Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജീവിതത്തിൽ ഇന്നുവരെ ഒരാളെയും ഇതു പോലെ പേടിച്ചിട്ടില്ല: പ്രിയദർശൻ

priyadarshan

കുട്ടിക്കാലത്തെക്കുറിച്ചു ചിന്തിക്കുമ്പോൾ മനസിൽ ഓടിയെത്തുന്നതു മോഡൽ സ്കൂളിലെ കാലമാണ്. മോഹൻലാൽ,മണിയൻപിള്ള രാജു, ജഗതി, ജഗദീഷ്, സുരേഷ്കുമാർ, എം.ജി.ശ്രീകുമാർ തുടങ്ങിയവർ അക്കാലത്തു മോഡൽ സ്കൂളിലുണ്ട്. എന്നാൽ താഴത്തെ ക്ലാസിൽ പഠിച്ചിരുന്ന മോഹൻലാലിനെയും സുരേഷിനെയും സ്കൂളിൽ കണ്ടതായി എനിക്ക് ഓർമയില്ല. മറ്റുള്ളവരെ നല്ല ഓർമയുണ്ട്. പക്ഷെ ഇവരുടെയൊക്കെ വീട്ടുകാരുമായി എന്റെ അച്ഛനും അമ്മയ്ക്കും നല്ല ബന്ധമായിരുന്നു.അതു കൊണ്ടു തന്നെ മോഹൻലാൽ, എം.ജി.ശ്രീകുമാർ, ജഗതി  തുടങ്ങിയവരുടെ വീടുകളിൽ ഞങ്ങൾ പതിവു സന്ദർശകരായി.

മോഡൽ സ്കൂളിൽ പഠിക്കുന്ന കാലത്ത് എന്നെ വേട്ടയാടിയിരുന്നതു കടുവ കുട്ടൻപിള്ളയാണ്. എന്റെ ജീവിതത്തിൽ ഇന്നുവരെ ഒരാളെയും  ഇതു പോലെ പേടിച്ചിട്ടില്ല. മോഡൽ സ്കൂളിലെ ഹെഡ്മാസ്റ്ററായിരുന്നു കുട്ടൻപിള്ളസാർ. രാവിലെ ബെല്ലടിച്ചാലുടൻ ചൂരലുമായി കടുവ ഗേറ്റിൽ വന്നു നിൽക്കും. രണ്ടു ഗേറ്റും കവർ ചെയ്താണ് നിൽപ്പ്. വൈകി വരുന്നവരെ തല്ലുകയാണ് ഉദ്ദേശ്യം. ബെല്ലടിച്ച ശേഷമാണ് നമ്മൾ വരുന്നതെങ്കിൽ ഗേറ്റിൽ നിന്നു ക്ലാസ് വരെ അടിച്ചാണു കൊണ്ടു പോവുക.

എന്റെ അച്ഛൻ പൂജപ്പുരക്കാരനായിരുന്നുവെങ്കിലും ഞങ്ങൾ തൈക്കാട്ടു വാടകയ്ക്കായിരുന്നു താമസം. ഞാനും ശ്രീക്കുട്ടനും (എം.ജി.ശ്രീകുമാർ) അയൽക്കാർ.അന്നൊക്കെ സിനിമയ്ക്കു പോകാൻ അച്ഛനും അമ്മയും സമ്മതിക്കില്ല. പോകാൻ കാശുമില്ല. വീട്ടിലെ പഴയ പത്രക്കടലാസ് അടിച്ചു മാറ്റി വിൽക്കുകയായിരുന്നു പതിവു പരിപാടി. അടുക്കി വച്ച പത്രക്കടലാസിൽ പകുതി എടുത്താലും അമ്മ അറിയില്ല. ആ കാശു കൊണ്ടു  സിനിമ കാണും. 

ഞങ്ങളുടെ വാടക വീടിന്റെ രണ്ടാം നില ഒഴിഞ്ഞു കിടക്കുകയായിരുന്നു. ഞങ്ങൾ രണ്ടാം നിലയിലെ വെന്റിലേറ്ററിന്റെ ഗ്ലാസുകൾ ഇളക്കി മാറ്റി ചാലയിൽ കൊണ്ടു പോയി വിൽക്കാൻ തുടങ്ങി.വീട്ടുടമ കൊല്ലത്തായതിനാൽ ഇതൊന്നും അറിഞ്ഞില്ല. പതിയെ രണ്ടാം നിലയിലെ ടാപ്പുകളും ഇളക്കി മാറ്റി വിറ്റു തുടങ്ങി. അങ്ങനെ കണ്ട സിനിമയുടെ പേര് ഇന്നും മറന്നിട്ടില്ല. ‘പഠിച്ച കള്ളൻ.’

