തം അഭിപ്രായം തുറന്നുപറഞ്ഞു എന്ന' കുറ്റത്തിന് 'മരണം വരെ സിനിമത്തമ്പുരാക്കന്മാർ ശത്രുവായി പുറത്തുനിർത്തിയ തിലകൻ ചേട്ടനോട് 'അമ്മ' മാപ്പു പറയുമായിരിക്കും, അല്ലേ ?’–ഇങ്ങനെയായിരുന്നു ആഷിക്കിന്റെ പ്രതികരണം.

തിലകനോട് മാപ്പ് ചോദിക്കാൻ ആഹ്വാനം നടത്തുന്ന ആഷിക്ക്, തിലകനെവെച്ച് എത്ര സിനിമ ചെയ്തെന്നും അദ്ദേഹത്തെ അഭിനയിപ്പിച്ച ഞങ്ങളെ പോലുളള സംവിധായകർക്ക് ഇതൊക്കെ കാണുമ്പോൾ പുച്ഛം തോന്നുന്നുവെന്നും എം. എ നിഷാദ് പറഞ്ഞു.

എം.എ നിഷാദിന്റെ  കുറിപ്പ് വായിക്കാം–

തിലകൻ ചേട്ടന് വേണ്ടി മുതല കണ്ണീർ പൊഴിക്കുന്നവരോട്...സ്വന്തം അഭിപ്രായം ചങ്കൂറ്റത്തോടെ ആരുടെയും മുമ്പിൽ വിളിച്ച് പറയാനുളള ആർജ്ജവം കാണിച്ചിട്ടുളള അതുല്യ നടൻ തിലകനെ പടിക്കപ്പുറത്ത് നിർത്തിയ കാലം...

തിലകൻ ചേട്ടന് വേണ്ടി വാദിക്കാൻ, പോട്ടെ ഒരു ചെറുവിരൽ അനക്കാൻ എത്ര പേരുണ്ടായിരുന്നു ? തിലകനോട് മാപ്പ് ചോദിക്കാൻ ആഹ്വാനം നടത്തുന്ന സഹോദരാ, അങ്ങയുടെ എത്ര സിനിമയിൽ തിലകൻ ചേട്ടനെ അഭിനയിപ്പിച്ചിട്ടുണ്ട് ? വെറുതോ ചോദിക്കട്ടെ ..ഒരാകാംക്ഷ,അങ്ങനെ കണ്ടാൽ മതി...

തിലകൻ എന്ന മഹാ നടനോട് കടുത്ത അനീതിയാണ് മലയാള സിനിമ പ്രവർത്തകർ ചെയ്തത്...വിലക്കുകൾക്ക് പുല്ലു വില കൽപ്പിച്ച് അദ്ദേഹത്തെ സിനിമയിൽ അഭിനയിപ്പിച്ച ഞങ്ങളെ പോലുളള സംവിധായകർക്ക് ഇതൊക്കെ കാണുമ്പോൾ സത്യം പറയാമല്ലോ..പുച്ഛം തോന്നുന്നൂ...

NB..അമ്മയുടെ നടപടിയെ, സാധൂകരിക്കുന്നതല്ല എന്റെ ഈ പോസ്റ്റ്...ചിലത് കാണുമ്പോൾ പ്രതികരിച്ച് പോകും..നിലപാടുകൾ ഉളളത് കൊണ്ട് തന്നെയാണ്...