Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘അമ്മ’യിലെ കാര്യങ്ങള്‍ പാര്‍ട്ടിയോട് വിശദീകരിക്കും: മുകേഷ്

Mukesh

അമ്മ സംഘടനയില്‍ നിന്ന് നാല് നടിമാര്‍ രാജിവെച്ച സംഭവത്തില്‍ പ്രതികരണവുമായി നടന്‍ മുകേഷ്. നടിമാരുടെ രാജി വിഷയത്തില്‍ എംഎല്‍എ കൂടിയായ മുകേഷിനെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു. മുകേഷിനും ഗണേഷ് കുമാറിനുമെതിരെ മന്ത്രി ജി.സുധാകരനും വനിത കമ്മീഷന്‍ അധ്യക്ഷ എം.സി.ജോസഫൈനും രംഗത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് മുകേഷ് പ്രതികരിച്ചത്. വളരെ ചുരുങ്ങിയ വാക്കുകളിലായിരുന്നു മുകേഷിന്റെ പ്രതികരണം.

അമ്മയിലെ കാര്യങ്ങള്‍ പാര്‍ട്ടിയോട് വിശദീകരിക്കുമെന്ന് മുകേഷ് പറഞ്ഞു. ഇക്കാര്യങ്ങള്‍ മാധ്യമങ്ങളോട് പറയേണ്ട കാര്യമില്ലെന്നും മുകേഷ് വ്യക്തമാക്കി.

അതിനിടെ സ്ത്രീവിരുദ്ധ നിലപാട ് സ്വീകരിച്ച അമ്മ സംഘടനയുടെ തലപ്പത്തിരിക്കുന്ന നടൻ മുകേഷിനെ സംസ്ഥാന ചലച്ചിത്ര പുരസ്കാര ദാനച്ചടങ്ങിന്റെ സ്വാഗതസംഘം ചെയർമാൻ സ്ഥാനത്തുനിന്നു മാറ്റണമെന്നു സംവിധായകൻ ടി. ദീപേഷ് പ്രതികരിച്ചു. മുകേഷ് സ്വാഗത സംഘം ചെയർമാനായ ചടങ്ങിൽ വച്ച് സംസ്ഥാന ചലച്ചിത്ര പുരസ്കാരം സ്വീകരിക്കുന്നതിൽ  മാനസിക പ്രയാസമുണ്ടെന്നു കാണിച്ചു ദീപേഷ് സാംസ്കാരിക മന്ത്രിക്കു കത്തയച്ചു. 

2017 ലെ കുട്ടികളുടെ മികച്ച ചിത്രത്തിനുള്ള അവാർഡ് നേടിയ ‘സ്വനം’ സിനിമയുടെ സംവിധായകനാണു ടി. ദീപേഷ്. കണ്ണൂരിലെ സിപിഎം  കുടുംബത്തിൽനിന്നുള്ള സംവിധായകനാണു  സിപിഎം സഹയാത്രികനായ എംഎൽഎയ്ക്കെതിരെ രംഗത്തു വന്നിരിക്കുന്നതെന്നതാണു ശ്രദ്ധേയം.  

ദീപേഷ് സാംസ്കാരിക  മന്ത്രിക്ക് അയച്ച കത്തിൽനിന്ന്:  

2017 ലെ സംസ്ഥാന ചലച്ചിത്ര പുരസ്കാരം കൈമാറുന്നത് ഈ വർഷം കൊല്ലത്തു വച്ചാണെന്നും മുകേഷാണു സ്വാഗത സംഘം ചെയർമാനെന്നും അറിയാൻ കഴിഞ്ഞു. തികച്ചും ജനാധിപത്യ വിരുദ്ധവും സ്ത്രീവിരുദ്ധവുമായ നിലപാട് സ്വീകരിച്ച അമ്മ എന്ന സംഘടനയുടെ തലപ്പത്ത് ഇരിക്കുന്ന മുകേഷിന്റെ സ്വാഗതത്തിൽ, ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ചുള്ള അവാർഡ് സമ്മാനിക്കുന്നത് ഇടതുപക്ഷ മുന്നണിയും സർക്കാരും മുന്നോട്ടു വച്ചിട്ടുള്ള സ്ത്രീപക്ഷ നിലപാടിനു വിരുദ്ധമാണ്. ഇതു പൊതു സമൂഹത്തിനു മുൻപിൽ തെറ്റായ സന്ദേശം എത്തിക്കും. ഈ പരിപാടിയിൽ  പങ്കെടുത്ത് അവാർഡ് വാങ്ങേണ്ട ആൾ എന്ന നിലയിൽ വളരെ മാനസിക പ്രയാസമുണ്ട്. കഴിഞ്ഞ വർഷം തലശ്ശേരിയിൽ സംഘടിപ്പിച്ച അവാർഡ് ദാന പരിപാടിയിൽ ‘അവൾക്കൊപ്പം’ എന്നതായിരുന്നു പ്രധാന വിഷയം. മുകേഷിനെ മാറ്റി നിർത്തി ഇടതുപക്ഷത്തിന്റെ പ്രഖ്യാപിത നിലപാട് ഉയർത്തിപ്പിടിക്കണമെന്ന്  അഭ്യർഥിക്കുന്നു.