മുകളിലേക്കു വെള്ളം പോകുന്ന വാൽവ് അമ്മ തുറന്നപ്പോഴാണ് അപകടമായത്. രാത്രി ഒൻപതു മണിയായപ്പോൾ രണ്ടാം നിലയിൽ നല്ല മഴ. ടാപ്പില്ലാത്ത പൈപ്പുകളിലൂടെ വെള്ളം പൂക്കുറ്റി പോലെ ചീറ്റുകയാണ്. കള്ളൻ കയറിയതാണെന്നു സംശയം തോന്നിയതോടെ പൊലീസിൽ അറിയിച്ചു. അവർ വന്നപ്പോൾ ഞാനും ശ്രീക്കുട്ടനും വിറച്ചു.പോയി. അതോടെ ഞങ്ങൾ മോഷണം നിർത്തി.

തുടർന്നു ഗപ്പി മീൻ വിൽപ്പനയിലേക്കു കടന്നു. ചെങ്കൽച്ചൂളയിൽ എസ്പി ഗ്രാൻഡ് ഡേയ്സ് ഇരിക്കുന്ന സ്ഥലത്തിനു സമീപത്തുള്ള അഴുക്കു ചാലിൽ നിന്നാണ് ഞാനും ശ്രീക്കുട്ടനും ഗപ്പി പിടിച്ചിരുന്നത്.തോർത്തു കൊണ്ടു മീൻ പിടിച്ച് ഹോർലിക്സ് കുപ്പിയിലാക്കി വിൽക്കും.അങ്ങനെ കിട്ടുന്ന കാശു കൊണ്ടു സിനിമ കാണും.

അക്കാലത്തു ഞാൻ അച്ഛനോടു ചെയ്ത ദ്രോഹം ചില്ലറയല്ല. അച്ഛന്റെ തോർത്ത് ഉപയോഗിച്ചായിരുന്നു മീൻ പിടിത്തം.എല്ലാം കഴിഞ്ഞ്  തോർത്തു കഴുകിയിടുമെങ്കിലും ഓരോ ദിവസം കഴിയും തോറും അതിന്റെ നിറം മങ്ങി വന്നു. എന്താണിങ്ങനെയെന്നു ചോദിച്ച് അമ്മയെ അച്ഛൻ വഴക്കു പറയുമായിരുന്നു.ഇന്നിപ്പോൾ ആ അഴുക്കു ചാലിനടുത്തു കൂടി പോകാൻ പോലും വയ്യ.

അക്കാലത്ത് ഹോട്ടലിൽ പോയി കഴിക്കാൻ പണമില്ലായിരുന്നു.മേട്ടുക്കട ജംഗ്ഷനിലെ കടയിലുള്ള നന്നാറി സർബത്തിനോടു മാത്രമേ  താൽപര്യമുണ്ടായിരുന്നുള്ളൂ. മാസത്തിൽ രണ്ടു തവണയെങ്കിലും പൈസയുണ്ടാക്കി അവിടെപ്പോയി സർബത്തു കുടിക്കും.

ശക്തി,ചിത്ര,പത്മനാഭ,ശ്രീകുമാർ തുടങ്ങിയവയാണ് അന്നത്തെ തിയറ്ററുകൾ.ചിത്രയിൽ 35 പൈസയ്ക്കു സിനിമ കാണാം. അക്കാലത്തു ബാൽക്കണിക്കു രണ്ടോ മൂന്നോ രൂപയേയുള്ളൂ.സിനിമ കഴിഞ്ഞു വീട്ടിലേക്കു നടന്നാണ് പോവുക.ആ പോക്കിൽ പലേടത്തും വായിൽ നോക്കി നിൽക്കും.അന്നത്തെ വഴിയോരക്കാഴ്ചകളിൽ പലതും  സിനിമയിൽ ഉപയോഗിച്ചിട്ടുണ്ട്.

