Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ധർമജന്റെ ഫിഷ് ഹബ്ബ്; ഉദ്ഘാടനത്തിന് വൻതാര നിര

dharmajan-fishhub

വെള്ളിത്തിരയ്ക്ക് പുറത്ത് മത്സ്യക്കച്ചവടക്കാരന്റെ റോളില്‍ ധര്‍മജന്‍ ബോള്‍ഗാട്ടി. കൊച്ചിക്കാര്‍ക്ക് വിഷം തീണ്ടാത്ത മീന്‍ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ധര്‍മജനും കൂട്ടുകാരും ഫിഷ് ഹബ്ബുമായി എത്തുന്നത്. 

ധര്‍മജന്‍സ് ഫിഷ് ഹബ്ബിന്റെ ആദ്യ വില്‍പനകേന്ദ്രം ജൂലൈ അഞ്ചിന് കൊച്ചി അയ്യപ്പന്‍കാവിന് സമീപം പ്രവര്‍ത്തനം തുടങ്ങും. ധര്‍മ്മൂസ് ഫിഷ് ഹബ്ബ് എന്ന് പേരിട്ട കട നടന്‍ കുഞ്ചാക്കോ ബോബന്‍ ഉദ്ഘാടനം ചെയ്യും. ചാക്കോച്ചന് പുറമെ സിനിമാ–സീരിയൽ രംഗത്തെ നിരവധി താരങ്ങൾ ഉദ്ഘാടന ചടങ്ങിന് എത്തും.

സലിം കുമാർ, കലാഭവൻ ഷാജോണ്‍, ഗിന്നസ് പക്രു, പാഷാണം ഷാജി, ദേവി ചന്ദന, സുബി സുരേഷ്, വിഷ്ണു ഉണ്ണികൃഷ്ണൻ, ബിബിൻ, നടി മാനസ എന്നിവരാണ് എത്തുന്നത്.

സംരംഭത്തെക്കുറിച്ച് ധർമജന്റെ വാക്കുകൾ–സുഹൃത്തേ, ദൈവാനുഗ്രഹത്താല്‍ ഒരു ഫിഷ്‌ ഹബ് തുടങ്ങുകയാണ് കായൽ മീനും കടൽ മീനും ഏറ്റവും ഇഷ്ടപ്പെടുന്ന നമ്മൾ കൊച്ചിക്കാർക്ക് വേണ്ടി അയ്യപ്പൻകോവിൽ ചന്ദ്രോത്ത് ബിൽഡിങിൽ ഈ വരുന്ന 5 ന് വ്യാഴാഴ്ച കൃത്യം 12 മണിക്ക് "ധർമ്മൂസ് ഫിഷ് ഹബ് " തുടക്കം കുറിക്കുകയാണ്.....ഇതുവരെ നിങ്ങൾ എനിക്ക് നല്‍കിയ എല്ലാ സ്നേഹവും സഹകരണവും എനിക്കൊപ്പമുണ്ടാവുമെന്ന് വിശ്വസിക്കുന്നു.

ഞാൻ മാത്രമല്ല എനിക്കൊപ്പം നിങ്ങളുടെ പ്രിയപ്പെട്ടവരായ കുഞ്ചാക്കോ ബോബൻ ഉൾപ്പെടെ സിനിമാ രംഗത്തെ ഒരുപാട് നടീ നടന്മാരും എത്തുന്നുണ്ട്....അവർക്കൊപ്പം നിങ്ങളുമുണ്ടാവണം.... അപ്പൊ ജൂലൈ 5 ന് കാണാം. ധർമ്മൂസ് ഫിഷ് ഹബ് മൊബെൽ ഫോൺ വഴിയും ഓർഡർ ചെയ്യാം..

വിശ്വാസപൂർവ്വം. ടീം ധർമൂസ് ഫിഷ് ഹബ്

കൊച്ചി കായലില്‍ മീന്‍ പിടിച്ചു വളര്‍ന്ന ധര്‍മ്മജന്‍ ബോള്‍ഗാട്ടിക്ക് എപ്പോഴും താല്‍പര്യം മീന്‍ വിഭവങ്ങള്‍ തന്നെ. ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള വിഷം തീണ്ടിയ വലിയ മീനുകളാണ് വില്‍പനശാലകളില്‍ ഏറേയും എത്തുന്നത്. ഇതിനിടെ കൊച്ചിക്കാര്‍ക്ക് നല്ല പിടയ്ക്കുന്ന കായല്‍മീനുകള്‍ എത്തിച്ചുനല്‍കുകയെന്ന ലക്ഷ്യത്തോടെയാണ് ധർമജനും കൂട്ടുകാരും ഫിഷ് ഹബ്ബ് ശൃംഖലയുമായി എത്തുന്നത്. 

ചെമ്മീന്‍ കെട്ടിലും കൂട് കൃഷിയിലും വളര്‍ത്തുന്ന മത്സ്യങ്ങള്‍ക്ക് പുറമേ പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍, വീശ് വലകള്‍ ഉപയോഗിക്കുന്നവര്‍ എന്നിവരില്‍ നിന്നെല്ലാം മീന്‍ ശേഖരിച്ച് വില്‍പനയ്ക്കെത്തിക്കും. ചെറുമീനുകള്‍ വൃത്തിയാക്കി ഒാര്‍ഡര്‍ അനുസരിച്ച് വീടുകളിലും ഫ്ലാറ്റുകളിലുമെത്തിച്ചും നല്‍കും.

ധര്‍മ്മജന്റെ ഉറ്റസുഹൃത്തുക്കള്‍ കൂടിയായ 11 പേരുമായി ചേര്‍ന്നാണ് ഫിഷ് ഹബ്ബ് യാഥാര്‍ഥ്യമാക്കുന്നത്. കൊച്ചിയില്‍ ഉടനീളം വൈകാതെ ശൃംഖലകള്‍ വ്യാപിപ്പിക്കാനാണ് ഇവരുടെ ശ്രമവും.