Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘മന്ദബുദ്ധിയോ അതോ അങ്ങനെ നടിക്കുന്നതോ’: ഊർമ്മിള ഉണ്ണിക്കെതിരെ തുറന്നടിച്ച് ഭാഗ്യലക്ഷ്മി

urmila-bhagyalakshmi

അമ്മയുടെ യോഗത്തില്‍ തുടങ്ങിയ വിവാദങ്ങളില്‍ ഇടപെട്ട് എഴുത്തുകാരിയും ഡബിങ് കലാകാരിയും അഭിനേത്രിയുമായ ഭാഗ്യലക്ഷ്മിയും. സംഘടനയില്‍ ദിലീപിനെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ടതിന് പിന്നാലെ ആക്രമിക്കപ്പെട്ട നടിയെ അടക്കം അപഹസിച്ച ഊര്‍മിള ഉണ്ണിക്കെതിരെ രൂക്ഷ വിമര്‍ശനങ്ങളുമായി ഭാഗ്യലക്ഷ്മി രംഗത്തെത്തി. ദിലീപിനെ തിരിച്ചെടുക്കണമെന്ന് പറയാനുള്ള ധൈര്യം കാണിച്ചുവെന്ന് പറഞ്ഞത് കൊണ്ടോ മാധ്യമങ്ങളുടെ മുന്‍പിൽ നിന്ന് അങ്ങനെയൊരു കുറ്റകൃത്യം നടന്നിട്ടുണ്ടോ എന്ന് പരിഹസിച്ചത് കൊണ്ടോ ദിലീപ് ഊർമ്മിളയുടെ മകളെ നായികയാക്കുമെന്ന് കരുതേണ്ടന്ന് ഭാഗ്യലക്ഷ്മി പരിഹസിച്ചു. 

‘അങ്ങനെ കരുതിയെങ്കിൽ ഊര്‍മിള ഉണ്ണിക്ക് തെറ്റി. അമ്മയിലെ ജനറൽ ബോഡി യോഗത്തിൽ ഊർമ്മിള ഉണ്ണിയുടെ ചോദ്യത്തിൽ ആണ് ഇപ്പോൾ നടക്കുന്ന എല്ലാ വിഷയങ്ങളുടേയും തുടക്കം. ആദ്യം എല്ലാവരും കരുതി ആരോ ഏയ്തുവിട്ട അമ്പ് മാത്രമാണ് ഊർമ്മിള ഉണ്ണി എന്ന്. ഏറ്റവും ഒടുവിൽ മാധ്യമങ്ങൾക്ക് മുമ്പിലെ ഊർമ്മിളയുടെ കൊഞ്ചിക്കുഴഞ്ഞുളള പ്രസ്താവനകൾ കേട്ടപ്പോൾ നമുക്ക് മനസ്സിലായി ഇത് ആരും ഏയ്തു വിട്ട അമ്പല്ല, ഇവരിങ്ങനെയാണെന്ന്’.– ഭാഗ്യലക്ഷ്മി മനോരമ ന്യൂസ് ഡോട്ട്കോമിനോട് പറഞ്ഞു.

‘അവർ തന്നെ മാധ്യമങ്ങളോട് പറയുന്നു, ഞാനൊരു മന്ദബുദ്ധിയാണെന്ന് നിങ്ങൾ കരുതിക്കോളൂ എന്ന്. അത് ഞങ്ങൾക്കും തോന്നി. മന്ദബുദ്ധിയാണോ അതോ മന്ദബുദ്ധിയാണെന്ന് അഭിനയിക്കുകയാണോ എന്നും തോന്നി.’

‘ദീപാ നിശാന്തും വിധു വിൻസന്റും ഞാനും ഒന്നിച്ചിരുന്ന വേദിയിൽ വിധു പ്രസംഗിക്കുമ്പോൾ പറഞ്ഞു ദീപ ഊർമ്മിളയുളള ചടങ്ങ് ബഹിഷ്ക്കരിക്കരുതായിരുന്നു എന്ന്. വിധുവിന് ഇപ്പോൾ തോന്നുന്നുണ്ടാവാം ദീപാ നിശാന്തിന്റെ തീരുമാനം ശരിയായിരുന്നു എന്ന്. അഭിമാനമുളള ഒരു സ്ത്രീയും നിങ്ങളോടൊത്ത് വേദിയെന്നല്ല സൗഹൃദം പോലും ആഗ്രഹിക്കില്ല.’

