Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇനി ‘അമ്മ’യിലേയ്ക്ക് ഇല്ല; തുറന്നടിച്ച് റിമ

rima-amma

താര സംഘടനയായ അമ്മയിലേയ്ക്ക് നടന്‍ ദിലീപിനെ തിരിച്ചെടുത്തതില്‍ പ്രതിഷേധവുമായി മലയാള സിനിമയിലെ വനിതാ കൂട്ടായ്മയായ വിമണ്‍ ഇന്‍ കളക്ടീവ് രംഗത്ത് വന്നിരുന്നു. ഇതിനിടെ അമ്മ സംഘടനയ്ക്കൊപ്പം ഇനി മുന്നോട്ട് പോകാനില്ലെന്ന് നടി റിമ കല്ലിങ്കല്‍ വ്യക്തമാക്കി. ടെലിവിഷൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് നടി തന്റെ നിലപാട് വ്യക്തമാക്കിയത്.

സ്ത്രീവിരുദ്ധ നിലപാടാണ് അമ്മയുടേതെന്നും ഇരയെ അപമാനിക്കുകയാണ് ചെയ്തതെന്നും വനിതാ സംഘടന കുറിപ്പിലൂടെ അറിയിച്ചിരുന്നു. എന്നാൽ അമ്മയുടെ മീറ്റിങിൽ പോലും പങ്കെടുക്കാതെ എങ്ങനെയാണ് ഇത്തരത്തിലുള്ള ആരോപണങ്ങൾ ഉന്നയിക്കുന്നതെന്ന് വനിതാ സംഘടനയ്ക്കെതിരെ വിമർശനം ഉയർന്ന സാഹചര്യത്തിലാണ് റിമ ഈ വിഷയത്തിൽ നിലപാട് വ്യക്തമാക്കിയത്.

റിമയുടെ വാക്കുകൾ–

‘ഞങ്ങളാരും അമ്മ മീറ്റിങിൽ പങ്കെടുത്തിരുന്നില്ല. അമ്മയുടെ തീരുമാനത്തിനെതിരെ പബ്ലിക്ക് ആയി ആരും സംസാരിച്ചില്ല, ഇതേ ചോദ്യം തന്നെയാണ് ഏവരുടെയും ഉള്ളിലെ സംശയം. എന്തുകൊണ്ട് ഞങ്ങൾ അവിടെ പോയി സംസാരിച്ചില്ല. ഇതിന് രണ്ട് കാരണങ്ങൾ ഉണ്ട്.

നടി ആക്രമിക്കപ്പെട്ടിട്ട് ഒരുകൊല്ലമാകുന്നു. അമ്മ സംഘടനയുമായി പല രീതിയിൽ ഇതുമായി ബന്ധപ്പെട്ട് ചർച്ച നടത്തി. അവസാനമായി നമ്മൾ കണ്ടതാണ് അമ്മ എന്ന സംഘടന എല്ലാവരും ഒത്തുകൂടി നടത്തിയ ഒരുപരിപാടിയിൽ, ഞങ്ങൾ ഉന്നയിക്കുന്ന കാര്യങ്ങൾക്ക് എന്ത് രീതിയിലാണ് മറുപടി നൽകിയതെന്ന്. അങ്ങനെയൊക്കെ പ്രതികരിക്കുന്ന ആളുകള്‍ക്കൊപ്പം ഇനിയും ഞങ്ങൾ ഇതുമായി ബന്ധപ്പെട്ട് ചർച്ചയ്ക്ക് ഇരുന്ന് കൊടുക്കണോ, ദയവ് ചെയ്ത് ആളുകൾ ഇനി ഞങ്ങളോട് അത് ചോദിക്കരുത്. ലോകമെമ്പാടും സ്ത്രീകൾ പ്രതികരിച്ച് മുന്നോട്ട് വരുന്ന മീ ടു മൂവ്മെന്റ് ഒക്കെ നടക്കുമ്പോഴാണ് ഇവിടെ ഇങ്ങനെയുളള സ്കിറ്റുകളുമായി ആളുകൾ വരുന്നത്. 