പ്രീഡിഗ്രിക്ക് ആദ്യ വർഷം എംജി കോളജിലും രണ്ടാം വർഷം ആർട്സ് കോളജിലുമാണ്  പഠിച്ചത്.ഡിഗ്രിക്കു യൂണിവേഴ്സിറ്റി കോളജിലായിരുന്നു.സിനിമ കാണലും ക്രിക്കറ്റുമായിരുന്നു  വിനോദങ്ങൾ.സുഹൃത്തുക്കളുടെ രാഷ്ട്രീയമായിരുന്നു എന്റെയും രാഷ്ട്രീയം.മൂന്നു കോളജിലും മൂന്നു വ്യത്യസ്ത വിദ്യാർഥി സംഘടനകളോട് ആയിരുന്നു കൂറ്.

യൂണിവേഴ്സിറ്റി കോളജിൽ പഠിക്കുന്ന കാലത്ത് ക്ലാസിൽ കയറുന്ന പരിപാടിയേയില്ല.കോഫി ഹൗസിലും സ്റ്റാച്യുവിലും പോയിരിക്കും.കാശുണ്ടേൽ അരുൾ ജ്യോതിയിൽ നിന്നു ദോശയും ചായയും കഴിക്കും.കോഫി ഹൗസിലെ പതിവുകാർക്കിടയിൽ എനിക്കു വ്യാപകമായ സൗഹൃദമുണ്ടായിരുന്നു.അക്കാലത്ത് എന്റെ വിളിപ്പേര് ‘ഓസ്’ എന്നാണ്.പതിവു സന്ദർശകർ വരുമ്പോൾ അവരുടെ ചെലവിൽ കാപ്പി കുടിക്കുകയാണ് സ്ഥിരം പരിപാടി.കോഫി ഹൗസിൽ നിന്ന് എനിക്ക് ഒരുപാട് കഥാപാത്രങ്ങളെ കിട്ടിയിട്ടുണ്ട്.

സ്റ്റാച്യൂവിൽ അക്കാലത്തു ദളവ ചാക്കോ എന്നു പേരുള്ള പിച്ചക്കാരൻ ഉണ്ടായിരുന്നു.ആരോടെങ്കിലും നമുക്കു വിരോധമുണ്ടെങ്കിൽ ദളവ ചാക്കോയ്ക്ക് 10 പൈസ കൊടുത്താൽ അയാൾ അവരുടെ മുഖത്തു തുപ്പും.അക്കാലത്ത് എനിക്കു വിരോധമുള്ള പലരുടെയും മുഖത്ത് ചാക്കോയെക്കൊണ്ടു തുപ്പിച്ചിട്ടുണ്ട്.എല്ലാ ദിവസവും ചാക്കോ ഞങ്ങളെ കാത്തു നിൽക്കും .10 പൈസ കിട്ടിയില്ലെങ്കിൽ ചാക്കോ എന്റെ മുഖത്തു തുപ്പുമെന്ന അവസ്ഥയായിരുന്നു.ഒരിക്കൽ കോർപറേഷൻ വണ്ടിയിൽ നിന്ന് എച്ചിൽ വാരുന്നതിനിടെ വണ്ടി പിന്നോട്ടെടുത്തപ്പോൾ അതിനടിയിൽപ്പെട്ട് ചാക്കോ മരിച്ചു.

യൂണിവേഴ്സിറ്റി കോളജിൽ എനിക്ക് ഇഷ്ടമുള്ള അധ്യാപകരായിരുന്നു വിഷ്ണുനാരായണൻ നമ്പൂതിരി സാറും ഹൃദയകുമാരി ടീച്ചറും.ഒരു പണിയുമില്ലാത്ത ഒരു ദിവസം ഞാൻ മലയാളം ക്ലാസിൽ കയറാൻ തീരുമാനിച്ചു. പതിവില്ലാതെ എന്നെ കണ്ട സാറിന് ഇഷ്ടപ്പെട്ടില്ല.‘‘താൻ വലിയ മലയാളം വിദ്വാനല്ലേ...എന്തിനാണ് ക്ലാസിൽ ഇരിക്കുന്നേ....’’എന്നു ചോദിച്ച അധ്യാപകൻ എന്നെ ഇറക്കി വിട്ടു.ആ അധ്യാപകനാണ് സാക്ഷാൽ ഒഎൻവി സാർ.

പിൽക്കാലത്ത്  ഇക്കാര്യം ഞാൻ സാറിനോടു പറഞ്ഞിട്ടുണ്ട്.