‘നാലഞ്ച് പേർ ചേർന്ന് തന്നെ ആക്രമിച്ചു എന്ന് ഒരു പെണ്ണും തമാശക്ക് പോലും പറയില്ല എന്ന് ചിന്തിക്കാൻ ഊർമ്മിളക്കാവില്ല, കാരണം അത്തരം സംഭവങ്ങൾ നിങ്ങൾക്കൊരു വിഷയമല്ലായിരിക്കാം. അല്ലെങ്കിൽ നിങ്ങളുടെ ലക്ഷ്യത്തിലെത്താനുളള ഒരു മാർഗ്ഗത്തിന് വേണ്ടി നിങ്ങൾ മന്ദബുദ്ധിയാണെന്ന്  അഭിനയിക്കുന്നതാവാം. എന്തിനാണ് ഊർമ്മിള ഉണ്ണി ഇങ്ങനെ പരിഹാസ്യയാവുന്നത്. നിങ്ങൾ മന്ദബുദ്ധിയാണെന്ന് നിങ്ങൾക്ക് ഉത്തമ ബോധ്യമുണ്ടെങ്കിൽ മിണ്ടാതിരിക്കൂ. ഒരു സ്ത്രീയെ സമൂഹ മാധ്യമങ്ങളിൽ പരിഹസിച്ച് വലിച്ച് കീറുമ്പോൾ അവിടെ അപമാനിക്കപ്പെടുന്നത് സ്ത്രീ സമൂഹമാണ്– ഭാഗ്യലക്ഷ്മി ഓര്‍മിപ്പിക്കുന്നു.’

‘നിങ്ങളുടെ മകൾകൂടി വരും ആ കൂട്ടത്തിൽ. ഒരു അമ്മയും ഒരു സ്ത്രീയും ചോദിക്കില്ല നടിക്കങ്ങനെയൊരു സംഭവം നടന്നിട്ടുണ്ടോ എന്ന്. നിങ്ങൾക്കാരെയെങ്കിലും സംരക്ഷിക്കണമെന്നുണ്ടെങ്കിൽ അതായിക്കോളൂ. പക്ഷെ പെണ്ണിനെ പെണ്ണു തന്നെ അപമാനിക്കരുത്. നാളെ നിങ്ങൾക്കോ നിങ്ങളുടെ മകൾക്കോ ഇത്തരമൊരു അനുഭവം വരാതിരിക്കട്ടെ. വന്നാലും പുറത്ത് പറയില്ലാ എന്നാണ് ഉത്തരമെങ്കിൽ പിന്നെ ഒന്നും പറയാനില്ല.മാധ്യമങ്ങൾക്ക് മുമ്പിലെ ആ പ്രകടനം ഗംഭീരായിരുന്നുവെന്നും നവ രസങ്ങളും ആ മുഖത്ത് നൃത്തമാടുന്നുണ്ടായിരുന്നുവെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.

പ്രത്യേകിച്ച് ശൃംഗാരം. പെണ്ണിനെ ആക്രമിച്ച സംഭവത്തെക്കുറിച്ച് ചോദിക്കുമ്പോൾ ഓണത്തേക്കുറിച്ച് ചോദിച്ചൂടേ, സദ്യയെക്കുറിച്ച് ചോദിച്ചൂടെ എന്ന് ചിരിച്ചുകൊണ്ട് ചോദിക്കാൻ എങ്ങനെ സാധിക്കുന്നു നിങ്ങൾക്കെന്നും ഊര്‍മിള ഉണ്ണിയോട് ഭാഗ്യലക്ഷ്മി ചോദിക്കുന്നു. 

ജീവിതാനുഭവമാണ് ഇങ്ങനെ ലാഘവത്തോടെ പ്രതികരിക്കാനുളള കാരണം എന്ന് പറഞ്ഞു നിങ്ങൾ. ജീവിതാനുഭവമുളള ഒരു പെണ്ണും ഇത്തരം വിഷയം ലാഘവത്തോടെ കാണില്ല. ലൈംഗിക ആക്രമണത്തെ ഇത്രയും ലാഘവത്തോടെ കാണാൻ എന്ത് ജീവിതാനുഭവമാണാവോ ഊർമ്മിള അനുഭവിച്ചത്– ഭാഗ്യലക്ഷ്മി പറഞ്ഞുനിര്‍ത്തി.