മൂന്ന് മാസം ജയിലിൽ കിടന്ന കുറ്റാരോപിതനായ ഏഴാം പ്രതിയായ രണ്ട്പ്രാവിശ്യം ജാമ്യം നിരസിച്ച ഒരു ആള് ഈ സംഘടനയിൽ വീണ്ടും വരുന്നു. ഈ സംഭവത്തിന് ഇരയായ പെൺകുട്ടി ഇതേ സംഘടനയിൽ നിൽക്കുമ്പോള്‍ ഞങ്ങളെ അത് ബോധ്യപ്പെടുത്താനുള്ള ബാധ്യത ആ സംഘടനയ്ക്ക് ഉണ്ട്. കുറ്റാരോപിതന്റെ കൂടെ നിൽക്കുന്ന ഈ സംഘടന ഞങ്ങളെ മനസ്സിലാക്കാതെ ഇരിക്കുമ്പോൾ അതിൽ തുടരേണ്ട കാര്യം ഉണ്ടോ?

നടന്റെ വിഷയം മീറ്റിങിൽ ഉന്നയിച്ചത് സ്ത്രീകളാണെന്ന് പറയുന്നു. ഈ ഒരു പ്രശ്നത്തിൽ ഞങ്ങൾക്കൊപ്പം നിൽക്കുന്നത് പെണ്ണുങ്ങൾ മാത്രമല്ല. ആണുങ്ങളും ഞങ്ങളെ പിന്തുണച്ച് ഒപ്പമുണ്ട്. എന്നാൽ നമ്മൾ എവിടെയാണ് നിൽക്കുന്നതെന്ന് പോലും അറിയാത്ത സ്ത്രീകളെയും ഇവിടെ കാണാം. ഊർമിള ഉണ്ണി അതിന് ഉദാഹരണം മാത്രം. ഈ പ്രശ്നത്തെ ആൺ–പെൺ എന്ന് വേർതിരിച്ച് കാണണമെന്ന് ഞാൻ ആഗ്രഹിക്കുന്നില്ല.

മറ്റൊരു വിമർശനം ഞങ്ങൾ ഫെയ്സ്ബുക്കിൽ മാത്രം പോസ്റ്റ്കുറിക്കുന്നു എന്നതാണ്.  ഇതൊരു വ്യക്തിയുടെയോ സിനിമാ ഇൻഡസ്ട്രിയുടെയോ മാത്രം പ്രശ്നമല്ല, എല്ലാവരെയും ബാധിക്കുന്ന വിഷയം ആണ്. അതുകൊണ്ടാണ് സമൂഹമാധ്യമത്തിലൂടെ പ്രതികരിക്കുന്നത്. 

ഞാൻ ആക്രമിക്കപ്പെട്ട പെൺകുട്ടിയോട് സംസാരിച്ചിരുന്നു. അവളുടെ മറുപടി ഉടൻ തന്നെ തുറന്നുപറയുന്നതായിരിക്കും.അവളുടെ മാനസികനില കൂടി നമ്മൾ മനസ്സിലാക്കണം. ഞങ്ങൾ ഡെമോക്രാറ്റിക് ആയി മുന്നോട്ട് പോകുന്ന സംഘടനയാണ്. ജനറൽ ബോഡിയിൽ ഞങ്ങൾ എടുക്കുന്നത് കൂട്ടായ തീരുമാനമാണ്. അല്ലാതെ ഒന്നോ രണ്ടോ ആളുകളുടെ തീരുമാനത്തിൽ മാത്രം മുന്നോട്ട് പോകുന്നതല്ല വനിതാ സംഘടന.

വ്യക്തിപരമായി ഇനി അമ്മ സംഘടനയിൽ ഇനി തുടരാൻ താൽപര്യമില്ല. മറ്റുചില കാര്യങ്ങൾ കൊണ്ടാണ് തുടർന്നുപോകുന്നത്. വ്യക്തിപരമായ നിലപാട് കൊണ്ടാണ് ഞാൻ കമ്മിറ്റിയിൽ പങ്കെടുക്കാതിരുന്നത്. അമ്മ ഷോയിൽ പങ്കെടുക്കാനിരുന്നതാണ്, എന്നാൽ അതിന് സാധിച്ചില്ല. പക്ഷേ അവിടെ നടന്ന കാര്യങ്ങൾ അറിഞ്ഞതിന് ശേഷം വളരെ വിഷമമായി. പാർവതിയും പത്മപ്രിയയും അവിടെ ഉണ്ടായിരുന്നു. അവർ അറിഞ്ഞിരുന്നില്ല ഇങ്ങനെയൊരു സ്കിറ്റിന്റെ കാര്യം. വിളിച്ചുവരുത്തി അപമാനിക്കുന്നതിന് തുല്യമായിരുന്നു. ഇനി ഇതുപോലുള്ള സംഘടനയുടെ കൂടെ സഹകരിച്ച് മുന്നോട്ട് പോകാൻ സാധിക്കില്ല.

അമ്മ' ഒരു ജനാധിപത്യ സംഘടനയാണെന്ന വിശ്വാസം ഇനി ഞങ്ങള്‍ക്കില്ല. ഇപ്രാവശ്യം തിരഞ്ഞെടുത്ത പ്രസിഡന്റ് വരെ ഈ സ്‌കിറ്റിന്റെ ഭാഗമായിരുന്നു. ഇനി ആ സംഘടനയില്‍ ജനാധിപത്യമായ രീതിയിലൊരു മാറ്റം പെട്ടെന്ന് ഉണ്ടാകുമെന്നും ഞങ്ങള്‍ വിശ്വസിക്കുന്നില്ല.

ഞങ്ങളുടെ കരിയറിനെ തന്നെ മറന്ന് ഇൻഡസ്ട്രിയിലെ കുറച്ച് പേർക്കെതിരെ പോരാടുകയാണ്. നീതിക്ക് നിരയ്ക്കുന്നതാണ് ഞങ്ങൾ ചോദിക്കുന്ന ഓരോ ചോദ്യമെന്നും വ്യക്തമായ നിലപാട് ഉണ്ടായതുകൊണ്ടാണ് ഇത്രയും എതിർപ്പുണ്ടായിട്ടും ഇനിയും ഇനിയും ചോദിച്ചുകൊണ്ടിരിക്കുന്നത്. ആരെയും ദ്രോഹിക്കാനല്ല, ദ്രോഹിക്കപ്പെട്ട ആൾക്ക് നീതികിട്ടണം.

സിനിമ കുറച്ച് ആളുകളുടെ കുത്തകയായി നിലനിന്നിരുന്ന കാലം ഉണ്ടായിരുന്നു. അതുകൊണ്ട് സിനിമയിൽ നിന്ന് അവസരം കുറയുമെന്നോ മാറ്റിനിർത്തുമെന്നോ ഉള്ള പേടി ഇല്ല. തുറന്നുപറയുന്നതുകൊണ്ട് അതിന്റെ പ്രത്യാഘാതങ്ങൾ ഉണ്ടാകുന്നുണ്ട്, ഇല്ലെന്ന് പറയുന്നില്ല. 

കുറ്റാരോപിതനെ പ്രശംസിക്കുന്ന സാഹചര്യമാണ് ഇവിടെയുളളത്. ആക്രമിക്കപ്പെട്ട  പെൺകുട്ടിക്കൊപ്പം ആരും നിൽക്കുന്നില്ല. അതുകൊണ്ടാണ് പലരും പലതും തുറന്നുപറയാത്തത്. അതിനെ മറികടക്കണം അതാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്.

ആ ഒരു മറുപടി മാത്രമേ അവര്‍ക്കറിയൂ. പക്ഷെ ഇതൊരു വ്യത്യസ്തമായ കളിയാണ്.  ഞങ്ങള്‍ ചെറുതാണെന്ന് ഞങ്ങള്‍ കരുതുന്നില്ല. ഇവിടെവരെ ഞങ്ങള്‍ എത്തി. വലിയൊരു മൂവ്മന്റ് ഇന്ന് ലോകമാകെ ഉണ്ട്. അതിന്റെ ഭാഗമായി മുന്നോട്ടുതന്നെ പോകും. ആരെന്തു പറഞ്ഞാലും ഇനി പിന്നോട്ടില്ല എന്നുതന്നെയാണ് തീരുമാനം. എന്ത് പ്രശ്‌നം വന്നാലും ചതിക്കുഴികള്‍ ഉണ്ടായാലും അവള്‍ക്കൊപ്പം ഞങ്ങളുണ്ടാകും.

നമ്മളെല്ലാം സിനിമ കണ്ട് കയ്യടിച്ച് പലരുടെയും ആരാധകരായിട്ടുണ്ട്. എന്നാൽ നമുക്കൊക്കെ ഇങ്ങനെയൊരു പ്രശ്നം വരുമ്പോൾ നമ്മൾ എങ്ങനെ പ്രതികരിക്കുമെന്ന് ചിന്തിച്ചിട്ടുണ്ടോ? നമുക്കൊരു പ്രശ്നം വന്നാലെ ഒരു കാര്യം മനസ്സിലാകൂ എന്നുണ്ടെങ്കിൽ എനിക്ക് അറിയില്ല നമ്മളൊരു സംസ്കാരമുള്ള സമൂഹത്തിലാണ് ജീവിക്കുന്നതെന്ന്.